Quantcast

‘അതുകൊണ്ടെന്താ...ഹഹഹ’ADGP-RSS കൂടിക്കാഴ്ചയിൽ എം.വി ഗോവി​ന്ദന്റെ പ്രതികരണം

ആർഎസ്എസ് നേതാവുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയതിൽ കടുത്ത വിമർശനവുമായി സിപിഐ രംഗത്തെത്തിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-09-07 05:49:23.0

Published:

7 Sep 2024 5:41 AM GMT

‘അതുകൊണ്ടെന്താ...ഹഹഹ’ADGP-RSS കൂടിക്കാഴ്ചയിൽ എം.വി ഗോവി​ന്ദന്റെ പ്രതികരണം
X

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെങ്കിൽ ‘അതുകൊണ്ടെന്താ’ണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി​ ഗോവിന്ദൻ. സർക്കാരിനെയും പാർട്ടിയെയും പ്രതിരോധത്തിലാക്കിയ സംഭവത്തിൽ ചിരിച്ചുകൊണ്ടായിരുന്നു എം.വി​ ഗോവിന്ദന്റെ പ്രതികരണം. ‘എം.ആർ അജിത്കുമാർ എവിടെയെങ്കിലും പോയതിന് നമ്മളെങ്ങനെയാണ് ഉത്തരവാദിയാവുക’യെന്നും എം.വി ഗോവിന്ദൻ ചോദിച്ചുകൊണ്ട് മറ്റ് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി.

അതേസമയം, ആർഎസ്എസ് നേതാവുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയതിൽ കടുത്ത വിമർശനവുമായി സിപിഐ രംഗത്തെത്തി. അജിത് കുമാറിനെ തള്ളുന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ​സിപിഐ നേതാവുമായ വി.എസ് സുനിൽ കുമാറും സ്വീകരിച്ചത്.

എം.ആർ അജിത് കുമാർ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റി​​പ്പോർട്ട്. ആർഎസ്എസ് നേതാവിൻ്റെ കാറിലാണ് എഡിജിപി ആർഎസ്എസ് നേതാവിനെ കാണാനെത്തിയതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ദത്താത്രേയ തൃശൂരിൽ താമസിച്ച പഞ്ചനക്ഷത്രഹോട്ടലിൽ എഡിജിപി എം.ആർ.അജിത്കുമാർ എത്തിയിരുന്നതായി അടുത്തദിവസം തന്നെ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. ആർഎസ്എസിന്റെ സംഘടനയായ വിജ്ഞാനഭാരതിയുടെ ദേശീയ ഭാരവാഹിയായ മലയാളിക്കൊപ്പമാണ് 2023 മെയ് 22ന് എ‍ഡിജിപി സന്ദർശിച്ചതെന്നും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് പറയുന്നു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായ അജിത്കുമാറിന്റെ വാഹനത്തിന്റെ ലോഗ്ബുക്കിൽ എവിടെയെല്ലാം പോയെന്നു രേഖപ്പെടുത്തും. അതൊഴിവാക്കാൻ ഔദ്യോഗിക വാഹനം ഒഴിവാക്കിയായിരുന്നു യാത്ര. പകരം വിജ്ഞാനഭാരതി ഭാരവാഹി വന്ന കാറിലാണ് എഡിജിപി പോയത്.

സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് അടുത്തദിവസം തന്നെ സംസ്ഥാന പൊലീസ് മേധാവിക്കും ഇന്റലിജൻസ് മേധാവിക്കും സർക്കാരിനും ലഭിച്ചിരുന്നു.മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശിച്ചതനുസരിച്ചാണ് എഡിജിപി കൂടിക്കാഴ്ച നടത്തിയതെങ്കിൽ തുടർനടപടിയുമുണ്ടാകില്ല.

തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിപ്പിക്കാനായി എഡിജിപി എം.ആർ.അജിത്കുമാർ പൂരം കലക്കിയെന്ന് പി.വി.അൻവർ എംഎൽഎ ആരോപിച്ചിരുന്നു. എഡിജിപി എം.ആർ അജിത്കുമാർ മുഖ്യമന്ത്രിക്കു വേണ്ടി ആർഎസ്എസ് ദേശീയ നേതൃത്വവുമായി ചർച്ച നടത്തിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ​ആരോപണം. പൂരം കലക്കാനായിരുന്നു കൂടിക്കാഴ്ചയെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. 2023 ​മെയ് 20 മുതൽ 22 വരെ തൃശൂർ പാറമേക്കാവ് വിദ്യാമന്ദിറിൽ നടന്ന ആർഎസ്എസ് ക്യാംപിൽ വച്ച് അജിത്കുമാർ ചർച്ച നടത്തിയെന്നായിരുന്നു വിഡി സതീശന്റെ വെളിപ്പെടുത്തൽ. അജിത്കുമാർ ഔദ്യോഗിക വാഹനം നിർത്തിയിട്ട ഹോട്ടലിന്റെ പേരുൾപ്പെടെ സതീശൻ പുറത്തുവിട്ടിരുന്നു.

എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ ആരോപിച്ചു. തൃശൂരിൽ ബിജെപി സ്ഥാനാർഥിയെ ജയിപ്പിക്കാനുള്ള ഗൂഢാലോചനയുടെ തുടക്കമായിരുന്നു അത്.

പൂരം കലങ്ങിയതോടെ മുഴുവൻ വികാരവും ബിജെപിക്ക് അനുകൂലമാക്കി.അതിൻറെ ഭാഗമായാണ് ബിജെപി സ്ഥാനാർത്ഥി ജയിച്ചത്. ആർഎസ്എസ് നേതാവിനെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ കാണാൻ പോകുമ്പോൾ മുഖ്യമന്ത്രിയോ,ഡിജിപിയോ അറിയിക്കേണ്ടതാണ്.

സ്വകാര്യ സന്ദർശനമാണെന്നാണ് അജിത് കുമാർ പറയുന്നത്.എന്നാൽ കൂടിക്കാഴ്ചയിൽ ആർഎസ്എസ് നേതാവുമായി മുഖ്യമന്ത്രിയു​ടെ സന്ദേശം പങ്കുവെക്കുകയാണ് എഡിജിപി നടത്തിയതെന്നും മുരളീധരൻ പറഞ്ഞു. ബിജെപി എം.പി കേരളത്തിലുണ്ടായതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മുരളീധരൻ പറഞ്ഞു.

TAGS :

Next Story