Quantcast

സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം; തോൽവി വിലയിരുത്തും

ഭരണവിരുദ്ധ വികാരമല്ല തോൽവിക്ക് കാരണമെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴും, പാർട്ടി നേതൃതലത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ട്

MediaOne Logo

Web Desk

  • Published:

    16 Jun 2024 1:04 AM GMT

cpm_rajyasabha
X

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെയും, പാർട്ടിയുടെയും നയസമീപനത്തിൽ മാറ്റം വേണമെന്ന ചർച്ച ശക്തമായിരിക്കെ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. രണ്ടുദിവസം സംസ്ഥാന സെക്രട്ടറിയേറ്റും മൂന്ന് ദിവസം സംസ്ഥാന കമ്മിറ്റിയുമാണ് നടക്കുന്നത്. ഭരണവിരുദ്ധ വികാരമല്ല തോൽവിക്ക് കാരണമെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴും, പാർട്ടി നേതൃതലത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ട്

പാർട്ടി വോട്ടിന്‍റെ അടിത്തറയ്ക്ക് കോട്ടം സംഭവിച്ചിട്ടില്ലെന്നും,2019 ആവർത്തിക്കുക മാത്രമാണ് ചെയ്തതെന്നും ,ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ല എന്നുമൊക്കെയാണ് കനത്ത തോൽവി ന്യായീകരിക്കാൻ മുഖ്യമന്ത്രി ഉയർത്തിയ വാദങ്ങൾ. തോൽവിയുടെ പശ്ചാത്തലത്തിൽ 2019 സമാനമായ തിരുത്തൽ നടപടികൾ വേണം എന്ന് ആവശ്യം ശക്തമാണ്. ക്ഷേമപെൻഷൻ മുടങ്ങിയത് അടക്കമുള്ള ജനക്ഷേമ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതും,ഭരണ വികാരം ആഞ്ഞടിച്ചതും തോൽവിക്ക് കാരണമായി എന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്. മുസ്ലീം ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ കൈവിട്ടതിനൊപ്പം,പാർട്ടിയുടെ ഉറച്ച് വോട്ടുകളും ഒഴുകിപ്പോയതും നേതൃത്വം ഗൗരവമായിട്ടാണ് കാണുന്നത്.

സർക്കാരിന്റെ പ്രവർത്തന ശൈലിയിലും, പാർട്ടിയുടെ നയസമീപനങ്ങളിലും ആത്മ പരിശോധനയും തിരുത്തും വേണമെന്ന് ആവശ്യവും ഉയർന്നുവരുന്നുണ്ട്. സോഷ്യൽ മീഡിയ ഉപയോഗത്തിലെ തിരുത്തലും പാർട്ടിക്കുള്ളിൽ സജീവ ചർച്ചയാണ്. തിരുത്തേണ്ടത് തിരുത്തി മുന്നോട്ടുപോകുമെന്ന് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വ്യക്തമാക്കിയിട്ടുണ്ട്.

തിരുത്തലുകൾ വേണമെന്ന് ആവശ്യപ്പെടുമ്പോഴും പാർട്ടി നേതൃയോഗങ്ങളിൽ ഇത് ആരെങ്കിലും ശക്തിയായി ഉന്നയിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക കൊടുത്ത് തീർക്കുന്നതും,സപ്ലൈകോ അടക്കമുള്ള സംവിധാനങ്ങള്‍ക്ക് കൂടുതല്‍ പണം അനുവദിക്കുന്നതടക്കം ജനങ്ങളെ ചേർത്ത് നിർത്താനുള്ള തീരുമാനങ്ങളുണ്ടായേക്കും. സർക്കാരിനും, സംസ്ഥാന പാർട്ടിക്കും പറയാനുള്ളത് കേട്ട ശേഷം കേന്ദ്രം നേതൃത്വവും തിരുത്തൽ നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചേക്കും. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും, പോളിറ്റ് അംഗം പ്രകാശ് കാരാട്ടും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കെ രാധാകൃഷ്ണന് പകരം മന്ത്രി വേണമോ എന്ന കാര്യവും നേതൃയോഗങ്ങളിൽ ചർച്ചയ്ക്ക് വരും

TAGS :

Next Story