Quantcast

മോദി ഭരണത്തിന്‍റെയും ബി.ജെ.പിയുടെയും ചട്ടുകമായി മാറി; ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് സി.പി.എം

ഗവർണറെ ഉപയോഗിച്ച് സർക്കാറിനെ പ്രതിസന്ധിയിലാക്കാനാണ് ശ്രമം

MediaOne Logo

Web Desk

  • Published:

    18 Aug 2022 1:57 AM GMT

മോദി ഭരണത്തിന്‍റെയും ബി.ജെ.പിയുടെയും ചട്ടുകമായി മാറി; ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് സി.പി.എം
X

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തുറന്നടിച്ച് സി.പി.എം. മോദി ഭരണത്തിന്‍റെയും ബി.ജെ.പിയുടെയും ചട്ടുകമായി ഗവർണർ മാറി. ഗവർണറെ ഉപയോഗിച്ച് സർക്കാറിനെ പ്രതിസന്ധിയിലാക്കാനാണ് ശ്രമം . സർക്കാരിനെ അട്ടിമറിക്കാൻ ഗവർണർ ഉൾപ്പെടെ വളഞ്ഞ വഴി തേടുകയാണെന്ന് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി കുറ്റപ്പെടുത്തുന്നു.

കേന്ദ്ര ഏജൻസികളെയും ഗവർണറെയും മാത്രമല്ല, കൊലയാളി രാഷ്ട്രീയത്തെയും എൽ.ഡി.എഫിനെ അസ്ഥിരപ്പെടുത്തുന്നതിനായി ആർ.എസ്.എസും ബി.ജെ.പിയും ശരണം പ്രാപിച്ചിരിക്കുകയാണ്. അതിന് തെളിവാണ് പാലക്കാട് മരുതറോഡ് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ ആർ.എസ്.എസ് ഗുണ്ടകൾ സംഘം ചേർന്ന് ക്രൂരമായി വകവരുത്തിയ സംഭവം. ദിവസങ്ങൾക്കുമുമ്പ് ആർ.എസ്.എസിന്‍റെ രക്ഷാബന്ധൻ ചടങ്ങിലടക്കം പങ്കെടുത്തവരാണ് കൊലപാതകം നടത്തിയത്. ഇത്തരം അരുംകൊലകളിലൂടെ കേരളത്തിന്‍റെ സമാധാനാന്തരീക്ഷം ഇല്ലാതാക്കാനുള്ള ഹീനമായ ക്രിമിനൽ പ്രവർത്തനമാണ് ആർ.എസ്.എസും ബി.ജെ.പിയും നടത്തുന്നത്. കാവി സംഘത്തിന്‍റെ കൊലപാതകങ്ങളെ വെള്ളപൂശുന്ന നീചമായ നടപടിയിലാണ് ഇവിടത്തെ കോൺഗ്രസ് നേതാക്കൾ. സംസ്ഥാനത്ത് കഴിഞ്ഞ ആറു വർഷത്തിനിടെ ആർ.എസ്.എസ് ക്രിമിനൽ സംഘം , 17 സി.പി.എം പ്രവർത്തകരെയാണ് നിഷ്ഠുരമായി കൊലപ്പെടുത്തിയത്.

രാജ്യത്ത് സമാധാനം പുലരണമെന്ന് ആഗ്രഹിക്കുന്ന ഒരു ഭരണാധികാരിയാണ് പ്രധാനമന്ത്രിയെങ്കിൽ സംഘപരിവാർ കേരളത്തിൽ നടത്തുന്ന കൊലപാതക രാഷ്ട്രീയത്തിന് അറുതിവരുത്താൻ അദ്ദേഹം ശബ്ദമുയർത്തണം. അല്ലാതെയുള്ള ചെങ്കോട്ട പ്രസംഗം ഉൾപ്പെടെയുള്ളവ പാഴാകുന്ന വാചകമടിയാണെന്നും കോടിയേരിയുടെ ലേഖനത്തില്‍ പറയുന്നു.

TAGS :

Next Story