ക്ഷേമപെൻഷനടക്കം മുൻഗണന; തിരുത്തലിന് തുടക്കമിടാൻ സിപിഎം
തിരുത്തൽ പ്രക്രിയയിൽ ആദ്യം സിപിഎം ചെയ്യാൻ പോകുന്നത് സർക്കാരിന്റെ മുൻഗണന പട്ടികയിൽ മാറ്റം വരുത്തുക എന്നതാണ്
തിരുവനന്തപുരം: സർക്കാരിന്റെ മുൻഗണനാ പട്ടികയിൽ മാറ്റം വരുത്തി തിരുത്തലിന് തുടക്കമിടാൻ സിപിഎം. ക്ഷേമപെൻഷൻ നൽകൽ അടക്കം ജനകീയ വിഷയങ്ങൾക്ക് മുൻഗണന നൽകാനാണ് ആലോചന. തിരുത്തൽ വരുത്തേണ്ട മേഖലകളെ കുറിച്ചുള്ള ബോധ്യം സിപിഎമ്മിൽ ഉണ്ടായെന്നു വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ മൂന്നുദിവസത്തെ മേഖലാ യോഗങ്ങൾ..
തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ ഉത്തരവാദിത്വമെല്ലാം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തിരുത്തലിന് സിപിഎം മുന്നിൽ നിൽക്കുന്നത്. കാരണം, ഇടതിൽ നിന്ന് കുത്തിയൊലിച്ച് പോയ വോട്ടുകളിൽ 90% വും സിപിഎമ്മിന്റെ തന്നെ. തിരുത്തലിന്റെ ആദ്യപടി എന്ന നിലയിലാണ് കീഴ് ഘടകത്തിലുള്ള നേതാക്കന്മാരെ അടക്കം വിളിച്ച് പാർട്ടിയുടെ കുമ്പസാരം.
ക്ഷേമപ്രവർത്തനങ്ങൾ മുടങ്ങിയതാണ് തോൽവിയുടെ കൊടുംകുഴിയിലേക്ക് വീഴാനുള്ള പ്രധാന കാരണമായി സിപിഎം വിലയിരുത്തുന്നത്. പണമില്ലാത്തതിന് കേന്ദ്ര സർക്കാരിനെ മാത്രം കുറ്റപ്പെടുത്തിയത് ജനങ്ങൾ അംഗീകരിച്ചില്ല എന്ന ബോധ്യവും ഉണ്ടായി. തിരുത്തൽ പ്രക്രിയയിൽ ആദ്യം സിപിഎം ചെയ്യാൻ പോകുന്നത് സർക്കാരിൻറെ മുൻഗണന പട്ടികയിൽ മാറ്റം വരുത്തുക എന്നതാണ്.
ക്ഷേമപെൻഷൻ കൃത്യമായി നൽകുക, സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശിക നൽകുക, സപ്ലൈകോ അടക്കമുള്ള, സാധാരണക്കാരെ സ്വാധീനിക്കുന്ന സ്ഥലങ്ങളിൽ അവശ്യസാധനങ്ങൾ എത്തിക്കുക, ഇതിനായിരിക്കും പ്രഥമ പരിഗണന. സർക്കാരിന്റെ പ്രവർത്തനമാറ്റത്തിനൊപ്പം ,നേതാക്കളുടെ പ്രവർത്തന ശൈലിയും മാറ്റണമെന്ന് അഭിപ്രായം ഉയരുന്നുണ്ട്.
പാർട്ടിയുടെ അടിസ്ഥാന വോട്ടുകൾ ചോർന്നത് സിപിഎമ്മിൽ ചെറിയ ഞെട്ടൽ അല്ല ഉണ്ടാക്കിയിരിക്കുന്നത്. ഭരണവിരുദ്ധ വികാരത്തിന്റെ ഭാഗമായിട്ടാണ് വോട്ട് പോയത് എന്ന ബോധ്യം സിപിഎമ്മിൽ ഉണ്ടെങ്കിലും, പാർട്ടി അത് പരസ്യമായി അംഗീകരിക്കുന്നില്ല. ബിജെപിയിലേക്ക് പോയ അടിസ്ഥാന വോട്ടുകൾ, കേരളത്തിലെ സിപിഎമ്മിനെ ബംഗാൾ ഓർമ്മിപ്പിക്കുന്നുണ്ട്..അതുകൊണ്ട് തിരുത്തൽ രേഖ തയ്യാറാക്കുന്ന അടുത്ത സംസ്ഥാന കമ്മിറ്റി യോഗം കേരളത്തിലെ സിപിഎമ്മിനെ സംബന്ധിച്ച് നിർണായകമാണ്.
കഴിഞ്ഞ മൂന്നുദിവസമായി നടന്ന മേഖല യോഗങ്ങളിലെ റിപ്പോർട്ട്, തോൽവിയുടെ കാരണം സംബന്ധിച്ച് സിപിഎമ്മിന് ബോധ്യമുണ്ടാക്കിയിട്ടുണ്ട് എന്നതാണ് വിലയിരുത്തൽ.
Adjust Story Font
16