ഗവർണറെ നേരിടാനുറച്ച് സിപിഎം; സർക്കാർ മൗനം പാലിക്കും
ഗവർണർ തുടർച്ചയായി പ്രതിസന്ധി ഉണ്ടാക്കിയിട്ടും സിപിഎം അനുനയത്തിന്റെ പാതയാണ് നേരത്തെ സ്വീകരിച്ചത്. എന്നാൽ 11 ഓർഡിനൻസുകൾ അസാധുവാകുന്ന തരത്തിൽ ഗവർണർ ഇടപെട്ടത് അദ്ദേഹം ഉന്നയിക്കുന്നത് പോലെ നിയമപരമായ അടിസ്ഥാനത്തിലല്ലെന്നാണ് സിപിഎം വിലയിരുത്തൽ.
തിരുവനന്തപുരം: ഗവർണക്കെതിരെ സിപിഎം നേതൃത്വം കടുത്ത നിലപാട് സ്വീകരിക്കുമെങ്കിലും മുഖ്യമന്ത്രിയും മന്ത്രിമാരും മൗനം പാലിക്കാനാണ് ഇടതു മുന്നണിയിലെ ധാരണ. ഓർഡിനൻസുകളിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിയിൽ രാഷ്ട്രീയമുണ്ടെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. അതിനെ രാഷ്ട്രീയമായി തന്നെ നേരിടാൻ തീരുമാനിച്ചതിന്റെ ഭാഗമായിട്ടാണ് കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം ഗവർണറെ കടന്നാക്രമിച്ചത്.
ഗവർണർ തുടർച്ചയായി പ്രതിസന്ധി ഉണ്ടാക്കിയിട്ടും സിപിഎം അനുനയത്തിന്റെ പാതയാണ് നേരത്തെ സ്വീകരിച്ചത്. എന്നാൽ 11 ഓർഡിനൻസുകൾ അസാധുവാകുന്ന തരത്തിൽ ഗവർണർ ഇടപെട്ടത് അദ്ദേഹം ഉന്നയിക്കുന്നത് പോലെ നിയമപരമായ അടിസ്ഥാനത്തിലല്ലെന്നാണ് സിപിഎം വിലയിരുത്തൽ. ഒരു തവണ ഒപ്പിട്ട് അത് പുനർവിളംബരത്തിന് വേണ്ടി പരിഗണനയ്ക്ക് എത്തിയപ്പോൾ ഓർഡിനൻസുകൾ വീണ്ടും പരിശോധിക്കണമെന്ന് പറഞ്ഞതിൽ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് സിപിഎം സംശയിക്കുന്നുണ്ട്. മാത്രമല്ല ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ പോലും ഗവർണർ രാഷ്ട്രീയം കലർത്തുന്നുവെന്ന പ്രചരണത്തിലേക്ക് സിപിഎം കടക്കുന്നുണ്ട്.
പാർട്ടി ഗവർണറെ കടന്നാക്രമിക്കുന്നെങ്കിലും സർക്കാർ അതിന് മുതിരില്ല, ഗവർണറുടെ രാഷ്ട്രീയ നീക്കത്തെ രാഷ്ട്രീയമായി പാർട്ടി പ്രതിരോധിക്കട്ടെ എന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. അതിൽ സർക്കാർ ഭാഗമാകില്ല. ഗവർണറുടെ രാഷ്ട്രീയ നീക്കങ്ങളെ പാർട്ടി തുറന്നു കാണിക്കുകയും ചെയ്യും. ഗവർണറുടെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന തുടർ നീക്കങ്ങൾ ഉണ്ടായാൽ അതിനെ അതേരീതിയിൽ നേരിടാനാണ് പാർട്ടി നേതൃത്വത്തിൽ ഉണ്ടായിരിക്കുന്ന തീരുമാനം.
Adjust Story Font
16