പേരാവൂരില്‍ സി.പി.എം ഹൗസിങ് സൊസൈറ്റി ചിട്ടി നടത്തിയത് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് റിപ്പോര്‍ട്ട്; ഭരണ സമിതിയെ തളളി സി.പി.എം ജില്ലാ നേതൃത്വം
നിക്ഷേപകര്‍ക്ക് തിരിച്ച് നല്‍കാനുളളത് രണ്ട് കോടി എഴുപത് ലക്ഷം രൂപയെന്നും സഹകരണ വകുപ്പിന്‍റെ പ്രാഥമിക കണ്ടെത്തല്‍
കണ്ണൂര്‍ പേരാവൂരില്‍ സി.പി.എം നിയന്ത്രണത്തിലുളള ഹൗസിങ് സൊസൈറ്റി ചിട്ടി നടത്തിയത് സഹകരണ വകുപ്പിന്‍റെ മാനദണ്ഡങ്ങള്‍ ലംഘിച്ചന്ന് റിപ്പോര്‍ട്ട്. നിക്ഷേപകര്‍ക്ക് തിരിച്ച് നല്‍കാനുളളത് രണ്ട് കോടി എഴുപത് ലക്ഷം രൂപയെന്നും സഹകരണ വകുപ്പിന്‍റെ പ്രാഥമിക കണ്ടെത്തല്‍. ക്രമക്കേടിൽ ഭരണ സമിതിയെ തളളി സി.പി.എം ജില്ലാ നേതൃത്വം രംഗത്തെത്തി. നിയമ പരമായും സംഘടനാ പരമായും നടപടി സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു .
രണ്ടായിരം രൂപ മാസ തവണയില്‍ 50 മാസം കൊണ്ട് അവസാനിക്കുന്ന രീതിയിലായിരുന്നു ചിട്ടി. എഴുന്നൂറോളം പേരാണ് ചിട്ടിയില്‍ചേര്‍ന്നത്. എന്നാല്‍ കാലാവധി പൂര്‍ത്തിയായിട്ടും നിക്ഷേപകര്‍ക്ക് പണം ലഭിച്ചില്ല. തുടര്‍ന്ന് ഇവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിഷയത്തില്‍ ഇടപെട്ട സി പി എം പ്രാദേശിക നേതൃത്വം സൊസൈറ്റി സെക്രട്ടറി പി വി ഹരിദാസിന്‍റെ ആസ്തികള്‍ ഈടായി നല്‍കാമെന്ന് നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കി. തുടര്‍ന്നാണ് പ്രതിഷേധം താത്കാലികമായി അവസാനിച്ചത്. എന്നാല്‍ തൊട്ട് പിന്നാലെ സെക്രട്ടറി ഒളിവില്‍ പോയി.
ഇതിനിടെ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ചിട്ടി നടത്തിയിരുന്നതെന്നും ഇതിനെതിരെ 2018 മുതല്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും മറുപടി പോലും ലഭിച്ചില്ലെന്നും സഹകരണ സംഘം അസി.രജിസ്ട്രാര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ചിട്ടി നടത്തിയ വകയില്‍ രണ്ട് കോടി എഴുപത് ലക്ഷം രൂപയുടെ ബാധ്യത ഉണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇതിനിടെ പാര്‍ട്ടി നിയന്ത്രണത്തിലുളള ഭരണ സമിതിയെ തളളി സി പി എം ജില്ലാ നേതൃത്വം രംഗത്തെത്തി.
സെക്രട്ടറിയെ കാണാതായതോടെ ഇയാളുടെ വീടിന് മുന്നില്‍ ഇന്ന് മുതല്‍ സമരം ആരംഭിക്കാനാണ് നിക്ഷേപകരുടെ തീരുമാനം.
Adjust Story Font
16