'പൂരപ്പുഴയിലെ അനധികൃത ബോട്ട് സർവീസ് തടഞ്ഞില്ല': ബോട്ട് ദുരന്തത്തിൽ പ്രതിഷേധവുമായി സിപിഎം
പ്രതിഷേധം പി.വി അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്തു
മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിൽ പ്രതിഷേധവുമായി സിപിഎം രംഗത്ത്. പൂരപ്പുഴയിലെ അനധികൃത ബോട്ട് സർവീസ് യുഡിഎഫ് ഭരിക്കുന്ന താനൂർ നഗരസഭ തടഞ്ഞില്ലെന്നും ചെയർമാൻ രാജി വെക്കണമെന്നും ആവശ്യപ്പെട്ടാണ് നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. പ്രതിഷേധം പി.വി അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സർക്കാരിനെതിരെ യുഡിഎഫിന്റെ പ്രതിഷേധം ശക്തമായതോടെയാണ് പ്രതിരോധമായി സിപിഎം പ്രതിഷേധം. അനധികൃതമായി വിനോദസഞ്ചാര ബോട്ടുകൾ സർവീസ് നടത്തുന്നത് നഗരസഭ അധികൃതരും ചെയർമാനും അറിഞ്ഞിട്ടും നടപടിയെടുത്തില്ല. വലിയ അപകടത്തിന് സാധ്യതയുണ്ട് എന്ന മുന്നറിയിപ്പുകൾ നഗരസഭ അവഗണിച്ചു. നഗരസഭ ചെയർമാനാണ് ബോട്ട് അപകടത്തിന്റെ കാരണക്കാരനെന്നുമാണ് സിപിഎമ്മിന്‍റെ ആരോപണം.
താനൂർ ശോഭ ജിഎൽപി സ്‌കൂൾ പരിസരത്തു നിന്ന് ആരംഭിച്ച മാർച്ച് നഗരസഭ ഓഫീസിന് സമീപം പൊലീസ് തടഞ്ഞു. ഇതോടെ സിപിഎം പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് നടന്ന ധർണ പി.വി അൻവർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സിപിഎം താനൂർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസവും ബോട്ട് അപകടത്തിൽ സർക്കാർ വീഴ്ചയാരോപിച്ച് താനൂരിൽ യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Adjust Story Font
16