'കല്ലും ഷൂസുമായി ഇനി ഇറങ്ങിയാൽ ജനകീയ പ്രതിഷേധം നേരിടേണ്ടി വരും'; മുന്നറിയിപ്പുമായി സി.പി.എം
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന വാഹനത്തിന് നേരെ ഷൂസും കരിങ്കല്ലും എറിയുന്നതിന്റെ പ്രത്യാഘാതം എന്താണെന്ന് കോൺഗ്രസ് നേതാക്കൾ ചിന്തിക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
തിരുവനന്തപുരം: നവകേരള സദസ്സ് അലങ്കോലമാക്കാൻ കോൺഗ്രസ് നടത്തുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സദസ്സ് തുടങ്ങി കണ്ണൂർ എത്തിയപ്പോൾ തുടങ്ങിയ അക്രമം ഇടയ്ക്ക് നിർത്തിയെങ്കിലും എറണാകുളത്ത് വീണ്ടും ആവർത്തിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന വാഹനത്തിന് നേരെ ഷൂസും കരിങ്കല്ലും എറിയുന്നതിന്റെ പ്രത്യാഘാതം എന്താണെന്ന് കോൺഗ്രസ് നേതാക്കൾ ചിന്തിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇതുവരെ കാണാത്ത ജനകീയ പരിപാടിയുമായി ജനങ്ങളിലേക്ക് ചെല്ലുന്ന നവകേരള സദസ്സിന് സര്‍ക്കാരിന്റേയും, എല്‍.ഡി.എഫിന്റേയും പ്രതീക്ഷയ്‌ക്കുമപ്പുറം സ്വീകരണമാണ് ലഭിച്ചുവരുന്നത്. നിരവധി പ്രശ്‌നങ്ങളാണ് ജനങ്ങള്‍ അവതരിപ്പിക്കുന്നതും, പരിഹരിച്ചുപോരുന്നതും. കക്ഷി രാഷ്ട്രീയഭേദമന്യേ ജനങ്ങള്‍ നവകേരള സദസുകളിലെത്തുന്നതും ഈ സര്‍ക്കാരിലുള്ള വിശ്വാസം കൊണ്ടാണ്. അതില്‍ വിറളിപൂണ്ട് കല്ലൂം ഷൂസുമായി ഇറങ്ങിയാല്‍ അതിനനുസരിച്ച് അക്രമങ്ങള്‍ക്കൊരായ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരും.
വി.ഡി സതീശന്റേയും, കെ സുധാകരന്റേയും അറിവില്ലാതെ ഇത്തരത്തില്‍ ഒരു അക്രമ പ്രവര്‍ത്തനത്തിലേക്ക് യൂത്ത് കോണ്‍ഗ്രസോ, കെ.എസ്.യുവോ നീങ്ങില്ലെന്ന് ഉറപ്പാണ്. കോണ്‍ഗ്രസ് നേതാക്കളുടെ പല പ്രസ്‌താവനകളും അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതാണ്. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ആരും എതിര്‍ക്കുന്നില്ല. സര്‍ക്കാരിന് അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകണം. ഈ അക്രമ പ്രവര്‍ത്തനങ്ങളെ ജനാധിപത്യ സമൂഹം അപലപിക്കണം. അക്രമമാര്‍ഗം വെടിഞ്ഞ് ജനാധിപത്യ വഴിയിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ എത്തണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.
Adjust Story Font
16