'പൊലീസിന്റെ നരനായാട്ട് അവസാനിപ്പിക്കണം'; മെഡിക്കൽകോളേജ് സംഘർഷത്തിൽ സി.പി.എം
കേസിൽ ഡി.വൈ.എഫ്.ഐയും പൊലീസിനെതിരെ വിമർശനമുന്നയിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരുമായി ബന്ധപ്പെട്ട് ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരിലുള്ള പൊലീസിന്റെ നരനായാട്ട് അവസാനിപ്പിക്കണമെന്ന് സിപിഎം ടൗൺ ഏരിയ കമ്മിറ്റി. പൊലീസ് ചാർജ് ചെയ്ത കേസിൽ പ്രതികളാക്കപ്പെട്ടവരിൽ അഞ്ച് പേർ ഇതിനോടകം റിമാൻഡിലാണ്. ഇനിയും രണ്ട് പേർ കൂടി ഉണ്ടെന്ന് പൊലീസ് പറയുന്നു. ഇവരെ പിടികൂടാനെന്ന പേരിൽ പൊലീസ് വീടുകളിലും സ്ഥാപനങ്ങളിലും കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ഇതിൽ സി പിഎം ടൗൺ ഏരിയാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും വാർത്താകുറിപ്പിൽ പറഞ്ഞു.
'കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടില്ലാത്തവരുടെ വീടുകളിൽ പൊലീസ് അർധ രാത്രിയിൽ പോലും കയറി സ്ത്രീകളെ ഉൾപ്പെടെ ഭീഷണിപ്പെടുത്തുന്നുണ്ട്. മെഡിക്കൽ കോളേജിൽ നിന്ന് വിരമിച്ച ഡോക്ടറുടെ വീട്ടിൽപോലും അനധികൃതമായി റെയ്ഡ് നടത്തി.
പ്രതിച്ചേർക്കപ്പെട്ടുവെന്ന് പറയുന്ന വ്യക്തിയുടെ പൂർണഗർഭിണിയായ ഭാര്യയെ പൊലീസ് ഭീഷണിപ്പെടുത്തി. അതിനു ശേഷം യുവതിക്ക് ദേഹസ്വാസ്ഥ്യം ഉണ്ടായി. കമ്മീഷനണറുടെ നിർദേശത്തോടെയാണ് ഇത്തരം നടപടി ഉണ്ടായതെന്നാണ് അറിഞ്ഞത്. ഇത്തരം നടപടിയെ അപലപിക്കുന്നു. നടപടി തുടർന്നാൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും' സിപിഎം ടൗൺ ഏരിയ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
ഡി.വൈ.എഫ്.ഐയും പൊലീസിനെതിരെ വിമർശനമുന്നയിച്ചു. കേസിൽ നിരപരാധികളെ പൊലീസ് വേട്ടയാടുകയാണെന്ന് പ്രതിയുടെ ഗർഭിണിയായ ഭാര്യയെ ഭീഷണിപ്പെടുത്തിയെന്നും അവർ കുറ്റപ്പെടുത്തി.
അതേസമയം, സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ പ്രതികളായ ഡിവൈഎഫ്‌ഐ നേതാക്കൾക്കെതിരെ പൊലീസ് പുതിയ വകുപ്പ് ചുമത്തി. ഐപിസി 333 ആണ് ചുമത്തിയിരിക്കുന്നത്. പൊതുസേവകരുടെ ജോലി തടസപ്പെടുത്തുകയും മർദിച്ചതിന്റെയും പേരിലാണ് പുതിയ വകുപ്പ്. പത്തുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. പുതിയ വകുപ്പ് ചുമത്തിയ പൊലീസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കേസിലെ ഒന്നാം പ്രതി ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്.
സെപ്റ്റംബർ നാലിനാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ പതിനഞ്ചംഗ സംഘം ക്രൂരമായി മർദ്ദിച്ചത്. മൂന്ന് സുരക്ഷാ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാർ തടഞ്ഞതിനെ പേരിലുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമായത്. ഇവർ മടങ്ങി പോയതിനു പിന്നാലെ സ്ഥലത്തെത്തിയ സംഘം സുരക്ഷാ ജീവനക്കാരെ അക്രമിക്കുകയായിരുന്നു. രോഗികളെ സന്ദർശിക്കാൻ എത്തിയവർക്കും മർദനമേറ്റു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകൻ ഷംസുദ്ദീനെയും സംഘം ആക്രമിച്ചിരുന്നു.
CPM Town Area Committee wants an end to police lynching on account of untoward incidents involving the security staff of Kozhikode Medical College Hospital.
Adjust Story Font
16