Quantcast

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഇ.പി ജയരാജനെതിരെ സി.പി.എമ്മിൽ പടയൊരുക്കം

സംസ്ഥാന കമ്മിറ്റിയിലും ജില്ലാ നേതൃയോഗങ്ങളിലും ഉയർന്ന വിമർശനമാണ് ഇ.പിക്കെതിരെ ഒരു വിഭാഗം ആയുധമാക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2024-06-25 01:48:12.0

Published:

25 Jun 2024 1:46 AM GMT

ep jayarajan
X

ഇ.പി ജയരാജന്‍

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജനെതിരെ സി.പി.എമ്മിൽ പടയൊരുക്കം. സംസ്ഥാന കമ്മിറ്റിയിലും ജില്ലാ നേതൃയോഗങ്ങളിലും ഉയർന്ന വിമർശനമാണ് ഇ.പിക്കെതിരെ ഒരു വിഭാഗം ആയുധമാക്കുന്നത്. തിരുത്തൽ നടപടിയുടെ ഭാഗമായി ഇപിയും പ്രകാശ് ജാവദേക്കറും തമ്മിലുള്ള കൂടിക്കാഴ്ചയും സി.പി.എമ്മിൽ സജീവചർച്ചയായി വരും.

ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട ചർച്ചകൾ നേതൃത്വത്തിൽ കഴിഞ്ഞെങ്കിലും സി.പി.എമ്മിൽ ഇപ്പോഴും അത് അവസാനിച്ചിട്ടില്ല. തിരുത്തൽ നടപടികൾ സ്വീകരിക്കാൻ വേണ്ടി നേതൃത്വം തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. അടിത്തട്ടിൽ നിന്നല്ല മുകളിൽനിന്നും തുടങ്ങണം തിരുത്തൽ എന്നാണ് പാർട്ടിക്കുള്ളിൽ പൊതു അഭിപ്രായം. കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കൺവീനറുമായ ഇ.പി ജയരാജനുമായി ബന്ധപ്പെട്ടതാണ് നേതൃയോഗങ്ങളിൽഉണ്ടായ പ്രധാനപ്പെട്ട ചർച്ചകൾ. കണ്ണൂരിലെ റിസോർട്ട് വിവാദത്തിൽ ആയിരുന്നു തുടക്കം.

തെരഞ്ഞെടുപ്പ് സമയത്ത് ഉയർന്നുവന്ന ഇ.പി ജയരാജനും ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും തമ്മിലുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വാർത്തകളും തെരഞ്ഞെടുപ്പ് തോൽവിയുടെ ആക്കംകൂട്ടി എന്നാണ് പാർട്ടിക്കുള്ളിലെ പൊതു അഭിപ്രായം. മുന്നണി കൺവീനർക്ക് ചേർന്ന നിലപാടല്ല ഇപി സ്വീകരിച്ചതെന്ന് പല ജില്ലാ നേതൃയോഗങ്ങളിലും അഭിപ്രായങ്ങൾ ഉയർന്നു വന്നിട്ടുണ്ട്.

ഒരു ദിനപത്രത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി നൽകിയ അഭിമുഖത്തിൽ ചോദ്യത്തിന്‍റെ ഭാഗമാകാതെ തന്നെ ഇ.പിയുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ചത് പാർട്ടി നടപടിയുടെ സൂചനയായി കാണുന്നവരുമുണ്ട്. അതേസമയം മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളെ പാർട്ടി സെക്രട്ടറി തള്ളിക്കളയുകയും ചെയ്തു. ബി.ജെ.പി ബാന്ധവുമായി ബന്ധപ്പെട്ട ചർച്ചകൾ ഉണ്ടായതും അത് ഇടതുമുന്നണി കൺവീനർ തെരഞ്ഞെടുപ്പ് ദിവസം തന്നെ സമ്മതിച്ചതും സി.പി.എമ്മിനുള്ളിൽ വലിയ ചർച്ചകൾക്ക് വഴി വച്ചിട്ടുണ്ട്. തിരുത്തൽ നടപടിയുടെ ഭാഗമായി സി.പി.എം, എൽ.ഡി.എഫ് കൺവീനർക്കെതിരെ നടപടിയെടുക്കുമോ എന്ന ചോദ്യവും ഉയർന്നു വരുന്നുണ്ട്.



TAGS :

Next Story