മന്ത്രി റിയാസിനെതിരെ സി.പി.എമ്മിൽ അതൃപ്തി; സംസ്ഥാന സെക്രട്ടറിയേറ്റിൽ വിമർശനം
കരാറുകാരെ തൊട്ടപ്പോൾ ചിലർക്ക് പൊള്ളി എന്നായിരുന്നു മന്ത്രിയുടെ പരാമർശം
തിരുവനന്തപുരം: സ്മാർട്ട് സിറ്റി റോഡ് നിർമ്മാണ വിവാദത്തിൽ സി.പി.എമ്മിനകത്ത് അതൃപ്തി. തിരുവനന്തപുരം ജില്ലാ നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തിയ മന്ത്രി മുഹമ്മദ് റിയാസിന്റെ നിലപാട് അപക്വമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ വിമർശനമുയർന്നു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
ദിവസങ്ങൾക്കുമുൻപ് തിരുവനന്തപുരത്ത് നടന്ന പൊതുയോഗത്തിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ പരാമർശമായിരുന്നു വിവാദത്തിനു തുടക്കം. ജില്ലയിൽ നടക്കുന്ന ചില വികസനപ്രവർത്തനങ്ങൾ ജനങ്ങളെ വല്ലാതെ ശ്വാസം മുട്ടിക്കുന്നുവെന്നായിരുന്നു വിമർശനം. നഗരത്തിലെ ചില റോഡുകളെല്ലാം കുത്തിപ്പൊളിച്ചതിനെതിരെയായിരുന്നു പരോക്ഷ വിമർശനം. ഇതിനു പിന്നാലെ ഒരാഴ്ച മുൻപ് ഒരു പാലം ഉദ്ഘാടനം ചടങ്ങിലായിരുന്നു മന്ത്രി റിയാസിന്റെ പ്രതികരണം. ചില കരാറുകാരെ തൊട്ടപ്പോൾ ചിലർക്കു പൊള്ളിയെന്നായിരുന്നു വിവാദ പരാമർശം.
പരാമർശത്തിൽ സി.പി.എം ജില്ലാ നേതൃത്വത്തിൽ അതൃപ്തി ഉയർന്നിരുന്നു. വലിയ ചർച്ചയായതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലും റിയാസിനെതിരെ വിമർശനം ഉയർന്നത്. പാർട്ടി ഭരിക്കുന്ന നഗരസഭയ്‌ക്കെതിരായി ഉൾപ്പെടെ വ്യാഖ്യാനിക്കാവുന്ന പരാമർശമാണ്. പാർട്ടി ജില്ലാ നേതൃത്വത്തിൽ പലരെയും പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലായിരുന്നു പ്രസംഗം. മന്ത്രി പ്രസംഗത്തിൽ ജാഗ്രത പുലർത്തണമായിരുന്നുവെന്നും യോഗത്തിൽ വിമർശനമുയർന്നു.
എന്നാൽ, താൻ അത്തരത്തിൽ ആരെയും ഉദ്ദേശിച്ചു പറഞ്ഞതല്ലെന്ന് യോഗത്തിൽ തന്നെ മന്ത്രി റിയാസ് വിശദീകരിച്ചതായും വിവരമുണ്ട്.
Summary: CPM Kerala state secretariat criticizes the Minister P.A Mohammed Riyas in his indirect criticism against Kadakampally Surendran related to Smart City road construction
Adjust Story Font
16