കൊഴിഞ്ഞാമ്പാറയിലെ വിമതർക്കെതിരെ നടപടിയെടുത്തില്ലെന്നാരോപണം; സിപിഎം ജില്ലാ സെക്രട്ടറിക്ക് വിമർശനം
വിമതര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും സമ്മേളനത്തിൽ ആവശ്യം ഉയർന്നു
പാലക്കാട്: കൊഴിഞ്ഞാമ്പാറയിലെ വിമതർക്കെതിരെ നടപടി എടുക്കാത്തതിൽ സിപിഎം ജില്ലാ സെക്രട്ടറിക്ക് വിമർശനം. ചിറ്റൂർ ഏരിയാ സമ്മേളനത്തിലാണ് അംഗങ്ങൾ വിമർശനമുന്നയിച്ചത്. വിമതര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും സമ്മേളനത്തിൽ ആവശ്യം ഉയർന്നു.
കൊഴിഞ്ഞാമ്പാറയിലെ സിപിഎം വിമതർ ഔദ്യോഗിക നേതൃത്വത്തിനെതിരെ നടത്തിയ പ്രവർത്തനങ്ങൾ പാർട്ടിയെ പ്രതിരോധത്തിൽ ആക്കിയതായാണ് ചിറ്റൂർ ഏരിയാ സമ്മേളനത്തിലെ പ്രതിനിധികളുടെ വിലയിരുത്തൽ. വിഭാഗീയ പ്രവർത്തനങ്ങൾക്കെതിരെ ആദ്യഘട്ടത്തിൽ നടപടി എടുത്തിരുന്നെങ്കിൽ വിഷയം ഇത്ര വലുതാകില്ലായിരുന്നു എന്ന് ഏരിയ കമ്മിറ്റി അംഗങ്ങൾ പറയുന്നു. ഇവർക്കെതിരെ ഇനിയും നടപടി എടുക്കാത്തതിനാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെതിരെ വിമർശനം ഉയർന്നത്.
ഔദ്യോഗിക നേതൃത്വം നടത്തുന്ന സമ്മേളനങ്ങൾക്ക് സമാന്തരമായി സമ്മേളനങ്ങൾ നടത്തുന്നതു മുതൽ, സമാന്തര സിപിഎം ഓഫീസ് തുടങ്ങുന്നതിലേക്ക് വരെ വിമതരുടെ നടപടികൾ നീണ്ടു. അതേസമയം, ഇവർക്കെതിരെ ഉടൻ നടപടി ഉണ്ടാകുമെന്ന് നേതാക്കൾ ഉറപ്പു നൽകിയതായാണ് സൂചന.
ഇതിനിടെ ഭിന്നതയെ തുടർന്ന് ഏരിയാ സമ്മേളനത്തിൽ നിന്നും വിട്ടുനിന്ന ഏരിയ കമ്മിറ്റി അംഗങ്ങളായ എം. സതീഷിനും, വി. ശാന്തകുമാറിനും സ്ഥാനം നഷ്ടമാകും. തങ്ങളെ ഏരിയ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കിയെന്നും, ഏരിയ കമ്മിറ്റിയുടെ ഒരു അറിയിപ്പും ലഭിക്കാത്തതിനെ തുടർന്നാണ് സമ്മേളനത്തിൽ നിന്നു വിട്ടുനിന്നതെന്നും സതീഷ് പറയുന്നു. ചിറ്റൂരിൽ നടന്ന ഏരിയ സമ്മേളനത്തിൽ 160 പ്രതിനിധികളാണ് പങ്കെടുത്തത്.
Adjust Story Font
16