'കുരിശ് സ്ഥാപിച്ചിട്ടും റവന്യൂ ഉദ്യോഗസ്ഥർ അറിഞ്ഞ മട്ട് നടിച്ചില്ല'; പരുന്തുംപാറയിലെ കയ്യേറ്റത്തിൽ രൂക്ഷ വിമർശനവുമായി സിപിഎം ജില്ലാ നേതൃത്വം
'ജില്ലയിലെ ഭൂപ്രശ്നങ്ങൾ സങ്കീർണ്ണമാക്കുന്നത് കപട പരിസ്ഥിതിവാദികളും ഉദ്യോഗസ്ഥരുമാണ്'

ഇടുക്കി: പരുന്തുംപാറയിലെ കയ്യേറ്റത്തിൽ റവന്യൂ വകുപ്പിനെ രൂക്ഷമായി വിമർശിച്ച് സിപിഎം ഇടുക്കി ജില്ലാ നേതൃത്വം. ജില്ലയിലെ ഭൂപ്രശ്നങ്ങൾ സങ്കീർണ്ണമാക്കുന്നത് കപട പരിസ്ഥിതിവാദികളും ഉദ്യോഗസ്ഥരുമാണ്.ജനങ്ങളെ ഭീതിയിലാക്കുന്ന നിലപാടാണ് ജില്ലാഭരണകൂടം സ്വീകരിച്ചതെന്നും ജില്ല സെക്രട്ടറി സി.വി വർഗീസ് പറഞ്ഞു.കയ്യേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ചിട്ടും ഉദ്യോഗസ്ഥർ അറിഞ്ഞ മട്ട് നടിച്ചില്ലെന്നും സി.വി വർഗീസ് കുറ്റപ്പെടുത്തി.
മൂന്നാറിനും വാഗമണ്ണിനും പുറമെ പരുന്തുംപാറയിലും വ്യാപക കയ്യേറ്റമുണ്ടെന്നും പീരുമേട് മഞ്ചുമല വില്ലേജുകളിൽ സർവേ നമ്പർ മാറി പട്ടയം നൽകിയിട്ടുണ്ടെന്നുമായിരുന്നു ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട്. പിന്നാലെയാണ് മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് റവന്യൂ വകുപ്പ് നടപടികൾ കടുപ്പിച്ചത്. ജില്ലാകലക്ടറുടെ സ്റ്റോപ്പ് മെമ്മോ മറികടന്ന് ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫ് റിസോർട്ടിനോട് ചേർന്ന് നിർമിച്ച കുരിശ് പൊളിച്ച് നീക്കിയെങ്കിലും നിർമാണം ഉദ്യോഗസ്ഥരുടെ അറിവോടെയെന്നാണ് സിപിഎം വിമർശനം. വൻകിടക്കാർക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണ് ജില്ലയിലെന്നും കയ്യേറ്റമൊഴിപ്പിക്കുന്നതിൻ്റെ മറവിൽ സാധാരണക്കാരെ കുടിയിറക്കാൻ അനുവദിക്കില്ലെന്നുമാണ് സിപിഎം ജില്ലാ നേതൃത്വത്തിൻ്റെ നിലപാട്.
ജില്ലയിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് തൻ്റെ പേരിലുയർന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളുണ്ടേൽ നടപടി എടുക്കട്ടെയെന്നുമായിരുന്നു സി.വി വർഗീസിൻ്റെ പ്രതികരണം. റവന്യൂ വകുപ്പിൻ്റെ പരിശോധനകൾക്കിടെ പരുന്തുംപാറയിലെ കയ്യേറ്റപ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് സിപിഎം നീക്കം.
Adjust Story Font
16