'നിങ്ങളെപ്പോലെ വേട്ടാവളിയൻമാരുണ്ട്, ഇടതുപക്ഷ മുഖംമൂടി ധരിച്ച് അതിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നവർ'; ദീപാ നിശാന്തിനെതിരെ സി.പി.എം നേതാവ്
നടൻ മുകേഷ് മുൻ ഭാര്യ സരിതയോട് ചെയ്ത ക്രൂരതകളെക്കുറിച്ചുള്ള പോസ്റ്റിനാണ് ഇടുപക്ഷത്തെ ദുർബലപ്പെടുത്താൻ കൂട്ടുനിൽക്കുന്നുവെന്ന് സി.പി.എം ടൗൺ ഏരിയാ കമ്മിറ്റി അംഗവും പട്ടികജാതി ക്ഷേമ സമിതി ജില്ലാ സെക്രട്ടറിയുമായ ഒ.എം ഭരദ്വാജിന്റെ വിമർശനം.
കോഴിക്കോട്: നടൻ മുകേഷ് മുൻ ഭാര്യയും നടിയുമായ സരിതയോട് ചെയ്ത ക്രൂരതകൾ ചൂണ്ടിക്കാട്ടിയ എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്തിനെ വിമർശിച്ച് സി.പി.എം നേതാവ്. കോഴിക്കോട് കോർപ്പറേഷൻ മുൻ കൗൺസിലറും ടൗൺ ഏരിയാ കമ്മിറ്റി അംഗവുമായ ഒ.എം ഭരദ്വാജ് ആണ് ദീപക്കെതിരെ രംഗത്തെത്തിയത്.
''നിങ്ങളെ പോലത്തെ വേട്ടാവളിയൻമാർ ചിലർ ഉണ്ട്. ഇടതുപക്ഷ മുഖംമൂടി ധരിച്ച് കിട്ടുന്ന സന്ദർഭങ്ങളിൽ അതിനെ കൂടുതൽ ദുർബലപ്പെടുത്താൻ എന്തെല്ലാം ചെയ്യാൻ പറ്റുമോ അത് ചെയ്തു കൊടുക്കുക എന്ന പണി ചെയ്യുന്നവർ''-എന്നാണ് ഭരദ്വാജിന്റെ കമന്റ്.
ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ത്യാവിഷനിൽ ജോലി ചെയ്തിരുന്ന കാലത്ത് സരിതയുമായി നടത്തിയ അഭിമുഖത്തിലെ വിവരങ്ങളാണ് ദീപാ നിശാന്ത് പങ്കുവെച്ചത്. മുകേഷിന്റെ വീട്ടിൽ ക്രൂരമായ പീഡനമാണ് താൻ അനുഭവിച്ചത് എന്നാണ് സരിത അഭിമുഖത്തിൽ പറയുന്നത്. മക്കളുടെ കാര്യങ്ങളൊന്നും മുകേഷ് ശ്രദ്ധിച്ചിരുന്നില്ല. ഗർഭിണിയായിരുന്നപ്പോൾ വയറ്റിൽ ചവിട്ടി, താൻ മുറ്റത്തേക്ക് വീണു. കരഞ്ഞാൽ നീയൊരു നല്ല നടിയാണല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. പൂർണ ഗർഭിണിയായിരിക്കുന്ന സമയത്ത് കാറിൽ കയറാൻ ശ്രമിച്ചപ്പോൾ വണ്ടി മുന്നോട്ടും പിന്നോട്ടും എടുത്ത് കബളിപ്പിച്ചുകൊണ്ടിരുന്നു. കാറിന് പിറെ ഓടി താഴെ വീണു...അവിടിരുന്ന് കരഞ്ഞെങ്കിലും ആ കണ്ണീർ അദ്ദേഹത്തെ കാട്ടാതിരിക്കാൻ ശ്രമിച്ചു. കരയുന്നത് കണ്ടാൽ അദ്ദേഹം പരിഹസിക്കുമായിരുന്നു-തുടങ്ങിയ കാര്യങ്ങളാണ് അഭിമുഖത്തിൽ സരിത പറയുന്നത്.
മുകേഷിന് രാഷ്ട്രീയത്തിൽ അവസരം കൊടുത്ത ഇടതുപക്ഷത്തെ ദീപാ നിശാന്ത് ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിക്കുന്നുണ്ട്. കാണണം...ചില കാര്യങ്ങൾ പറയേണ്ട സമയത്തു തന്നെ പറയണം..ഇടതുപക്ഷമെന്ന അഭിമാനബോധത്തോടെ തന്നെയാണ് പറയുന്നത്. നാഴികക്ക് നാൽപ്പതു വട്ടം നാടക പാരമ്പര്യവും കുടുംബ പാരമ്പര്യവും രാഷ്ട്രീയ പാരമ്പര്യവും പറഞ്ഞ് നടക്കുന്ന മുകേഷിനെപ്പോലുള്ളവരെ ഇടതുപക്ഷത്തിന്റെ തണലിൽ ഇനിയും വളരാൻ അനുവദിക്കരുതെന്നും ദീപാ നിശാന്ത് പറഞ്ഞു.
Adjust Story Font
16