Quantcast

‘പിണറായി വിജയനെ കടന്നാക്രമിച്ച് ആളാകാൻ ശ്രമം’; മാത്യു കുഴൽനാടൻ മാപ്പ് പറയണമെന്ന് സി.പി.എം

ശല്യക്കാരനായ വ്യവഹാരിയെന്ന പട്ടം ചാർത്തിയാണ് മാത്യു കുഴൽനാടനെതിരെ എൽ.ഡി.എഫ് പ്രതിഷേധം കടുപ്പിക്കുന്നത്

MediaOne Logo

Web Desk

  • Published:

    12 May 2024 1:21 AM GMT

money laundering case,masappadi case,mathew kuzhalnadan,breaking news malayalam,ബ്രേക്കിങ് ന്യൂസ് മലയാളം,മാത്യു കുഴല്‍നാടന്‍,മാസപ്പടി കേസ്,കുഴല്‍നാടന് തിരിച്ചടി,ടി.വീണ,വീണാവിജയന്‍,പിണറായി വിജയന്‍
X

തൊടുപുഴ: മാത്യു കുഴൽനാടൻ എം.എൽ.എക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ. മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് ആളാകാനാണ് മാത്യു കുഴൽനാടന്റെ ശ്രമമെന്നും എല്ലാം ഏറ്റുപറഞ്ഞ് കുഴൽനാടൻ മാപ്പ് പറയണമെന്നും സി.എൻ. മോഹനൻ പറഞ്ഞു.

പ്രമുഖ നേതാക്കൾക്കെതിരെ ബോധപൂർവ്വം ആക്ഷേപങ്ങളുന്നയിച്ച് അഴിമതി വിരുദ്ധ പോരാളിയെന്ന ഇമേജുണ്ടാക്കാനുള്ള ശ്രമമാണ് മാത്യു കുഴൽനാടൻ നടത്തുന്നത്. പലതവണ വാർത്താസമ്മേളനങ്ങൾ നടത്തി മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ആരോപണങ്ങളുന്നയിച്ചു. അടിസ്ഥാന രഹിതമെന്ന് തെളിഞ്ഞതോടെ തെറ്റ് ഏറ്റുപറയാൻ കുഴൽ നാടൻ തയ്യാറാകണമെന്നും സി.എൻ. മോഹനൻ ആവശ്യപ്പെട്ടു.

മിച്ചഭൂമിക്കേസ് മറച്ചുവെച്ച് ചിന്നക്കനാലിൽ ഭൂമി വാങ്ങിയെന്നും നികുതി വെട്ടിപ്പ് നടത്തിയെന്നുമുള്ള തൻ്റെ പരാതിയിൽ വിജിലൻസ് കേസുണ്ടെന്നും ആ കേസിൽ പ്രതിയായ കുഴൽനാടനെതിരെ കൂടുതൽ കേസുകളുണ്ടാകുമെന്നും സി.എൻ. മോഹനൻ തുറന്നടിച്ചു.

മാത്യു കുഴൽനാടൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് മുവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി.എൻ. മോഹനൻ. ശല്യക്കാരനായ വ്യവഹാരിയെന്ന പട്ടം ചാർത്തിയാണ് എൽ.ഡി.എഫ് മാത്യു കുഴൽനാടനെതിരായ പ്രതിഷേധം കടുപ്പിക്കുന്നത്.

TAGS :

Next Story