വ്യവസായി ഫാല്‍ക്കണ്‍ മുഹമ്മദ് കുട്ടിയുടെ ആരോപണത്തിന് പിന്നിലും സി.പി.എം വിഭാഗീയത; പ്രശ്നത്തില്‍ ഇടപെടാതെ ജില്ലാ നേതൃത്വം
പി.രാജീവ് തന്നെ ദ്രോഹിക്കുന്നുവെന്ന് കാട്ടി സീതാറാം യെച്ചൂരി, എം.വി ഗോവിന്ദന്‍ , മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ക്കെല്ലാം മുഹമ്മദ് കുട്ടി പരാതി നല്‍കിയിട്ടുണ്ട്
കൊച്ചി: മന്ത്രി പി .രാജീവിനെതിരെ പ്രമുഖ വ്യവാസായി ഫാല്‍ക്കണ്‍ മുഹമ്മദ് കുട്ടി നിരന്തരം ആരോപണങ്ങളുമായി രംഗത്തുവരുന്നത് സിപിഎമ്മിനും സർക്കാരിനും തലവേദനയായി മാറിയിരിക്കുകയാണ്. കളമശ്ശേരിയിലെ സിപിഎം നേതാക്കളും പി രാജീവും ചേര്‍ന്ന് തന്റെ വ്യവസായ സ്ഥാപനം തകർക്കാന്‍ ശ്രമിക്കുന്നുവെന്നാണ് മുഹമ്മദ് കുട്ടിയുടെ ആരോപണം. പി.രാജീവ് തന്നെ മുന്‍കൈ എടുത്ത് പ്രശ്നം പരിഹരിക്കട്ടെയെന്ന നിലപാടെടുത്ത് സിപിഎം ജില്ലാ നേതൃത്വം മാറി നില്‍ക്കുകയാണ്.
എറണാകുളത്തെ സി.പി.എം വിഭാഗീയതയില്‍ പി.രാജീവിന്‍റെ എതിര്‍പക്ഷത്തുള്ളവരുമായാണ് മുഹമ്മദ് കുട്ടിയുടെ സൗഹൃദം. പി.രാജീവീന്റെ മണ്ഡലമായ കളമശ്ശേരിയിലാണ് മുഹമ്മദ് കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ തന്നെ വലിയ ലോജിസ്റ്റിക് പാര്‍ക്കുകളിലൊന്നായ ഫാല്‍ക്കണ്‍ പ്രവര്‍ത്തിക്കുന്നത്. ഫാല്‍ക്കണെതിരെ ഭൂമി നികത്തലുമായി ബന്ധപ്പെട്ട് സി.പി.എം സമരത്തിലാണ്. പി.രാജീവിന്റെയും സക്കീര്‍ ഹുസൈന്റെയും തട്ടകമായ കളമശ്ശേരിയില്‍ ഇരുവരും ചേര്‍ന്ന് തന്നോട് പകവീട്ടുന്നുവെന്നാണ് മുഹമ്മദ് കുട്ടിയുടെ പരാതി.
പോര് കനത്തതോടെ പാർട്ടി ഓഫീസ് നിര്‍മിക്കാന്‍ രണ്ട് ലക്ഷം രൂപ നല്‍കിയ കാര്യം അടക്കം മുഹമ്മദ് കുട്ടി പരസ്യപ്പെടുത്തി. പി.രാജീവ് തന്നെ ദ്രോഹിക്കുന്നുവെന്ന് കാട്ടി സീതാറാം യെച്ചൂരി, എം.വി ഗോവിന്ദന്‍ , മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ക്കെല്ലാം മുഹമ്മദ് കുട്ടി പരാതി നല്‍കിയിട്ടുണ്ട് . പ്രശ്നം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലാണ് സി.പി.എം ജില്ലാ നേതൃത്വത്തിനുള്ളത്. ഫാല്‍ക്കണെതിരെ സമരം നടത്താന്‍ മാത്രം ഗൗരവമുള്ള പ്രശ്നങ്ങളൊന്നുമില്ലെന്നും ജില്ലാ നേതൃത്വം വിലയിരുത്തുന്നു.
എന്നാല്‍ പി.രാജീവും സക്കീര്‍ഹുസൈനും നേരിട്ട് നിയന്ത്രിക്കുന്ന കളമശ്ശേരി ഏരിയാ കമ്മിറ്റിയില്‍ ഇടപെടാതെ ജില്ലാ നേതൃത്വം മാറി നില്‍ക്കുകയാണ്. മുഹമ്മദ് കുട്ടിയുമായുള്ള പ്രശ്നം പരിഹരിക്കണമെന്ന് പി.രാജീവിനോട് ജില്ലാ നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. സർക്കാരിനും പാർട്ടിക്കും ചീത്തപ്പേരുണ്ടാക്കുന്ന പ്രശ്നം വഷളാക്കുന്നത് പി രാജീവിന്റെ നിലപാടാണെന്ന് പാർട്ടിയില്‍ അഭിപ്രായമുയർന്നിട്ടുണ്ട്.
Adjust Story Font
16