Quantcast

മദ്യവും പണവുമൊഴുക്കി യു.ഡി.എഫും ബി.ജെ.പിയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു: സി.പി.എം

‘കള്ളവോട്ടിനുള്ള ശ്രമത്തെ ജാഗ്രതയോടെ തടയാനാകണം’

MediaOne Logo

Web Desk

  • Updated:

    2024-04-23 16:37:00.0

Published:

23 April 2024 3:18 PM GMT

ldf
X

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയം മണത്ത യു.ഡി.എഫും ബി.ജെ.പിയും മദ്യവും പണവുമൊഴുക്കിയും അക്രമം നടത്തിയും തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സി.പി.എം. ആറ്റിങ്ങലിലെ യു.ഡി.എഫ്‌ സ്ഥാനാർഥിയുടെ ബന്ധുവും പ്രമുഖ അബ്‌കാരിയുമായ വ്യവസായി വോട്ടർമാരെ സ്വാധീനിക്കാൻ വീടുകൾ കയറിയിറങ്ങിയതടക്കം പല സംഭവങ്ങളും ഇതിനകം റപ്പോർട്ട് ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുപ്പ്‌ പ്രചാരണം അവസാന മണിക്കൂറുകളിലേക്ക്‌ കടക്കുമ്പോൾ എൽ.ഡി.എഫ് തരംഗം തന്നെ ദൃശ്യമാണ്. ‌പരാജയമുറപ്പിച്ച സാഹചര്യത്തിൽ യു.ഡി.എഫും ബി.ജെ.പിയും തെറ്റിദ്ധാരണ പരത്തുന്ന വ്യാജ വീഡിയോ അടക്കം പ്രചരിപ്പിക്കുകയാണ്. കള്ളപ്രചരണത്തിലൂടെ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തെ സമാധാനപൂർവ്വം ചെറുക്കണം.

സമൂഹ മാധ്യമങ്ങളിലൂടെ എൽ.ഡി.എഫ്‌ സ്ഥാനാർഥികളെ അധിക്ഷേപിക്കാനും അശ്ലീലം പടർത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള നീക്കം യു.ഡി.എഫ്‌ കേന്ദ്രങ്ങൾ നേരത്തെ തുടങ്ങിയിരുന്നു. പ്രകോപനം സൃഷ്ടിച്ച്‌ അക്രമത്തിനുള്ള ഗൂഢാലോചനയും യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നുണ്ട്‌.

പ്രകോപനത്തിൽ വീണുപോകാതെ വോട്ടെടുപ്പ്‌ പൂർത്തിയാക്കാനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌ അനുകൂലമായ അവസാന വോട്ടും ഉറപ്പിക്കാനും പ്രവർത്തകർ ജാഗ്രത പുലർത്തണം. കള്ളവോട്ടിനുള്ള ശ്രമത്തെയും ജാഗ്രതയോടെ തടയാനാകണം. തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനായി ലക്ഷക്കണക്കിന്‌ രൂപയാണ്‌ ബി.ജെ.പിയും യു.ഡി.എഫും സംഭരിച്ചിരിക്കുന്നത്‌.

ശക്തമായ വർഗ്ഗീയ പ്രചാരണങ്ങളും ഇനിയുള്ള ദിവസങ്ങളിൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉയർന്നുവന്നേക്കും. പ്രധാനമന്ത്രി തന്നെ അതിന് നേതൃത്വം നൽകുകയാണ്. ഇത്തരം പ്രചാരണങ്ങളെയും ഇടപെടലുകളെയും ഉറച്ച മതനിരപേക്ഷ നിലപാടിൽ നിന്ന്കൊണ്ട് പ്രതിരോധിക്കാൻ സാധിക്കണം.

പണക്കൊഴുപ്പിലും വർഗ്ഗീയ - കള്ള പ്രചരണങ്ങളിലും വീണുപോകാതെ എൽ.ഡി.എഫ്‌ സ്ഥാനാർഥികൾക്ക്‌ ചരിത്രഭൂരിപക്ഷം നൽകാനുള്ള പ്രവർത്തനങ്ങളിൽ മുഴുകണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിലൂടെ അഭ്യർഥിച്ചു.

TAGS :

Next Story