Quantcast

ഇ.പി ജയരാജൻ നിലപാട് വിശദീകരിക്കും; നിർണായക സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്

മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറി എം.വിഗോവിന്ദനും വിവാദത്തോട് എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്

MediaOne Logo

Web Desk

  • Published:

    30 Dec 2022 1:42 AM GMT

ഇ.പി ജയരാജൻ നിലപാട് വിശദീകരിക്കും; നിർണായക സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്
X

തിരുവനന്തപുരം: ഇ.പി ജയരാജനെതിരെ പി.ജയരാജൻ ഉന്നയിച്ച സാമ്പത്തിക ആരോപണം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചർച്ച ചെയ്യും. പി.ജയരാജൻ പരാതി എഴുതി നൽകാത്തത് കൊണ്ട് അന്വേഷണത്തിൽ തീരുമാനമാകുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല. യോഗത്തിൽ പങ്കെടുക്കുന്ന ഇ.പി ജയരാജൻ വിവാദങ്ങളിൽ തന്റെ ഭാഗം പാർട്ടിക്ക് മുന്നിൽ വിശദീകരിക്കും.

അനധികൃതമായി സ്വത്ത് സമ്പാദിച്ച കണ്ണൂരിൽ ഇപി ജയരാജൻ ആയുർവേദ റിസോർട്ട് ആരംഭിച്ചുവെന്നാണ് പി.ജയരാജൻ സംസ്ഥാനകമ്മിറ്റിയിൽ ഉന്നയിച്ച ആരോപണം. പരാതി എഴുതി നൽകിയാൽ പരിശോധിക്കാമെന്ന് സംസ്ഥാന സെക്രട്ടറി തന്നെ യോഗത്തിൽ പറഞ്ഞെങ്കിലും ഇതുവരെ രേഖാമൂലമുള്ള പരാതി പി ജയരാജൻ നൽകിയിട്ടില്ലെന്നാണ് വിവരം.

അന്വേഷണത്തിന്റെ കാര്യത്തിൽ സംസ്ഥാനനേതൃത്വത്തിന് തീരുമാനമെടുക്കാമെന്നാണ് കേന്ദ്രനേതൃത്വത്തിൻറെ നിലപാട്. പാർട്ടിയെ പിടിച്ച് കുലുക്കിയ ആരോപണം ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. എന്നാൽ അന്വേഷണം തീരുമാനിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നേതൃത്വവുമായി ഇടഞ്ഞ് തിരുവനന്തപുരത്ത് വരാതെ കണ്ണൂരിൽ തന്നെ തങ്ങിയ ഇ.പി ജയരാജൻ രണ്ട് മാസത്തിന് ശേഷം സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കും.

പി.ജയരാജൻ ഉന്നയിച്ച ആരോപണത്തിൽ തന്റെ നിലപാട് പാർട്ടിക്ക് വിശദീകരിക്കാനാണ് ഇ.പി തീരുമാനിച്ചിരിക്കുന്നത്. റിസോർട്ടിൽ തനിക്ക് നിക്ഷേപമില്ലെന്ന് പറയുന്ന ഇ.പി ഭാര്യയുടേയും മകന്റെയും നിക്ഷേപം സംബന്ധിച്ച കാര്യങ്ങൾ പാർട്ടിയോട് വിശദീകരിക്കും.ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ ഭാര്യക്ക് കിട്ടിയ പണത്തിന് ഒപ്പം കുടുംബ സ്വത്ത് കൂടി ചേർത്തുള്ള നിക്ഷേപമാണെന്ന നിലപാട് ഇ.പി സ്വീകരിക്കാനാണ് സാധ്യത. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറി എം.വിഗോവിന്ദനും വിവാദത്തോട് എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഏവരും ഉറ്റുനോക്കുന്നുണ്ട്.


TAGS :

Next Story