Quantcast

ഐഷ സുൽത്താനയ്ക്ക് സിപിഎം പിന്തുണ

രാജ്യദ്രോഹക്കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്ക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന കമ്മിറ്റി പ്രമേയം പാസാക്കി. ഐഷയെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കാൻ നീക്കമുണ്ടെന്ന് പ്രമേയം ആരോപിച്ചു

MediaOne Logo

Web Desk

  • Updated:

    2021-07-09 16:16:45.0

Published:

9 July 2021 2:07 PM GMT

ഐഷ സുൽത്താനയ്ക്ക് സിപിഎം പിന്തുണ
X

രാജ്യദ്രോഹക്കുറ്റം നേരിടുന്ന ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്ക്ക് പിന്തുണയുമായി സിപിഎം. ഐഷയ്ക്ക് പിന്തുണയുമായി സംസ്ഥാന കമ്മിറ്റി പ്രമേയം പാസാക്കി. ഐഷയെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കാനുള്ള ലക്ഷദ്വീപ് പൊലീസിന്റെ ഹീനമായ നീക്കത്തിൽ പ്രമേയത്തിൽ പ്രതിഷേധം രേഖപ്പെടുത്തി.

ലക്ഷദ്വീപ് ഭരണകൂടം ദ്വീപിൽ നടപ്പാക്കുന്ന ജനവിരുദ്ധമായ പരിഷ്‌ക്കാര നടപടികളെ ദ്വീപ്ജനത ഒന്നിച്ച് എതിർക്കുകയാണ്. അവരുടെ ആവാസവ്യവസ്ഥയെ തകർക്കുന്നതാണ് ഭരണകൂടം ആവിഷ്‌ക്കരിച്ച നടപടികൾ. ഇതിനെതിരെ മാധ്യമങ്ങളിൽ വിമർശനമുയർത്തി എന്നതാണ് ഐഷയ്‌ക്കെതിരായ നടപടികൾക്ക് കാരണം. കേരള ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതിനാൽ ഐഷയെ ജയിലിലടക്കാനുള്ള ദ്വീപ് പൊലീസിന്റെ നീക്കം വിജയിച്ചില്ല. എന്നിട്ടും, ചോദ്യംചെയ്യാനെന്ന പേരിൽ വിളിച്ചുവരുത്തി അവരെ രണ്ടുദിവസം പൊലീസ് ഭീഷണിപ്പെടുത്തിയെന്നും പ്രമേയത്തിൽ പറയുന്നു.

ചോദ്യംചെയ്യലിൽ കേസ് ചാർജ്ജ് ചെയ്യാനുള്ള യാതൊരു തെളിവും പൊലീസിന് ലഭിച്ചിട്ടില്ല. ജൂലൈ എട്ടിന് കവരത്തി പൊലീസ് സംഘം ഒരു വാറന്റുമായി വന്ന് ഐഷ ഇപ്പോൾ താമസിക്കുന്ന കാക്കനാട്ടുള്ള ഫ്‌ളാറ്റിൽ റെയ്ഡ് നടത്തി. അവിടെ അരിച്ചുപെറുക്കിയിട്ടും തക്കതായതൊന്നും കണ്ടെടുക്കാനായില്ല. എന്നാൽ ഐഷയുടെ സഹോദരന്റെ ലാപ്‌ടോപ്പ് അവർ കസ്റ്റഡിയിലെടുത്തു. കവരത്തി പൊലീസ് കൊണ്ടുപോയ ലാപ്‌ടോപ്പിൽ കൃത്രിമമായി രേഖകൾ കയറ്റി ഐഷയ്‌ക്കെതിരായി തെളിവുകളെന്ന പേരിൽ ഉപയോഗപ്പെടുത്താൻ സാധ്യതയുണ്ടെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഭീമ-കൊറേഗാവ് കേസിൽ എൻ.ഐ.ഐ പിടികൂടിയ നിരപരാധികൾക്കെതിരെ കള്ളത്തെളിവുകളുണ്ടാക്കിയത് ഈ വിധമാണ്. ഫാ. സ്റ്റാൻ സ്വാമിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന വ്യാജരേഖകൾ അദ്ദേഹത്തിൽനിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പിൽ കയറ്റിയിരുന്നെന്ന വസ്തുത പുറത്തുവന്നിട്ടുണ്ടെന്നും പ്രമേയത്തിൽ സൂചിപ്പിച്ചു.

ഐഷ സുൽത്താനയോട് പകവച്ചു പുലർത്തുന്ന ലക്ഷദ്വീപ് ഭരണകൂടവും പൊലീസും കള്ളത്തെളിവുകളുണ്ടാക്കാൻ ശ്രമിക്കുമെന്ന ആശങ്ക തള്ളിക്കളയാനാകില്ല. ഇതെല്ലാം ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നവരെ നിശബ്ദരാക്കാൻ കേന്ദ്ര ഭരണാധികാരം ബി.ജെ.പി ദുർവിനിയോഗം ചെയ്യുന്നതിന്റെ ഉദാഹരണങ്ങളാണ്. പൗരാവകാശം ചവിട്ടിമെതിക്കുന്ന ബി.ജെ.പി സർക്കാരിന്റെ നയമാണ് ലക്ഷദ്വീപ് ഭരണകൂടം നടപ്പാക്കുന്നത്. ഐഷയ്ക്കുനേരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനവും പൗരാവകാശ ധ്വംസനവുമാണ്. ഈ നടപടിയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി പ്രതിഷേധിക്കുകയും ഇതിനെതിരായി ഒറ്റക്കെട്ടായി ശബ്ദമുയർത്താൻ എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യർത്ഥിക്കുകയും ചെയ്യുന്നതായി പ്രമേയത്തിൽ പറയുന്നു.

TAGS :

Next Story