കോവിഡ് പടരുമ്പോഴും മാറ്റമില്ലാതെ സിപിഎം ജില്ലാ സമ്മേളനങ്ങൾ
കാസർകോട്, തൃശൂർ ജില്ലാ സമ്മേളനങ്ങൾക്കാണ് ഇന്ന് തുടക്കമാകുന്നത്.
സംസ്ഥാനത്ത് കോവിഡ് വ്യാപകമായി പടരുന്ന സാഹര്യത്തിൽ സംസ്ഥാന സർക്കാർ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നെങ്കിലും സിപിഎം ജില്ലാ സമ്മേളനങ്ങൾ മാറ്റമില്ലാതെ തുടരുന്നു. കാസർകോട്, തൃശൂർ ജില്ലാ സമ്മേളനങ്ങൾക്കാണ് ഇന്ന് തുടക്കമാകുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുസമ്മേളനങ്ങൾ ഒഴിവാക്കിയിട്ടുണ്ടെങ്കിലും 200 ഓളം ആളുകൾ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം ഇരു ജില്ലാ സമ്മേളനങ്ങളിലും നടക്കും. രാഷ്ട്രീയ പരിപാടികൾക്ക് പരമാവധി 50 പേരെയാണ് അനുവദിച്ചിരിക്കുന്നത് എന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പാർട്ടി തന്നെ ഇത്തരത്തിൽ സമ്മേളനങ്ങളുമായി മുന്നോട്ട് പോകുന്നത്. മടിക്കൈയിൽ നടക്കുന്ന കാസർകോട് ജില്ലാ സമ്മേളനത്തിന് വേണ്ടി ജില്ലയിൽ നിലവിലുണ്ടായിരുന്ന പൊതുപരിപാടികൾക്കുള്ള വിലക്ക് കലക്ടർ പിൻവലിച്ചത് വിവാദമായിരുന്നു.
പൊതുപരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തി ഇന്നലെ വൈകീട്ട് ജില്ലാ കലക്ടർ ഉത്തരവ് ഇറക്കിയിരുന്നു. നേരത്തെ നിശ്ചയിച്ച മുഴുവൻ പൊതുപരിപാടികളും നിർത്തിവെക്കാനായിരുന്നു ഉത്തരവ്. രണ്ട് മണിക്കൂറിനകം ഉത്തരവ് കലക്ടർ പിൻവലിക്കുകയും ചെയ്തു. പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ളയാണ് കാസർകോട് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. സമ്മേളനത്തിൽ 185 പ്രതിനിധികൾ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ മാസ്റ്റർ പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം, സാംസ്‌കാരിക സമ്മേളനം, രക്തസാക്ഷി കുടുംബ സംഗമം, എന്നിവ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായി ഒഴിവാക്കിയിട്ടുണ്ട്.
സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിൽ പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. എം.എം വർഗീസ് തന്നെ ജില്ലാ സെക്രട്ടറിയായി തുടരുമെന്നാണ് സൂചന.
ഇന്ന് മുതൽ മൂന്ന് ദിവസത്തേക്കാണ് സമ്മേളനം. തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ 16 ഏരിയ കമ്മിറ്റികളിൽ നിന്നുള്ളവരാണ് പ്രതിനിധികൾ. ജില്ല സെക്രട്ടറി, ജില്ല സെക്രട്ടേറിയേറ്റ്, ജില്ല കമ്മിറ്റി അംഗങ്ങൾ എന്നിവരെയും തെരഞ്ഞെടുക്കും. കരുവന്നൂർ ബാങ്ക് തട്ടിപ്പ്, കുന്നംകുളം മേഖലയിലെ വിഭാഗിയത തുടങ്ങിയ ജില്ലയിലെ വിഷയങ്ങളും സർക്കാരിന്റെ പ്രവർത്തനമടക്കമുള്ള കാര്യങ്ങളും ചർച്ചക്ക് വരും. 16 ജില്ലാ കമ്മിറ്റികളും ഔദ്യോഗിക പക്ഷത്തുള്ളവരായതിനാൽ ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ പേരുകൾ ഉയർന്നു വരാനിടയില്ല. നിലവിലെ സെക്രട്ടറി എം.എം വർഗീസ് തുടരനാണ് സാധ്യത. 23 ന് ഉച്ചക്ക് ശേഷം വെർച്വൽ ആയി നടക്കുന്ന പൊതുസമ്മേളനം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രകടനം, പൊതു സമ്മേളനം എന്നിവ ഒഴിവാക്കി എന്ന് പറയുമ്പോഴും കോവിഡ് വ്യാപനം രൂക്ഷമായ തൃശൂരിൽ 175 പേരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന പ്രതിനിധി സമ്മേളനത്തിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.
Adjust Story Font
16