Quantcast

'പോരാളി ഷാജിയാണോ ഇടതുപക്ഷം?'; കാഫിർ സ്‌ക്രീൻഷോട്ടിൽ പ്രതിരോധം തീര്‍ത്ത് സി.പി.എം

''നാടിനാപത്താണെന്ന് സൂചിപ്പിക്കുകയായിരുന്നു കെ.കെ ലതികയുടെ പോസ്റ്റിൽ. നാടിനെ രക്ഷിക്കാനുള്ളതായിരുന്നു, തകർക്കാനുള്ളതായിരുന്നില്ല ലതികയുടെ പോസ്റ്റ്.''

MediaOne Logo

Web Desk

  • Updated:

    2024-08-16 13:52:50.0

Published:

16 Aug 2024 11:47 AM GMT

പോരാളി ഷാജിയാണോ ഇടതുപക്ഷം?; കാഫിർ സ്‌ക്രീൻഷോട്ടിൽ പ്രതിരോധം തീര്‍ത്ത് സി.പി.എം
X

തിരുവനന്തപുരം: കാഫിർ സ്‌ക്രീൻഷോട്ട് വിവാദത്തിൽ സൈബർ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് പ്രതിരോധം തീർത്ത് സി.പി.എം. പോരാളി ഷാജിയല്ല ഇടതുപക്ഷമെന്നും പാർട്ടി നേരത്തെ തന്നെ തള്ളിപ്പറഞ്ഞവരെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. യു.ഡി.എഫിന്റെ തെറ്റായ പ്രചാരണത്തിന്റെ ഭാഗമാണ് കാഫിർ സ്‌ക്രീൻഷോട്ട് വിവാദമെന്നും അദ്ദേഹം വാദിച്ചു.

തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ. വടകര ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. കാഫിർ വിഷയത്തിൽ ആദ്യം പരാതി നൽകിയത് എൽ.ഡി.എഫ് ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യഥാർഥ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. പോരാളി ഷാജിയാണോ ഇടതുപക്ഷമെന്നു ചോദിച്ച അദ്ദേഹം അന്വേഷണം നടത്തി പൊലീസ് സത്യം കണ്ടെത്തട്ടെയെന്നും സി.പി.എമ്മിന് ഒന്നും ഒളിക്കാനില്ലെന്നും പറഞ്ഞു.

''യഥാർഥ പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ഇത്തരം ആശയം പ്രചരിപ്പിക്കാനല്ല കെ.കെ ലതിക അത് ഷെയർ ചെയ്തത്. നാടിനാപത്താണെന്ന് സൂചിപ്പിക്കുകയായിരുന്നു അതിലൂടെ. നാടിനെ രക്ഷിക്കാനുള്ളതായിരുന്നു തകർക്കാനുള്ളതായിരുന്നില്ല കെ.കെ ലതികയുടെ പോസ്റ്റ്.

സി.പി.എമ്മിന് ഇത്തരം നിലപാട് സ്വീകരിക്കേണ്ട കാര്യമില്ല. സി.പി.എമ്മിന്റെ പേര് ഉപയോഗിക്കുന്ന നിരവധി വാട്‌സ്ആപ്പ് ഗ്രൂപ്പുകളുണ്ട്. അതിനെയെല്ലാം നേരത്തെ തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട് പുറത്തുവന്ന പേരുകളിൽ ഒന്നും പാർട്ടിയുമായി ഔദ്യോഗിക ബന്ധമില്ല. ഇടതുപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്തേണ്ട ഒരു കാര്യവും കാഫിർ വിവാദത്തിലില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തുവരട്ടെ. വിവാദത്തിന്റെ ഗുണഭോക്താക്കൾ സി.പി.എമ്മല്ല. റെഡ് എൻകൗണ്ടർ ഗ്രൂപ്പ് അഡ്മിന് ആളെ അറിയാമെങ്കിൽ പറയട്ടെ. സി.പി.എമ്മിന്റേതല്ലാത്ത എന്നാൽ പേര് അവകാശപ്പെടുന്ന പല ഗ്രൂപ്പുകളുണ്ട്. അതിലൊന്നാണ് പോരാളി ഷാജി.''

വടകരയിൽ യു.ഡി.എഫ് നടത്തിയ തെറ്റായ പ്രചാരണ സംസ്‌കാരമാണ് അതിലേക്കു നയിച്ചത്. കാഫിർ സ്‌ക്രീൻഷോട്ട് പ്രശ്‌നം വിശദമായി വിശകലനം ചെയ്തിരുന്നു. ഒറ്റപ്പെട്ട പ്രശ്‌നമായാണ് ചിലർ അതിനെ സമീപിക്കുന്നത്. അതു ശരിയായ നിലപാടല്ല.

മണ്ഡലത്തിൽ അശ്ലീല പ്രചാരണങ്ങളുമായി ബന്ധപ്പെട്ടാണ് ഇതെല്ലാം നടക്കുന്നത്. വടകര സ്ഥാനാർഥിയായി യു.ഡി.എഫിന്റെ ഷാഫി പറമ്പിൽ വന്നയുടൻ തന്നെ ആദ്യ പ്രതികരണം കേരളത്തെ പ്രതിസന്ധികളിൽ സഹായിച്ച ടീച്ചറമ്മ എന്ന പേരിനെ ആക്രമിച്ചുകൊണ്ടായിരുന്നു. വളരെ പരിഹാസത്തോടെയായിരുന്നു ആ പ്രയോഗം നടത്തിയത്. വ്യക്തിപരമായ അധിക്ഷേപവുമുണ്ടായി. വ്യക്തിഹത്യയുടെ തലത്തിലേക്കു തങ്ങൾ നീങ്ങാൻ പോകുകയാണെന്നു വ്യക്തമാക്കുന്ന തരത്തിലായിരുന്നു പിന്നീടുണ്ടായ സംഭവങ്ങളെല്ലാം.

മുസ്‌ലിം സമുദായം മുഴുവൻ തീവ്രവാദികളാണെന്ന് ശൈലജ ടീച്ചർ പറഞ്ഞുവെന്ന പ്രചാരണമുണ്ടായി. അതു ശുദ്ധ അസംബന്ധമായിരുന്നു. പ്രവാചകൻ തെറ്റായ രീതികൾ പ്രചരിപ്പിച്ചുവെന്ന് ടീച്ചർ പ്രസ്താവിച്ചെന്നും പ്രചാരണമുണ്ടായി. ലവ് ജിഹാദ് വിഷയത്തിൽ ആർ.എസ്.എസ്സിന്റെ നിലപാടാണ് ഷൈലജ ടീച്ചർക്കുള്ളതെന്ന തരത്തിലും പ്രചാരണമുണ്ടായി. കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാരുടെ ലെറ്റർപാഡ് വ്യാജമായി നിർമിച്ചും ടീച്ചർക്കെതിരെ ഉപയോഗിച്ചു. പാനൂർ ബോംബ് കേസിലെ പ്രതികൾക്കൊപ്പം ടീച്ചർ നിൽക്കുന്ന ചിത്രം വ്യാജമായി നിർമിച്ചു പ്രചരിപ്പിച്ചു. ഇതെല്ലാം വ്യാജസൃഷ്ടിയാണെന്ന ടീച്ചറുടെ അഭിമുഖങ്ങളും പ്രതികരണങ്ങളും വന്നു.

എ.ഐ സംവിധാനം വളർന്നതോടെ തെരഞ്ഞെടുപ്പ് കാലത്ത് തെറ്റായ പ്രചരണങ്ങൾ നടത്തുന്നു. കള്ളപ്രചeരണങ്ങളെ തുറന്നുകാട്ടുക പ്രധാനമാണ്. ഇടതുപക്ഷത്തിന്റെ മതേതര നിലപാട് ഒരു തെരഞ്ഞെടുപ്പ് കാലത്ത് മാത്രമുള്ളതല്ല.

കോലീബി സംഖ്യത്തിന്റെ അരങ്ങേറ്റം കുറിച്ച മണ്ഡലമായിരുന്നു വടകര. വ്യാജവാർത്തയും വ്യാജ ഐ.ഡി കാർഡുമെല്ലാം നിർമിക്കുന്നത് യു.ഡി.എഫ് ആണെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു.

Summary: CPM Kerala State Secretary MV Govindan criticizes the party cyber ​​groups in Kafir Screenshot controversy

TAGS :

Next Story