ആനത്തലവട്ടം ആനന്ദന് നാടിന്റെ യാത്രാമൊഴി; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു
തിരുവനന്തപുരം ശാന്തികവാടത്തിൽ വൈകിട്ട് അഞ്ച് മണിയോടെ മൃതദേഹം സംസ്‌കരിച്ചു
തിരുവനന്തപുരം: അന്തരിച്ച സി.പി.എമ്മിന്റെ മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദന് നാടിന്റെ യാത്രാമൊഴി. തിരുവനന്തപുരം ശാന്തികവാടത്തിൽ വൈകിട്ട് അഞ്ച് മണിയോടെ മൃതദേഹം സംസ്‌കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരചടങ്ങുകൾ. രാവിലെ എ.കെ.ജി സെന്‍ററില്‍ നടന്ന പൊതുദർശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അടക്കമുള്ളവർ ആനത്തലവട്ടം ആനന്ദന് അന്ത്യാഭിവാദനം നൽകി.
ഇന്നലെ വൈകിട്ട് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കൊളേജില്‍ നിന്ന് ചിറയിന്‍കീഴുള്ള സ്വവസതിയിലേക്ക് കൊണ്ട് പോയിരിന്നു. ഇന്ന് രാവിലെ 10 മണിയോടെ ചിറയിൻകീഴിലെ സ്വവസതിയിൽ നിന്ന് ആനത്തലവട്ടം ആനന്ദന്റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. 11 മണിയോടെ എ.കെ.ജി സെന്ററിൽ. മൃതദേഹം കൊണ്ടുവരുന്നതിന് മുമ്പ് തന്നെ എ.കെ.ജി സെന്ററിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യം അന്ത്യാഭിവാദനം നൽകി.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മുതിർന്ന നേതാവ് എസ് രാമചന്ദ്രൻ പിള്ള, മന്ത്രിമാരായ വി.എൻ വാസവൻ, കെ.എൻ ബാലഗോപാൽ, പി.എ മുഹമ്മദ് റിയാസ്, ജി.ആർ അനിൽ അടക്കമുള്ളവർ ആദരാഞ്ജലികൾ അർപ്പിച്ചു. വർഗ്ഗ ബഹുജന സംഘടനകളിലെ നേതാക്കളും, ഡി.സി.സി പ്രസിഡന്റ് പാലോട് രവി അടക്കമുള്ളവരും എ.കെ.ജി സെന്ററിൽ എത്തിയിരുന്നു. രണ്ടു മണിയോടെ സി.ഐ.ടി.യു സംസ്ഥാനകമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിനു ശേഷമാണ് മൃതദേഹം സംസ്കരിച്ചത്.
Adjust Story Font
16