സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സമ്മേളന പ്രതിനിധികൾ
മറ്റൊരു ജില്ല സമ്മേളനത്തിലും ഉണ്ടാകാത്ത തരത്തിലുള്ള വിമർശനമാണ് സർക്കാരും പൊലീസും നേരിട്ടത്
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമ്മേളന പ്രതിനിധികൾ. ഒന്നാം പിണറായി സർക്കാരുമായി താരതമ്യം ചെയ്യുമ്പോൾ തുടർ ഭരണം പോരെന്നാണ് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ പ്രധാന വിമർശനം. തുടർ ഭരണത്തിൽ ആ മികവ് പ്രകടമായില്ലെന്നും പൊതു ചർച്ചയിൽ വിമർശനം ഉയർന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് പരാജയമാണെന്നും അഭ്യന്തര, ആരോഗ്യ വകുപ്പുകളിൽ വീഴ്ചയുണ്ടന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി .
പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്ത് മുഖ്യമന്ത്രി മടങ്ങിയതിന് പിന്നാലെയാണ് സർക്കാരിന് എതിരായ വിമർശനമുണ്ടായത്. മറ്റൊരു ജില്ല സമ്മേളനത്തിലും ഉണ്ടാകാത്ത തരത്തിലുള്ള വിമർശനമാണ് സർക്കാരും പൊലീസും നേരിട്ടത്. ചടുലവും ഊർജസ്വലവും ആയിരുന്നു ഒന്നാം പിണറായി സർക്കാറെങ്കിൽ തുടർ ഭരണത്തിൽ ആ സജീവത നിലനിർത്താനാകുന്നില്ല. ഇതാണ് ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ ഉന്നയിച്ച പ്രധാന വിമർശനം. പൊലീസ് ഉൾപ്പെടെ ഒന്നിലും സർക്കാറിന് നിയന്ത്രണമില്ല.മുഖ്യമന്ത്രിയുടെ ഓഫിസിൽ കാര്യങ്ങൾ നോക്കാൻ ആരുമില്ല.ദൈനംദിന ഭരണത്തിൽ പാർട്ടി ഇടപെടേണ്ടന്ന് മുഖ്യന്ത്രി പറഞ്ഞതിനെയും അംഗങ്ങൾ വിമർശിച്ചു. ഭരണം നടത്താൻ ചില സഖാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അക്കാര്യം അവർ നോക്കിയാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞത് എങ്ങനെയെന്ന് മനസിലാകുന്നില്ലെന്നായിരുന്നു വർക്കലയിൽ നിന്നുള്ള പ്രതിനിധിയുടെ വിമർശനം.
മന്ത്രിമാരുടെ ഓഫീസിനെ ബന്ധപ്പെടാനാകുന്നില്ല. സാധാരണക്കാരൻ വന്ന് കാണുമ്പോൾ സഹായം ചെയ്യേണ്ടത് പാർട്ടിയാണ്. ആരുടെയും ക്വട്ടേഷൻ പിടിച്ചല്ല, ജനങ്ങളുടെ ആവശ്യത്തിനാണ് മന്ത്രിമാരുടെ ഓഫിസിൽ പോകുന്നത്. എന്നാൽ ക്വട്ടേഷനുമായിവന്നിരിക്കുന്നു എന്ന ധാരണയാണ് മന്ത്രി ഓഫീസിലെ ഉദ്യോഗസ്ഥരുടേത് എന്നും വിമർശനമുണ്ടായി. സാധാരണ പാർട്ടിയംഗങ്ങളുടെ കൂടി വിയർപ്പാണ് ഈ സർക്കാർ എന്ന് മറക്കരുതെന്നും ഒരു പ്രതിനിധി ഓർമ്മിപ്പിച്ചു. ആശുപത്രികളിൽ സേവനം മെച്ചപ്പെടണം , പ്രവർത്തനം നന്നാക്കണം തുടങ്ങിയവയായിരുന്നു ആരോഗ്യ വകുപ്പിനുള്ള നിർദേശം. എങ്ങനെയും പണം ഉണ്ടാക്കണമെന്ന ചിന്ത ചില നേതാക്കളിൽ ഉണ്ടന്നും അത് അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോർപ്പറേഷനിലെ എസ്.സി-എസ്.ടി ഫണ്ട് തട്ടിപ്പിനെ തിരേയും മുഖ്യമന്ത്രി വിമർശനം ഉയർത്തി.. പാവാങ്ങളുടെ പണമാണ്. അത് തട്ടി എടുക്കുന്നത് പണമുണ്ടാക്കണമെന്നത് കൊണ്ടാണ്. പുതിയ സഖാക്കളിലും ഈ രീതി കാണുന്നു, ഒരിക്കലും വെച്ചു പൊറുപ്പിക്കില്ലെന്നും താക്കീതിന്റെ സ്വരത്തിൽ മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം സർക്കാരിനെ വിമർശിച്ച്് വികെ പ്രശാന്ത് എംഎൽഎയും രംഗത്തെത്തി. സർക്കാർ പ്രവർത്തനങ്ങൾക്ക് വേഗം കുറവാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. മന്ത്രിമാരുടെ ഓഫീസ് നർജീവമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16