രാമനാട്ടുകര സ്വർണ്ണക്കവർച്ചാ കേസ്: സജേഷിനെ സി.പി.എം സസ്‌പെൻഡ് ചെയ്തു
രാമനാട്ടുകര സ്വർണക്കവർച്ചാകേസ് പ്രതി അര്‍ജുന്‍ ആയങ്കിയുമായി ബന്ധമുള്ള സി.പി.എം പ്രവർത്തകൻ സി സജേഷിനെതിരെ നടപടിയെടുത്തത് പാർട്ടി. സജേഷിനെ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സി.പി.എം അഞ്ചരക്കണ്ടി ഏരിയ കമ്മിറ്റിയുടേതാണ് തീരുമാനം.സജേഷിന്റെ പേരിലുള്ള കാറായിരുന്നു അർജുൻ ആയങ്കി ഉപയോഗിച്ചിരുന്നത്. സജേഷിനെ ഇന്നലെ ഡി.വൈ.എഫ്.ഐ പുറത്താക്കിയിരുന്നു.
അതേസമയം, രാമനാട്ടുകര സ്വർണക്കവർച്ച ആസൂത്രണ കേസിൽ കൊടുവള്ളി സംഘത്തിലെ കൂടുതൽ പേരിലേക്ക് അന്വേഷണം നീളുന്നു. കേസിൽ പിടിയിലായ കൊടുവള്ളി സംഘത്തിലെ രണ്ട് പേരിൽ നിന്ന് വിവരം ശേഖരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചെർപ്പുളശ്ശേരി സംഘവുമായി ഇന്ന് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. സ്വർണക്കടത്ത് ആസൂത്രകനെന്ന് കസ്റ്റംസ് സംശയിക്കുന്ന അർജുന്‍ ആയങ്കിയുടെ മൊഴി നാളെ കസ്റ്റംസ് രേഖപ്പെടുത്തും.
സ്വർണക്കവർച്ച ആസൂത്രണ കേസില്‍ കൊടുവള്ളി സംഘത്തിലെ രണ്ട് പേരാണ് നിലവില്‍ പൊലീസ് പിടിയിലായത്. കൊടുവള്ളി സ്വദേശി ഫിജാസും മഞ്ചേരി സ്വദേശി ശിഹാബും. ഇവരില്‍ നിന്ന് വിവരം ശേഖരിച്ച് കൊടുവള്ളി സംഘത്തിലെ മറ്റുള്ളവരെക്കൂടി കണ്ടെത്താനാണ് കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്‍റെ ശ്രമം.
Adjust Story Font
16