Quantcast

മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ മാഗ്‌സെസെ അവാർഡ് സിപിഎം തടഞ്ഞു

കോവിഡ്, നിപ പ്രതിരോധം ഒരു വ്യക്തിയുടെ മികവല്ലെന്നും സർക്കാറിന്റെ കൂട്ടായ പ്രവർത്തനമാണെന്നുമാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തൽ.

MediaOne Logo

Web Desk

  • Updated:

    2022-09-04 06:13:52.0

Published:

4 Sep 2022 4:09 AM GMT

മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ മാഗ്‌സെസെ അവാർഡ് സിപിഎം തടഞ്ഞു
X

തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറെ മാഗ്‌സെസെ അവാർഡ് സ്വീകരിക്കുന്നതിൽനിന്ന് പാർട്ടി തടഞ്ഞു. കോവിഡ്, നിപ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിജയകരമായി നേതൃത്വം നൽകിയതിനാണ് മാഗ്‌സെസെ ഫൗണ്ടേഷൻ ഈ വർഷത്തെ അവാർഡിന് ശൈലജ ടീച്ചറെ തിരഞ്ഞെടുത്തത്. എന്നാൽ സിപിഎം കേന്ദ്ര നേതൃത്വം ഇടപെട്ട് അവാർഡ് വാങ്ങേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

ആഗസ്റ്റ് അവസാനം അവാർഡ് ജേതാവിനെ പ്രഖ്യാപിക്കാനിരിക്കെയാണ് അത് സ്വീകരിക്കേണ്ടെന്ന് സിപിഎം നേതൃത്വം തീരുമാനിച്ചത്. രാജ്യത്തെ പ്രമുഖ വ്യക്തികളുമായി ചർച്ച ചെയ്ത് ശൈലജ ടീച്ചറുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയ ഫൗണ്ടേഷൻ, അവരുമായി ഓൺലൈൻ ഇന്റർവ്യൂവും നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ ശൈലജ ടീച്ചർ അവാർഡ് വാങ്ങുന്നതിനെക്കുറിച്ച് പാർട്ടിയുടെ അഭിപ്രായം തേടിയത്. എന്നാൽ കോവിഡ്, നിപ പ്രതിരോധം ഏതെങ്കിലും ഒരു വ്യക്തിയുടെ മികവല്ലെന്നും അത് സർക്കാറിന്റെ കൂട്ടായ പ്രവർത്തനമാണെന്നുമാണ് പാർട്ടി വിലയിരുത്തിയത്. കൂടാതെ മാഗ്‌സെസെ ഫൗണ്ടേഷന് വിദേശ ഫണ്ടിങ്ങുണ്ട് എന്നതും കമ്മ്യൂണിസ്റ്റ് ഗറില്ലകളെ കൊന്നൊടുക്കാൻ നേതൃത്വം കൊടുത്ത മാഗ്‌സെസെയുടെ പേരിലുള്ള അവാർഡ് സ്വീകരിക്കുന്നത് രാഷ്ട്രീയമായി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും പാർട്ടി വിലയിരുത്തി. തുടർന്നാണ് അവാർഡ് സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.

മുൻ ഫിലിപ്പീൻസ് പ്രസിഡന്റായ രമൺ മാഗ്‌സെസെയുടെ പേരിലുള്ള അവാർഡ് ഏഷ്യയിലെ നൊബേൽ പുരസ്‌കാരം എന്നാണ് അറിയപ്പെടുന്നത്. വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വ്യക്തികൾക്കും സംഘടനകൾക്കുമാണ് അവാർഡ് നൽകുന്നത്. വർഗീസ് കുര്യൻ, എം.എസ് സ്വാമിനാഥൻ, ബി.ജി വർഗീസ്, ടി.എൻ ശേഷൻ എന്നിവരാണ് ഇതിന് മുമ്പ് മാഗ്‌സെസെ അവാർഡിന് അർഹരായ മലയാളികൾ.

TAGS :

Next Story