'ദ ഹിന്ദു' അഭിമുഖം; മുഖ്യമന്ത്രിയെ ന്യായീകരിച്ച് വെട്ടിലായി സിപിഎം നേതാക്കൾ
ഇതേക്കുറിച്ച് യാതൊരു വ്യക്തതയും വരുത്താതെയും മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രതികരണം വരുന്നതിന് മുമ്പും മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട പരാമർശങ്ങളെ ന്യായീകരിക്കുകയാണ് അഭിമുഖം പുറത്തുവന്നതു മുതൽ വിവിധ സിപിഎം നേതാക്കൾ ചെയ്തത്.
കോഴിക്കോട്: ദ ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ അഭിമുഖത്തിൽ മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട പരാമർശങ്ങളിൽ ന്യായീകരണം നടത്തി വെട്ടിലായി സിപിഎം നേതാക്കൾ. മലപ്പുറത്തെ സ്വർണക്കടത്ത്, ഹവാലാ ഇടപാടുകൾ, രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഈ പണം ഉപയോഗിക്കൽ എന്നിവ സംബന്ധിച്ച പരാമർശങ്ങളുമായി ബന്ധപ്പെട്ടാണ് മന്ത്രിയടക്കമുള്ള സിപിഎം നേതാക്കൾ മുഖ്യമന്ത്രിയെ ന്യായീകരിച്ച് രംഗത്തെത്തിയത്. എന്നാൽ, അഭിമുഖത്തിലേതായി പുറത്തുവന്ന പരാമർശങ്ങൾ വിവാദമാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ദ ഹിന്ദുവിന് കത്ത് നൽകുകയും വൈകിട്ടോടെ പത്രത്തിൽനിന്ന് വിശദീകരണം വരികയും ചെയ്തു.
വിവാദ പരാമർശങ്ങൾ പിആർ ഏജൻസി എഴുതിനൽകിയതാണെന്നായിരുന്നു 'ദ ഹിന്ദു'വിന്റെ വിശദീകരണം. എന്നാൽ, ഇതേക്കുറിച്ച് യാതൊരു വ്യക്തതയും വരുത്താതെയും മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രതികരണം വരുന്നതിന് മുമ്പും മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട പരാമർശങ്ങളെ ന്യായീകരിക്കുകയാണ് അഭിമുഖം പുറത്തുവന്നതു മുതൽ വിവിധ സിപിഎം നേതാക്കൾ ചെയ്തത്. മുൻ മന്ത്രി എ.കെ ബാലൻ, മന്ത്രി പി.എ മുഹമ്മദ് റിയാസ്, സിപിഎം നേതാവ് അഡ്വ. അരുൺ കുമാർ തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ ന്യായീകരിച്ച് രംഗത്തെത്തിയത്.
'കരിപ്പൂരിൽനിന്ന് സ്വർണം പിടിച്ചാൽ പിന്നെ മലപ്പുറം എന്നല്ലേ പറയേണ്ടത്'- എന്നായിരുന്നു എ.കെ ബാലന്റെ ചോദ്യം. തിരുവനന്തപുരത്ത് നിന്ന് സ്വർണം പിടിച്ചെന്ന് പറഞ്ഞാൽ തിരുവനന്തപുരത്തെ അപമാനിക്കലാണോ? സ്വർണം മുഴുവൻ കമലയും വീണയും കൊണ്ട് പോയന്നല്ലേ ബിജെപി പറഞ്ഞ് നടന്നിരുന്നത്. ഇപ്പോൾ എന്തായി?- എന്നും ബാലൻ ചോദിച്ചിരുന്നു. സംഘപരിവാറിന് എതിരെ രൂക്ഷമായ നിലപാട് അതിൽ പറയുന്നുണ്ടെന്നും ബാലൻ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രചാരണത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ടയാണെന്നായിരുന്നു മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ പ്രതികരണം. ആ അജണ്ട കഴിഞ്ഞ എട്ടു വർഷമായി പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫിനു വേണ്ടിയാണെന്നും മന്ത്രി ആരോപിച്ചു. ഇത്തരം പ്രവർത്തനങ്ങളിൽ യുഡിഎഫിന് പിന്തുണ നൽകുന്നത് ജമാഅത്തെ ഇസ്‍ലാമിയാണെന്നും റിയാസ് പറഞ്ഞു. മുഖ്യമന്ത്രിയും എൽഡിഎഫ് സർക്കാറും മലപ്പുറത്തിന്റെ വികസനത്തിനു വേണ്ടി നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്.
ആർഎസ്എസ് തലയ്ക്ക് ഇനാം പ്രഖ്യാപിച്ച ഇന്ത്യയിലെ ഒരേ ഒരു മുഖ്യമന്ത്രി പിണറായി വിജയനാണ്. വെട്ടിപ്പും തട്ടിപ്പും നടത്താതെ മുന്നോട്ടുപോവാൻ യുഡിഎഫിന് കഴിയില്ല. അതിന്റെ ഭാഗമായിട്ടുള്ള നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നത്. എന്നാൽ ഇതിൽ യുഡിഎഫിന് സഹായം ചെയ്യുന്നത് ജമാഅത്തെ ഇസ്‍ലാമിയാണ്. അവർ സമൂഹത്തിൽ ന്യൂനപക്ഷ വർഗീയത വളർത്താൻ ശ്രമിക്കുകയാണ്. ജമാഅത്തെ ഇസ്‍ലാമി യുഡിഎഫിന്റെ സ്ലീപിങ് പാർട്ണറായി മാറിയെന്നും റിയാസ് പറഞ്ഞിരുന്നു.
ഇവരിൽനിന്നൊക്കെ വ്യത്യസ്തമായി കുറച്ചുകൂടി തീവ്രമായിട്ടായിരുന്നു അഡ്വ. അരുൺകുമാർ, പത്രത്തിലെ അഭിമുഖത്തിലെ വിവാദ പരാമർശങ്ങളെ ന്യായീകരിച്ചതും ഏറ്റുപിടിച്ചതും. ഹൈക്കോടതി വെറുതെവിടുകയും സുപ്രിംകോടതി ശരിവയ്ക്കുകയും ചെയ്ത പാനായിക്കുളം കേസിലെ വിധിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചായിരുന്നു അരുൺ കുമാർ ന്യായീകരിക്കാൻ ശ്രമിച്ചത്.
'രാജ്യവിരുദ്ധ പ്രവർത്തനത്തിന് മലപ്പുറത്തെ പണം ഉപയോഗിച്ചതിന് തെളിവുകളുണ്ടോ' എന്ന അവതാരകന്റെ ചോദ്യത്തോട് പ്രതികരിക്കുന്നതിനിടയിലാണ് സുപ്രിംകോടതി കുറ്റവിമുക്തരാക്കിയവർക്കെതിരെയും കേസിനെതിരെയും അരുൺകുമാർ ആരോപണം ഉന്നയിച്ചത്. മീഡിയവൺ സെപഷ്യൽ എഡിഷനിലായിരുന്നു അരുൺ കുമാറിന്റെ വിവാദ പരാമർശങ്ങൾ.
പാനായിക്കുളം കേസിൽ കള്ളപ്പണം ഉപയോഗിക്കുകയും രാജ്യവിരുദ്ധ പ്രവർത്തനം നടത്തുകയും ചെയ്തുവെന്നായിരുന്നു അരുൺകുമാറിന്റെ ആരോപണം. 'അധ്യാപകന്റെ കൈ വെട്ടിയ സംഭവത്തിൽ, പാനായിക്കുളത്തും വാഗമണിലും നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനകളുടെ ക്യാമ്പ് നടത്തിയതിൽ, പല രാഷ്ട്രീയ കൊലപാതകങ്ങളിലടക്കം പൊലീസ് നടത്തിയ അന്വേഷണങ്ങളുടെ ഭാഗമായി നിരവധി കള്ളപ്പണം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. രാജ്യവിരുദ്ധ പ്രവർത്തനം നടത്തപ്പെട്ടിട്ടുണ്ട്. നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനകളിലേക്ക് ആളുകളെ സെലക്ട് ചെയ്തു കൊണ്ടുപോയി. ‘ഇനിയെന്റെ മകന്റെ മയ്യത്ത് എനിക്ക് കാണേണ്ട' എന്ന് പറഞ്ഞ ഉമ്മമാരുടെ വിലാപങ്ങൾ ഇവിടെയുണ്ട്’ എന്നായിരുന്നു അരുൺകുമാറിന്റെ പരാമർശം.
പാനായിക്കുളം കേസിൽ എൻഐഎ കോടതി ശിക്ഷിച്ച പ്രതികളെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. ഈ ഉത്തരവ് പിന്നീട് സുപ്രിംകോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു എന്നിരിക്കെയാണ് ആ കേസ് വീണ്ടുമുയർത്തി 'ദ ഹിന്ദു'വിലെ പരാമർശങ്ങളെ ന്യായീകരിക്കാൻ അരുൺകുമാർ ശ്രമിച്ചത്.
അതേസമയം, 'ദ ഹിന്ദു'വിൽ വന്നത് താൻ പറയാത്ത കാര്യങ്ങളാണെന്നും പത്രം വീഴ്ച സമ്മതിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഏതെങ്കിലും ഒരു ജില്ലയെയോ, മതവിഭാഗത്തെയോ കുറ്റപ്പെടുത്തുന്ന സമീപനം തൻ്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാൽ, സ്വർണക്കടത്ത്, ഹവാല പരാമർശങ്ങൾ എഴുതിനൽകിയതായി 'ദ ഹിന്ദു' ആരോപിച്ച പിആർ ഏജൻസിയെക്കുറിച്ച് മുഖ്യമന്ത്രി ഒന്നുംമിണ്ടിയില്ല. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി നിർമിച്ച എകെജി ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനവേദിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ഇതോടെ, എന്തിനാണ് പിആർ ഏജൻസി ഇത്തരമൊരു പരാമർശം ഉൾപ്പെടുത്താൻ പറഞ്ഞതെന്നും അത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണോ എന്നതും ആരാണ് പിആർ ഏജൻസിക്കു പിന്നിലെന്നുമൊക്കെയുള്ള കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്. ഇക്കാര്യം പിആർ ഏജൻസിയും മുഖ്യമന്ത്രിയുടെ ഓഫീസും വിശദീകരിക്കുമോ എന്നാണ് അറിയേണ്ടത്. കൈസെൻ എന്ന പിആർ ഏജൻസിയാണ് മുഖ്യമന്ത്രിയുടെ അഭിമുഖം നൽകാമെന്നു പറഞ്ഞ് തങ്ങളെ സമീപിച്ചതെന്നാണ് 'ദ ഹിന്ദു'വിന്റെ വിശദീകരണം.
Adjust Story Font
16