Quantcast

സി.പി.എം കോഴിക്കോട് ജില്ലാ നേതൃത്വത്തിന് തലവേദനയായി മേയറുടെ ആർ.എസ്.എസ് പരിപാടിയിലെ പങ്കാളിത്തം

സംസ്ഥാന നേതൃത്വം നടപടി എടുക്കാന്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ ജില്ലാ നേതൃത്വം ഇത് സംബന്ധിച്ച ചർച്ചകളിലേക്ക് കടക്കുമെന്നാണ് സൂചന.

MediaOne Logo

Web Desk

  • Updated:

    2022-08-09 01:30:27.0

Published:

9 Aug 2022 1:13 AM GMT

സി.പി.എം കോഴിക്കോട് ജില്ലാ നേതൃത്വത്തിന് തലവേദനയായി മേയറുടെ ആർ.എസ്.എസ് പരിപാടിയിലെ പങ്കാളിത്തം
X

കോഴിക്കോട്: ജോർജ് എം. തോമസിന്‍റെ വിവാദ പ്രസ്താവനക്ക് പിന്നാലെ സി.പി.എം കോഴിക്കോട് ജില്ലാ നേതൃത്വത്തിന് തലവേദനയായി മേയർ ബീനാ ഫിലിപ്പിന്‍റെ ആർ.എസ്.എസ് പരിപാടിയിലെ പങ്കാളിത്തം. സംസ്ഥാന നേതൃത്വം നടപടി എടുക്കാന്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ ജില്ലാ നേതൃത്വം ഇത് സംബന്ധിച്ച ചർച്ചകളിലേക്ക് കടക്കുമെന്നാണ് സൂചന.

ഡി.വൈ.എഫ്.ഐ നേതാവിന്‍റെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട മുന്‍ എം.എല്‍.എ ജോർജ് എം.തോമസ് നടത്തിയ വിവാദ പ്രസ്താവനയാണ് മാസങ്ങള്‍ക്ക് മുമ്പ് സി.പി.എം കോഴിക്കോട് ജില്ലാ നേതൃത്വത്തെ കുഴക്കിയത്. ജോർജ് എം. തോമസ് പ്രസ്താവന തിരുത്തിയെങ്കിലും നടപടിയെടുക്കണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതോടെ ജോർജ് എം. തോമസിനെ പരസ്യമായി ശാസിക്കേണ്ടി വന്നു. മാസങ്ങള്‍ക്ക് ശേഷം മറ്റൊരു നേതാവിന്‍റെ വിവാദ നടപടിയെ പാർട്ടിക്ക് തള്ളിപ്പറയേണ്ടി വന്നിരിക്കുന്നു. കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് ആർ.എസ്.എസ് സംഘടനയായ ബാലഗോകുലത്തിന്‍റെ പരിപാടിയില്‍ പങ്കെടുത്തതും വിവാദ പരാമർശങ്ങള്‍ നടത്തിയും പാർട്ടി ആദ്യ ഘട്ടത്തില്‍ തന്നെ തള്ളിയിരുന്നു.

എന്നാല്‍ വിശദീകരണം ചോദിക്കുകയോ നടപടിക്കാര്യം ആലോചിക്കുകയോ ചെയ്തിരുന്നില്ല ജില്ലാ നേതൃത്വം. അതേസമയം ബീനാ ഫിലിപ്പിനെതിരെ നടപടി വേണമെന്ന നിലപാടാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്. ഇക്കാര്യം ജില്ലാ നേതൃത്വത്തെ അറിയിച്ചതായി സംസ്ഥാന നേതാക്കള്‍ സൂചന നല്‍കുന്നുണ്ട്. അത്തരമൊരു നിർദേശം വന്നിട്ടില്ലെന്നാണ് സി.പി.എം ജില്ലാ നേതൃത്വത്തില്‍ നിന്ന് ലഭിക്കുന്ന സൂചന. നിർദേശം ലഭിച്ചാല്‍ ജില്ലാ സെക്രട്ടറിയേറ്റ് ചേർന്ന് നടപടി തീരുമാനിക്കേണ്ടിവരും.

നേരത്തെ പാർട്ടി പ്രവർത്തനങ്ങളില്‍ സജീവമല്ലാതിരുന്ന മേയർ ബീന ഫിലിപ്പ് കോർപറേഷന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാർട്ടിയില്‍ അംഗത്വമെടുക്കുന്നത്. നിലവില്‍ പറോപ്പടി ബ്രാഞ്ചംഗമാണ് ബീന. മേയർ എന്ന നിലയിലെ ബീന ഫിലിപ്പിന്‍റെ പല നടപടികളിലും പാർട്ടി ജില്ലാ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നതായും സൂചനകളുണ്ട്.



TAGS :

Next Story