പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിലെ തോല്‍വി അന്വേഷിക്കാൻ സി.പി.എം രണ്ടംഗ സമിതി
ബി.ജെ.പി വോട്ടുകളാണ് തോൽവിക്ക് കാരണം എന്ന് പറയുമ്പോഴും പരമ്പരാഗത കേരള കോൺഗ്രസ് വോട്ടുകൾ ലഭിച്ചില്ലെന്നാണ് കീഴ്ഘടകങ്ങളുടെ റിപ്പോർട്ട്
പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിലെ കേരള കോൺഗ്രസ് എം സ്ഥാനാർഥികളുടെ പരാജയം അന്വേഷിക്കാൻ സി.പി.എം രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തി. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയാണ് അന്വേഷണം നടത്താനുള്ള തീരുമാനം എടുത്തത്. പാലായിൽ സി.പി.എം വോട്ടുകൾ പൂർണ്ണമായും ലഭിച്ചില്ലെന്ന കേരള കോൺഗ്രസ് എമ്മിൻ്റെ വിലയിരുത്തൽ സമിതി വിശദമായി പരിശോധിക്കും.
തെരഞ്ഞെടുപ്പ് അവലോകന യോഗത്തിന് ശേഷം പാലാ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ പരാജയം അന്വേഷണ വിധേയമാക്കുമെന്ന് സി.പി.എം സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ഇതേതുടർന്ന് ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിഷയം വിശദമായി ചർച്ച ചെയ്തു.
ബി.ജെ.പി വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് മറിഞ്ഞതാണ് പാലായിലെ പരാജയ കാരണം എന്നതായിരുന്നു ജില്ലയിലെ സി.പി.എമ്മിന്‍റെ വിലയിരുത്തൽ. എന്നാല്‍ തോൽവിക്ക് മറ്റുകാരണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാനാണ് പ്രത്യേക സമിതി.
പാലായിൽ ജോസ് കെ മാണിയുടെ പരാജയത്തിൽ സെക്രട്ടറിയറ്റ് അംഗങ്ങളായ ടി എൻ രഘുനാഥ്, എം.ടി ജോസഫ് എന്നിവർ അംഗങ്ങളായ കമ്മീഷനാണ് അന്വേഷണം നടത്തുക. ഇതിനുപുറമേ കടുത്തുരുത്തിയിലെ തോൽവിയിലും പരിശോധനയുണ്ട്. പി.കെ ഹരികുമാർ, രാധാകൃഷ്ണൻ എന്നിവരാണ് സ്റ്റീഫൻ ജോർജിൻറെ പരാജയം അന്വേഷിക്കുക.
ബി.ജെ.പി വോട്ടുകൾ ആണ് തോൽവിക്ക് കാരണം എന്ന് പറയുമ്പോഴും പരമ്പരാഗത കേരള കോൺഗ്രസ് വോട്ടുകൾ ലഭിച്ചില്ലെന്നാണ് സിപിഎമ്മിനെ കീഴ്ഘടകങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇക്കാര്യത്തിലും അന്വേഷണം ഉണ്ടാകും.
തോമസ് ഐസക്, കെ ജെ തോമസ്, വൈക്കം വിശ്വൻ, വി എൻ വാസവൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് സമിതിയെ നിയോഗിച്ചത്. മണ്ഡലങ്ങളിൽ പ്രാദേശിക നേതാക്കളിൽ നിന്നടക്കം തെളിവെടുപ്പ് നടത്തിയാകും, സമിതി റിപ്പോർട്ട് തയ്യാറാക്കുക.
Adjust Story Font
16