കണ്ണൂരിലെ സിപിഎം പാർട്ടി ഫണ്ട് വിവാദം ചർച്ച ചെയ്യാൻ ഇന്ന് ജില്ലാ നേതൃയോഗം; കോടിയേരി അടക്കമുള്ള നേതാക്കൾ പങ്കെടുക്കും
നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട്, ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ട്, ധനരാജ് രക്തസാക്ഷി ഫണ്ട് എന്നിവ കൈകാര്യം ചെയ്യുന്നതിൽ പയ്യന്നൂരിലെ നേതാക്കൾക്ക് വീഴ്ച പറ്റിയെന്നാണ് ആരോപണം.
കണ്ണൂർ: പയ്യന്നൂരിലെ സിപിഎം പാർട്ടി ഫണ്ട് വിവാദം ചർച്ച ചെയ്യാൻ ഇന്ന് ജില്ലാ നേതൃയോഗം ചേരും. ആരോപണത്തിൽ ടി.ഐ മധുസൂദനൻ എംഎൽഎ അടക്കം ആറുപേർക്ക് പാർട്ടി നോട്ടീസ് നൽകിയിരുന്നു. നേതാക്കളുടെ വിശദീകരണം യോഗം പരിശോധിക്കും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് യോഗം.
നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട്, ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ട്, ധനരാജ് രക്തസാക്ഷി ഫണ്ട് എന്നിവ കൈകാര്യം ചെയ്യുന്നതിൽ പയ്യന്നൂരിലെ നേതാക്കൾക്ക് വീഴ്ച പറ്റിയെന്നാണ് ആരോപണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ നേതൃത്വം രണ്ട് അംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ഫണ്ട് വിനിയോഗത്തിൽ ഒരു കോടിയോളം രൂപയുടെ ക്രമക്കേട് ഉണ്ടായെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ. പിന്നാലെയാണ് സംഭവത്തിൽ പയ്യന്നൂർ എംഎൽഎ ടി.ഐ മധുസൂദനൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി. വിശ്വനാഥൻ, കെ.കെ ഗംഗധരൻ, മുൻ ഏരിയ സെക്രട്ടറി കെ.പി മധു, ഓഫീസ് സെക്രട്ടറി കരുണാകരൻ, ഫ്രാക്ഷൻ അംഗം സജീവ് എന്നിവരിൽ നിന്നും വിശദീകരണം തേടാൻ ജില്ലാ നേതൃത്വം തീരുമാനിച്ചത്. ഈ വിശദീകരണം ഇന്ന് ചേരുന്ന ജില്ലാ നേതൃയോഗം ചർച്ച ചെയ്യും.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി ജയരാജൻ, പി.കെ ശ്രീമതി, എം.വി ഗോവിന്ദൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മറുപടി തൃപ്തികരമല്ലങ്കിൽ നേതാക്കൾക്ക് എതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. ഫണ്ട് ക്രമക്കേടിൽ നേതാക്കളുടെ ഭാഗത്ത് വീഴ്ച സംഭവിച്ചോ എന്ന ചോദ്യത്തിന് പാർട്ടിയുടെ എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് വെളിപ്പെടുത്തില്ലെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ മറുപടി.അതേസമയം സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണത്തിൽ എംഎൽഎ അടക്കമുള്ളവർക്കെതിരെ പരസ്യ നടപടി സ്വീകരിക്കുന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കുമെന്ന അഭിപ്രായവും ഒരു വിഭാഗം നേതാക്കൾക്കുണ്ട്.
Adjust Story Font
16