'ഒരു ദാക്ഷിണ്യവുമുണ്ടാകില്ല'; ചുങ്കത്തറയിൽ കൂറുമാറിയ പഞ്ചായത്തംഗത്തിന്‍റെ ഭർത്താവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന സംഭാഷണം പുറത്ത്
പി.വി അൻവറിന്‍റെ ഇടപെടലിൽ ചുങ്കത്തറ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായിരുന്നു

മലപ്പുറം: മലപ്പുറം ചുങ്കത്തറ പഞ്ചായത്തിൽ കൂറുമാറിയ എല്‍ഡിഎഫ് അംഗത്തിന്‍റെ ഭർത്താവിന് സിപിഎം ഭീഷണി. പി.വി അൻവറിനൊപ്പം നിന്നാൽ ഒരു ദാക്ഷിണ്യവും നിന്നോടോ കുടുംബത്തോടോ ഉണ്ടാകില്ലെന്ന് എടക്കര ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. സിപിഎമ്മിനെ വഞ്ചിച്ച് സമാധാനത്തോടെ പ്രവർത്തിക്കാമെന്ന് തോന്നുന്നുണ്ടോയെന്നും ഏരിയ സെക്രട്ടറി ചോദിച്ചു.
ചുങ്കത്തറ പഞ്ചായത്തിൽ കുറുമാറിയ എല്‍ഡിഎഫ് അംഗം നുസൈബയുടെ ഭർത്താവ് സുധീർ പുന്നപ്പാലയെയാണ് സിപിഎം ഏരിയ സെക്രട്ടറി ടി.രവീന്ദ്രൻ ഫോണിൽ ഭീഷണിപ്പെടുത്തിയത്. പാർട്ടിയെ കുത്തിയാണ് പോകുന്നത്. ഗുരുതരമായ ഭവിഷ്യത്ത് ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. സിപിഎമ്മിന്‍റെ ഏരിയ സെക്രട്ടറിയാണ് പറയുന്നതെന്നും കരുതിയിരുന്നോ എന്നും രവീന്ദ്രൻ ഭീഷണിപ്പെടുത്തുന്നുണ്ട്. സിഐടിയു ഏരിയ സെക്രട്ടറിയും ചുങ്കത്തറ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എം.ആർ ജയചന്ദ്രന്‍റെ ഭീഷണി ഫോൺ സംഭാഷണവും പുറത്തുവന്നു.
കുടുംബത്തെ ഇല്ലായ്മ ചെയ്യുന്നത് തന്നെയാണ് സിപിഎം രാഷ്ട്രീയമെന്ന് പി. വി അൻവർ പ്രതികരിച്ചു. താൻ അങ്ങോട്ട് വിളിച്ചതല്ലെന്നും പ്രകോപിപ്പിച്ചപ്പോൾ പറഞ്ഞതാണെന്നും രവീന്ദ്രൻ മീഡിയവണിനോട് പറഞ്ഞു. ചുങ്കത്തറ പഞ്ചായത്തിൽ കൂറുമാറിയ നുസൈബയുടെ ഭർത്താവ് സുധീർ പുന്നപ്പാല ടിഎംസി നിലമ്പൂർ മണ്ഡലം കൺവീനർ ആണ്. നുസൈബ കുറുമാറിയതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായിരുന്നു.
Adjust Story Font
16