Quantcast

സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം നാളെ മുതൽ; വോട്ട് ചോർച്ചയും വിവാദ വിഷയങ്ങളും ചർച്ചയാകും

എം.വി ജയരാജൻ ഇത്തവണ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് സൂചന

MediaOne Logo

Web Desk

  • Published:

    31 Jan 2025 1:54 AM

സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം നാളെ മുതൽ; വോട്ട് ചോർച്ചയും വിവാദ വിഷയങ്ങളും ചർച്ചയാകും
X

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് നാളെ തളിപ്പറമ്പിൽ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവർ മൂന്നു ദിവസങ്ങളിലും സമ്മേളനത്തിൽ പങ്കെടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി, ബിജെപിയിലേക്കുള്ള വോട്ട് ചോർച്ച, എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി.പി ദിവ്യക്കെതിരെ ഉയർന്ന ആരോപണങ്ങൾ തുടങ്ങിയവ സമ്മേളനത്തിൽ സജീവ ചർച്ചയാകും. എം.വി ജയരാജൻ ഇത്തവണ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് സൂചന.

249 ലോക്കൽ കമ്മിറ്റികൾ, 4421 ബ്രാഞ്ചുകൾ, 66550 പാർട്ടി അംഗങ്ങൾ തുടങ്ങി ഇന്ത്യയിൽ ഏറ്റവും കൂടുതൽ അംഗങ്ങളും വർഗ്ഗ ബഹുജന സംഘടനാംഗങ്ങളുമുള്ള സിപിഎം ജില്ലാ ഘടകമാണ് കണ്ണൂർ. ആകെ അംഗങ്ങളിൽ 32.9 ശതമാനം സ്ത്രീകൾ. മൂന്നുവർഷം മുൻപത്തേക്കാൾ 174 ബ്രാഞ്ചുകളും ആറ് ലോക്കൽ കമ്മിറ്റികളും ഇത്തവണ കണ്ണൂരിൽ കൂടി. തളിപ്പറമ്പ് ഏരിയ കമ്മിറ്റി ഓഫീസിനോട് ചേർന്ന കെകെഎൻ പരിയാരം സ്മാരക ഹാളിലാണ് ഇത്തവണ പ്രതിനിധി സമ്മേളനം നടക്കുന്നത്. 18 ഏരിയ കമ്മിറ്റികളിൽ നിന്നായി 496 പ്രതിനിധികളും ക്ഷണിതാക്കളും സംസ്ഥാന കേന്ദ്ര കമ്മിറ്റി അംഗങ്ങളുമടക്കം 566 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുക. പ്രതിനിധി സമ്മേളനവും പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ജില്ലയിൽ ഉൾപ്പെടുന്ന മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലെ കനത്ത തോൽവിയും വോട്ടുചോർച്ചയും സമ്മേളനത്തിൽ പ്രധാന ചർച്ചയാകും. ശക്തി കേന്ദ്രങ്ങളിൽ നിന്ന് ബിജെപിയിലേക്കുള്ള അണികളുടെ കൊഴിഞ്ഞു പോക്ക്, പ്രാദേശിക വിഭാഗീയതകൾ, എഡിഎമ്മിന്റെ ആത്മഹത്യയിൽ പി.പി ദിവ്യക്കെതിരെ ഉയർന്ന ആരോപണങ്ങൾ, പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെ സാമ്പത്തിക തിരിമറി തുടങ്ങിയവയും ചർച്ചയാവും. സമ്മേളനത്തിൽ മുഴുനീളെ മുഖ്യമന്ത്രിയുടെ സാന്നിധ്യമുള്ളതിനാൽ സർക്കാരിനെതിരെ കടുത്ത വിമർശനങ്ങൾക്ക് സാധ്യത കുറവാണ്. നിലവിലെ ജില്ലാ സെക്രട്ടറി എം.വി .ജയരാജൻ ഇത്തവണ സ്ഥാനമൊഴിഞ്ഞാൽ ടി.വി രാജേഷ് പകരക്കാരനായി എത്തുമെന്നാണ് സൂചന.

TAGS :

Next Story