Quantcast

ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങി സി.പി.എം; പ്രാഥമിക ചർച്ചക്കായി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

മുതിർന്ന നേതാക്കള്‍ക്കൊപ്പം യുവാക്കളെയും മത്സരത്തിനിറക്കാനാണ് സി.പി.എം ആലോചന

MediaOne Logo

Web Desk

  • Updated:

    2024-02-16 01:43:26.0

Published:

16 Feb 2024 1:14 AM GMT

cpm office
X

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാർഥികളുടെ പ്രാഥമിക ചർച്ചകള്‍ക്കായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. മുതിർന്ന നേതാക്കള്‍ക്കൊപ്പം യുവാക്കളെയും മത്സരത്തിനിറക്കാനാണ് സി.പി.എം ആലോചന. ചില എം.എല്‍.എ-മാരെ പോരിനിറക്കണമെന്ന ചിന്തയും പാർട്ടിക്കുള്ളിലുണ്ട്.

ആകെ 20 സീറ്റ് 15 എണ്ണത്തില്‍ സി.പി.എമ്മും നാലെണ്ണത്തില്‍ സി.പി.ഐയും ഒരെണ്ണത്തില്‍ കേരള കോണ്‍ഗ്രസ് എമ്മും മത്സരിക്കും. കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്ന കോട്ടയം സീറ്റില്‍ തോമസ് ചാഴികാടനെ മത്സരിപ്പിക്കാന്‍ അവർ തീരുമാനിച്ചിട്ടുണ്ട്. ഇനി അറിയേണ്ടത് സി.പി.എമ്മിന്‍റേയും സി.പി.ഐയുടേയും സ്ഥാനാർഥികളെയാണ് . സി.പി.എമ്മിന്‍റെ പ്രാഥമിക സ്ഥാനാർഥി ചർച്ചകള്‍ക്ക് ഇന്ന് തുടക്കമാകും. കൊല്ലത്ത് മുന്‍ എം.എല്‍.എ ഐഷാ പോറ്റി, ഇരവിപുരം എം.എല്‍.എ എ. നൗഷാദ്,ചിന്താജെറോം എന്നീ പേരുകള്‍ പരിഗണിക്കുന്നുണ്ട്. ആറ്റിങ്ങലില്‍ കടകംപള്ളി സുരേന്ദ്രന്‍,ജില്ലാസെക്രട്ടറി വി ജോയ്,ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഷിജുഖാന്‍ എന്നിവരില്‍ ഒരാള്‍ സ്ഥാനാർഥി ആയേക്കും.

ആലപ്പുഴയില്‍ സിറ്റിങ് എംപിയായ ആരിഫിനാണ് മുന്‍ഗണന. ടി.എം തോമസ് ഐസകിനോട് ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് താത്പര്യമുണ്ടെന്നാണ് വിവരം. ഇവരില്‍ ഒരാള്‍ അവിടെ സ്ഥാനാർഥിയാകും. പത്തനംതിട്ടയില്‍ തോമസ് ഐസക്,രാജു എബ്രഹാം എന്നീ പേരുകളാണ് കേള്‍ക്കുന്നത്. എറണാകുളത്ത് പൊതു സ്വതന്ത്രന്‍ വന്നേക്കും. ഇടുക്കിയില്‍ മുന്‍ എം.പി ജോയ്സ് ജോർജിന്‍റെ പേര് സജീവമായിട്ടുണ്ട്. പാലക്കാട് എം സ്വരാജ്,ആലത്തൂർ എ.കെ ബാലന്‍,കെ. രാധാകൃഷ്ണന്‍,എ.കെ ബാലന്‍റെ ഭാര്യ പി.കെ ജമീല തുടങ്ങിയ പേരുകള്‍ പാർട്ടിയുടെ ആലോചനയിലുണ്ട്.

കോഴിക്കോട് ഡി.വൈ.എഫ്. ഐ സംസ്ഥാന പ്രസിഡന്‍റ് വി. വസീഫോ എളമരം കരിമോ സ്ഥാനാർഥി ആയേക്കും. കണ്ണൂരിലും വടകരയിലും കെകെ ശൈലജയുടെ പേര് കേള്‍ക്കുന്നുണ്ട്. കണ്ണൂരില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യയുടെ പേരും സജീവമാണ്. കാസർകോട് ടി.വി രാജേഷ്,വി.പി.പി മുസ്തഫ,എന്നിവരെ പരിഗണിക്കുന്നതായാണ് വിവരം. ഈ മാസം അവസാനത്തോടെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.



TAGS :

Next Story