എക്‌സാലോജിക്കിനെതിരായ അന്വേഷണത്തിൽ കേന്ദ്രത്തിന് ദുഷ്ടലാക്കെന്ന് സി.പി.എം; രാഷ്ട്രീയമായി നേരിടാൻ തീരുമാനം
സ്വർണ്ണക്കടത്ത് കേസ് പോലെ മാസപ്പടി വിവാദവും മുഖ്യമന്ത്രിയിലേക്ക് എത്തിക്കാനുള്ള നീക്കം ആയിട്ടാണ് ഈ അന്വേഷണത്തെയും സി.പി.എം കണക്കുകൂട്ടുന്നത്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള മാസപ്പടി വിവാദത്തിലെ അന്വേഷണത്തിൽ കേന്ദ്രസർക്കാരിന്റെ ദുഷ്ടലാക്കുണ്ടെന്ന് വിലയിരുത്തുന്ന സി.പി.എം അതിനെ രാഷ്ട്രീയമായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്വർണ്ണക്കടത്ത് കേസ് പോലെ മാസപ്പടി വിവാദവും മുഖ്യമന്ത്രിയിലേക്ക് എത്തിക്കാനുള്ള നീക്കം ആയിട്ടാണ് ഈ അന്വേഷണത്തെയും സി.പി.എം കണക്കുകൂട്ടുന്നത്. ഇതിനെ രാഷ്ട്രീയമായ പ്രതിരോധിക്കുന്നതിനൊപ്പം, കേന്ദ്രസർക്കാരിനെതിരായ കടുത്ത പ്രക്ഷോഭ പരിപാടികൾ തീരുമാനിക്കാൻ ചൊവ്വാഴ്ച ഇടതുമുന്നണി യോഗവും ചേരുന്നുണ്ട്
മാസപ്പടി വിവാദത്തിലെ അന്വേഷണത്തിന്റെ സ്വഭാവം തന്നെ കേന്ദ്രസർക്കാർ മാറ്റിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാ ലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിലുള്ള ഇടപാടായിരുന്നു നേരത്തെ വിവാദമായിരുന്നത്. അതിൽ നിന്ന്മാറി സംസ്ഥാന സർക്കാരിന്റെ ഒരു വകുപ്പു കൂടി കേന്ദ്രസർക്കാന്റെ അന്വേഷണപരിധിയിൽ വരുകയാണ്. ഇതോടെയാണ് സ്വർണക്കടത്ത് കേസ് പോലെയുള്ള അന്വേഷണത്തിൽ ഉണ്ടായ സംശയങ്ങൾ സി പി എം വീണ്ടും ഉന്നയിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര ഏജൻസികളെ വീണ്ടും സംസ്ഥാനത്തിറക്കി തെരഞ്ഞെടുപ്പ് പ്രചരണ വിഷയങ്ങൾ ഉയർത്താൻ ബിജെപി ശ്രമിക്കുന്നു എന്നാണ് സിപിഎമ്മിന്റെ ആരോപണം. ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കുന്നതിനൊപ്പം തന്നെ, കേന്ദ്രസർക്കാരിനെതിരായ പ്രക്ഷോഭ പരിപാടികൾ തുടർന്നുകൊണ്ടുപോകാനും തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നു എന്ന വിഷയം ഉയർത്തി ഡൽഹിയിലുള്ള സമരം ഈ മാസം തന്നെ ഉണ്ടായേക്കും.16ന് ചേരുന്ന ഇടതുമുന്നണി യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. പ്രതിപക്ഷ നേതാവും, ഉപനേതാവും ആയിട്ടുള്ള യോഗം മുഖ്യമന്ത്രി 15ന് വിളിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടെങ്കിൽ അവരെ കൂടി സമരത്തിന്റെ ഭാഗമാക്കാനാണ് ഇടതുമുന്നണിയുടെ ആലോചന.
Adjust Story Font
16