സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്; കോൺഗ്രസുമായുള്ള തെരഞ്ഞെടുപ്പ് സഖ്യം മുതൽ സിൽവർലൈൻ വരെയുള്ള വിഷയങ്ങൾ ചര്‍ച്ചയാകും
കെ റെയിലിനെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ വിമർശിച്ചാൽ ശക്തമായി പ്രതിരോധിക്കാനാണ് കേരള ഘടകത്തിന്‍റെ നീക്കം
കണ്ണൂര്‍: കോൺഗ്രസുമായുള്ള തെരഞ്ഞെടുപ്പ് സഖ്യം മുതൽ സിൽവർലൈൻ വരെയുള്ള വിഷയങ്ങൾ കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ ചർച്ചയാകും . ബി.ജെ.പിയെ അധികാരത്തിൽ നിന്നു താഴെയിറക്കാൻ പ്രാദേശിക പാർട്ടികളുമായി സഖ്യം വേണമെന്ന കരട് രാഷ്ട്രീയ പ്രമേയം കാര്യമായ ഭേദഗതികളില്ലാതെ അംഗീകരിക്കപ്പെടാനാണ് സാധ്യത. കെ റെയിലിനെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ വിമർശിച്ചാൽ ശക്തമായി പ്രതിരോധിക്കാനാണ് കേരള ഘടകത്തിന്‍റെ നീക്കം.
പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയത്തിന്‍റെ കരടിൽ മുഖ്യശത്രു ബി.ജെ.പിയാണെന്ന് സി.പി.എം അടിവരയിടുന്നുണ്ട്. ഇന്ത്യൻ ഭരണഘടനയ്ക്ക് ഭീഷണിയായ ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാരിന് ഫാസിസ്റ്റ് പ്രവണതയാണ്. ബി.ജെ.പിക്കെതിരെ ജനാധിപത്യ മതേതര പാർട്ടികളുമായി കൈകോർക്കുമെന്ന് പറയുന്ന പ്രമേയം കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം ഉണ്ടാക്കില്ലെന്നും വ്യക്തമാക്കുന്നുണ്ട്. പ്രദേശിക പാർട്ടികളുമായി സംഖ്യമുണ്ടാക്കി ബി.ജെ.പിയെ നേരിടണമെന്നാണ് രാഷ്ട്രീയ പ്രമേയത്തിന്‍റെ കാതൽ. എന്നാലും കോൺഗ്രസുമായി ഉണ്ടാക്കാവുന്ന ബന്ധത്തെക്കുറിച്ചു കൂടുതൽ വ്യക്തത വേണമെന്ന ആവശ്യം പ്രതിനിധികളിൽ നിന്നുണ്ടാവുമോയെന്നാണ് ആകാംക്ഷ.
സംസ്ഥാന സമ്മേളനത്തിൽ ഇതേ ആവശ്യം ഉയർന്നിരുന്നെങ്കിലും യെച്ചൂരി കൃത്യമായ മറുപടി നൽകിയില്ല. കോൺഗ്രസുമായി സഹകരിച്ചു മൂന്നാം ബദലിനായി മുന്നിട്ടിറങ്ങണമെന്നാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാഷ്ട്രീയ ലൈനെങ്കിലും അംഗീകരിക്കപ്പെടാൻ സാധ്യതയില്ല. കെ റെയിലുമായി ബന്ധപ്പെട്ട പൊലീസ് നടപടികളും മറ്റ് ആശങ്കകളും പാർട്ടി കോൺഗ്രസിൽ ചർച്ചയാകും. നന്ദിഗ്രാം ഉയർത്തി ബംഗാളിൽ നിന്നുള്ള പ്രതിനിധികൾ വിമർശനം ഉന്നയിക്കാനാണ് സാധ്യത. എന്നാൽ വിമർശനങ്ങളുണ്ടായൽ അതേ നാണയത്തിൽ മറുപടി നൽകി പ്രതിരോധിക്കാനാണ് കേരള ഘടകത്തിന്‍റെ നീക്കം. പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത് യു.ഡി.എഫും ബി.ജെ.പിയും ആണെന്നും അർഹമായ നഷ്ടപരിഹാരം നൽകിയ ശേഷമേ ഭൂമി ഏറ്റെടുക്കൂ എന്ന മറുപടിയായിരിക്കും കേരള ഘടകം നൽകുക.
സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച വികസന രേഖ പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്യില്ലെങ്കിലും കേരളത്തിൽ നിന്ന് ചർച്ചയിൽ പങ്കെടുക്കുന്നവർ സംസ്ഥാന പാർട്ടി നിലപാട് വ്യക്തമാക്കും. തുടർഭരണത്തിന്‍റെ തുടർച്ചക്കാവശ്യമായ നിർദേശങ്ങൾ ഉയർന്നുവരണമെന്ന ആവശ്യവും പാർട്ടി കോൺഗ്രസിൽ ഉണ്ടാവും. ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി മൂന്നാം തവണയും തുടരാനാണ് സാധ്യത. കേരളത്തിൽ നിന്നും മൂന്നോ നാലോ പേർ പുതുതായി കേന്ദ്രകമ്മിറ്റിയിലെത്തും.
Adjust Story Font
16