വടകരയിൽ സിപിഎം വോട്ടുകൾ ചോർന്നു: എൽ.ജെ.ഡി അന്വേഷണ റിപ്പോർട്ട് പുറത്ത്
പ്രാദേശികമായി വലിയ രീതിയിൽ വോട്ടുകൾ എതിർ സ്ഥാനാർത്ഥിക്ക് ലഭിച്ചു. പരാജയം വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മിറ്റി ചേരാത്തതിലും എൽ.ജെ.ഡിക്ക് അമർഷമുണ്ട്.
വടകരയിൽ സി.പി.എം വോട്ടിൽ ചോർച്ചയുണ്ടായതായി എൽ.ജെ.ഡി അന്വേഷണ റിപ്പോർട്ട്. പ്രാദേശികമായി വലിയ രീതിയിൽ വോട്ടുകൾ എതിർ സ്ഥാനാർത്ഥിക്ക് ലഭിച്ചു. പരാജയം വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മിറ്റി ചേരാത്തതിലും എൽ.ജെ.ഡിക്ക് അമർഷമുണ്ട്.
വടകരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി മനയത്ത് ചന്ദ്രനെതിരെ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച ആർ.എം.പി സ്ഥാനാർത്ഥി കെ.കെ രമയുടെ വിജയം 7491വോട്ടുകൾക്കായിരുന്നു. വടകര മണ്ഡലത്തിൽ സി.പിഎമ്മിൽ നിന്നടക്കം വോട്ടുകൾ ചോർന്നതായാണ് എൽ.ജെ.ഡിയുടെ അന്വേഷണ റിപ്പോർട്ട്.
വടകര മുൻസിപ്പാലിറ്റിയിലും ഒഞ്ചിയം, ചോറോട് ,അഴിയൂർ, ഏറാമല പഞ്ചായത്തുകളിലും സി.പി.എം വോട്ടുകൾ ടി.പി ചന്ദ്രശേഖരനോടുള്ള വ്യക്തി ബന്ധത്തിലും കെ കെ രമയോടുള്ള സഹതാപത്തിലും ചോർന്നു. വടകര മുൻസിപ്പാലിറ്റിയിൽ നിന്ന് മാത്രം 2069 വോട്ടുകൾ ചോർന്നെന്നാണ് എൽ.ജെ.ഡിയുടെ കണക്ക്. അഴിയൂർ പഞ്ചായത്തിൽ മാത്രമാണ് എൽ.ജെ.ഡിക്ക് തങ്ങളുടെ വോട്ടുകൾ ലഭിച്ചത്.
ഘടകകക്ഷികളായ സി.പി.ഐ , കോൺഗ്രസ് എസിലെയും വോട്ടുകൾ രമയ്ക്കനുകൂലമായി ചോർന്നു എന്നാണ് കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ട് നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് നൽകിയിരുന്നു. പക്ഷേ ഇത് ചർച്ച ചെയ്യാൻ വടകരയിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഇതുവരെ യോഗം ചേർന്നിട്ടില്ല. വടകരയിലെ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തണമെന്നാവശ്യപ്പെട്ട് എൽ.ജെ.ഡി രംഗത്ത് വന്നിട്ടുണ്ട്.
Adjust Story Font
16