രക്തസാക്ഷികളുടെ സ്മരണകൾ ഇരമ്പുന്ന കണ്ണൂർ; അബുവും ചാത്തുക്കുട്ടിയും ആദ്യ കമ്മ്യൂണിസ്റ്റ് രക്തസാക്ഷികൾ
കനൽവഴികൾ താണ്ടിയ കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങൾക്ക് പോർനിലമൊരുക്കിയ ചരിത്ര സംഭവം കൂടിയായിരുന്നു അബുവിന്റെയും ചാത്തുക്കുട്ടിയുടെയും രക്തസാക്ഷിത്വം.
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് രക്തസാക്ഷികൾക്ക് ജന്മം നൽകിയ മണ്ണാണ് കണ്ണൂർ. 1940 സെപ്തംബർ 15ന് തലശ്ശേരി ജവഹർഘട്ട് കടപ്പുറത്ത് വെടിയേറ്റ് വീണ അബുവും ചാത്തുക്കുട്ടിയുമാണ് സാമ്രാജ്യത്വത്തിന്റെ നിറത്തോക്കുകൾക്ക് മുന്നിൽ പൊരുതിവീണ ആ രക്തസാക്ഷികൾ.
കേരളത്തിൽ ചെങ്കൊടിയേന്തിയ സമര ശക്തിയുടെ ഉദയമായിരുന്നു ജവഹർഘട്ട്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിൽ ത്രിവർണ പതാകയ്‌ക്കൊപ്പം ചെങ്കൊടി ഉയർന്നുപാറിയ ദിനം. കെപിസിസി ആഹ്വാനം ചെയ്ത മർദന പ്രതിഷേധദിനത്തിൽ തലശ്ശേരിയും മട്ടന്നൂരും മൊറാഴയും ചുവന്നു. നിരോധനാജ്ഞ ലംഘിച്ച് തലശ്ശേരി കടപ്പുറത്തേക്ക് ജനം ഒഴുകി എത്തി. അവർക്ക് നേരെ ബ്രിട്ടീഷ് വിധേയത്വമുള്ള പൊലീസ് 18 തവണയാണ് വെടിയുതിർത്തത്. 21 വയസ്സുകാരനായ അബുവിന്റെയും 18 വയസ്സുള്ള ചാത്തുക്കുട്ടിയുടെയും രക്തം വീണ് ജവഹർഘട്ടിലെ മണൽ പരപ്പ് ചുവന്നു.
ടി.വി അച്യുതൻ നായർ അടക്കം നിരവധിപേർക്ക് പൊലീസിന്റെ ക്രൂരമായ മർദനമേറ്റു. കനൽവഴികൾ താണ്ടിയ കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങൾക്ക് പോർനിലമൊരുക്കിയ ചരിത്ര സംഭവം കൂടിയായിരുന്നു അബുവിന്റെയും ചാത്തുക്കുട്ടിയുടെയും രക്തസാക്ഷിത്വം. അവരുടെ ജ്വലിക്കുന്ന ഓർമകൾക്ക് മുന്നിലാണ് 23-ാം പാർട്ടി കോൺഗ്രസ്സിന് കണ്ണൂരിൽ കൊടി ഉയരുന്നത്.
Adjust Story Font
16