സി.പി.എം ജില്ലാകമ്മിറ്റി ഓഫീസ് ആക്രമണം: മൂന്ന് എ.ബി.വി.പി പ്രവർത്തകർ കസ്റ്റഡിയിൽ
മൂന്ന് പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ്
തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തിൽ മൂന്ന് എ.ബി.വി.പി പ്രവർത്തകർ കസ്റ്റഡിയിൽ. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് സ്വകാര്യ ആശുപത്രിയിൽ നിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ലാൽ, സതീർത്ഥ്യൻ, ഹരിശങ്കർ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇനിയും മൂന്ന് പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ തിരിച്ചറിയാൻ കാരണമായത്. വഞ്ചിയൂരിൽ സംഘർഷമുണ്ടാക്കിയ സംഘമാണ് ആക്രമണം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. പ്രതികൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇവിടെനിന്ന് രാത്രി ഒന്നേകാലോടെയാണ് പ്രതികൾ പുറത്ത് പോയി ആക്രമണം നടത്തിയത്. ഇന്നലെ പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ തടഞ്ഞിരുന്നു. തുടർന്നാണ് ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തത്.
എ.ബി.വി.പി സംസ്ഥാന കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തതിനുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. വഞ്ചിയൂരിൽ സംഘർഷം ഉണ്ടായതിനു ശേഷം പ്രതികൾ ഉൾപ്പെട്ട സംഘം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെനിന്ന് രാത്രി ഒന്നേകാലോടെയാണ് പ്രതികൾ പുറത്ത് പോയി ആക്രമണം നടത്തിയത്. എന്നാൽ ആശുപത്രിയിൽ നിന്നും പ്രതികൾ പുറത്തു പോകുന്നതിന്റെയും തിരികെയെത്തുന്നതിന്റെയും ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത് നിർണായകമായി.
Adjust Story Font
16