'അൻവറിൻ്റെ പരാതി സിപിഎം പരിശോധിച്ചു, തെറ്റ് ആര് ചെയ്താലും പാർട്ടി ശക്തമായി ഇടപെടും': എം.വി ഗോവിന്ദൻ
'പ്രതിപക്ഷം വസ്തുതയല്ല അന്വേഷിക്കുന്നത്'
കണ്ണൂർ: പി.വി അൻവർ എംഎൽഎയുടെ പരാതി പാർട്ടി പരിശോധിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തെറ്റ് ആര് ചെയ്താലും പാർട്ടി ശക്തമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം അന്വേഷിക്കുന്നത് വസ്തുതയല്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
'അൻവറിന്റെ പരാതി ചർച്ച ചെയ്തു. അൻവർ ഉന്നയിച്ചത് ഭരണത്തിലെ ഉദ്യോഗസ്ഥരുടെ വീഴ്ചകളാണ്, അത് ഭരണ തലത്തിൽ തന്നെ പരിശോധിക്കും. ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനാണ് തലപ്പത്തുള്ളത്. മറ്റ് ഉദ്യോഗസ്ഥർ ഡിജിപിയെ സഹായിക്കാനുള്ളവരാണ്. അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കും. റിപ്പോർട്ടിൽ പാർട്ടി പരിശോധിക്കേണ്ട വല്ലതുമുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കും.
പാർട്ടിയേയും സർക്കാരിനേയും പ്രതിസന്ധിയിൽ ആക്കുന്നതിനുള്ള ഗവേഷണമാണ് ഇപ്പോൾ നടക്കുന്നത്. പരിസ്ഥിതിയെ തകർക്കുന്ന ബിസിനസ് നടത്തുന്ന ഏറ്റവും പിന്തിരിപ്പനായ റിയൽ എസ്റ്റേറ്റ് മാഫിയയാണ് അൻവർ എന്നാണ് മാധ്യമങ്ങൾ പണ്ട് പറഞ്ഞത്. ഇടതുപക്ഷത്തിൻ്റെ ഭാഗമായതുകൊണ്ടാണ് അൻവറിനെ അന്ന് എതിർത്തത്. പൊലീസിനെ ആക്രമിക്കുമെന്ന് പറഞ്ഞ സുധാകരന്റെ പ്രസ്താവനയെ എതിർക്കാത്തത് എന്തുകൊണ്ടാണ് ?' ഗോവിന്ദൻ ചോദിച്ചു.
ആർഎസ്എസ് നേതാവുമായിട്ടുള്ള എഡിജിപിയുടെ കൂടിക്കാഴ്ച കള്ളക്കഥയാണ്. ആർഎസ്എസുമായി ഒരു ലിങ്കും ഉണ്ടാക്കേണ്ട കാര്യമില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
'പി. ശശിക്കെതിരെ അൻവർ പരാതി നൽകിയിട്ടില്ല, അതിനാൽ നിലവിൽ അന്വേഷണവുമില്ല. പൊലീസ് അന്വേഷണത്തിൽ എന്തെങ്കിലും ശശിക്കെതിരെ കണ്ടെത്തിയാൽ പാർട്ടി പരിശോധിക്കും. അൻവർ ഇങ്ങനെയായിരുന്നില്ല പരാതി ഉന്നയിക്കേണ്ടിയിരുന്നതെന്നും എഡിജിപി അജിത് കുമാറിനെ മാറ്റില്ലെന്നും' ഗോവിന്ദൻ പറഞ്ഞു.
Adjust Story Font
16