ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ സിപിഎം അന്വേഷണം
ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സിവി വർഗീസ്, വിഎൻ മോഹനൻ എന്നിവർക്കാണ് അന്വേഷണ ചുമതല
ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ സിപിഎം പാർട്ടിതല അന്വേഷണം. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. എ രാജയെ തോൽപിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിലാണ് പാർട്ടി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സിവി വർഗീസ്, വിഎൻ മോഹനൻ എന്നിവർക്കാണ് അന്വേഷണ ചുമതല.
എ രാജയെ തോൽപിക്കാൻ തോട്ടം മേഖലയിൽ ജാതി അടിസ്ഥാനത്തിൽ പാർട്ടിയിൽ പിളർപ്പുണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് എസ് രാജേന്ദ്രന് എതിരായ പ്രധാന ആരോപണം. എ രാജയെ വെട്ടി സ്ഥാനാർത്ഥിയാകാൻ ശ്രമിച്ച എസ് രാജേന്ദ്രൻ, ജയിച്ചാൽ മന്ത്രിയാകുമെന്ന് പ്രചാരണം നടത്തിയതായും ആരോപണമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ എസ് രാജേന്ദ്രൻ സഹകരിച്ചില്ല എന്ന വിമർശനവും ജില്ലാ സെക്രട്ടറിയേറ്റിൽ ഉയർന്നു. ആരോപണങ്ങൾ പൂർണമായി തള്ളിക്കളയാനാകില്ലെന്ന് കണ്ടാണ് പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അന്വേഷണത്തിന് രണ്ടംഗ കമ്മീഷനെ നിയോഗിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ 7,848 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അഡ്വ. എ രാജ വിജയിച്ചത്. മണ്ഡലത്തിൽനിന്ന് മൂന്ന് തവണ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട എസ് രാജേന്ദ്രന് മൂന്ന് തവണയും 6,000ത്തിൽതാഴെ ഭൂരിപക്ഷം മാത്രമാണുണ്ടായിരുന്നത്.
Adjust Story Font
16