'കയ്യൂക്കുകൊണ്ട് പിടിച്ചെടുക്കാം, കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ല'; ഫലസ്തീന് പിന്തുണയുമായി വീണ്ടും സിആർ മഹേഷ്
ഫലസ്തീനൊപ്പവും അതിനുവേണ്ടി പോരാടുന്ന ഹമാസിനൊപ്പവും നിൽക്കുന്നത് മാത്രമാണ് ശരിയെന്ന് സി.ആർ മഹേഷ് നേരത്തെ പറഞ്ഞിരുന്നു
ഇസ്രായേൽ അതിക്രമം നടക്കുന്ന ഫലസ്തീന് പിന്തുണയുമായി വീണ്ടും സിആർ മഹേഷ് എംഎൽഎ. ഫലസ്തീനൊപ്പവും അതിനുവേണ്ടി പോരാടുന്ന ഹമാസിനൊപ്പവും നിൽക്കുന്നത് മാത്രമാണ് ശരിയെന്ന് സി.ആർ മഹേഷ് നേരത്തെ പറഞ്ഞിരുന്നു. അതിന് ശേഷം ഇന്ന് വീണ്ടും ഫേസ്ബുക്കിൽ പോസ്റ്റിടുകയായിരുന്നു എംഎൽഎ.
'സാമൂഹ്യമാധ്യമ പോസ്റ്റുകൾ നീക്കാം... 50,000 ബോംബുകൾ മഴ പോലെ വർഷിക്കാം... ജീവിക്കാനുള്ള പ്രതീക്ഷയോടെയും ആഗ്രഹത്തോടെയും രോഗക്കിടക്കയിൽ ആശുപത്രിയിൽ കഴിയുന്നവരെ ബോംബിട്ട് ചാമ്പലാക്കാം.. കയ്യൂക്കുകൊണ്ട് ആട്ടിപ്പായിച്ചു പിടിച്ചെടുക്കാം.. ആളും അർത്ഥവുമുള്ള വൻ ശക്തികളെ ഒപ്പം നിർത്തി അസത്യങ്ങൾ പ്രചരിപ്പിക്കാം. പക്ഷേ കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ല. സത്യവും നീതിയും മരിച്ചിട്ടുമില്ല. ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഞാൻ കുറിച്ച വരികൾ പ്രൊഫൈലിൽ നിന്ന് നീക്കം ചെയ്യുന്നതിന് യോഗ്യമായി എന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഒരു മനുഷ്യനാവാൻ ആണ് ഇഷ്ടം മരിക്കുന്നതുവരേയും. മാലാഖ മക്കളോടൊപ്പം.....ഫലസ്തീനിൽ ജനിച്ചുപോയത് കൊണ്ട് കുരുതിക്ക് ഇരയാകേണ്ടി വരുന്നവരോടൊപ്പം....' എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.
കുറ്റകൃത്യങ്ങളെയും തെറ്റുകളെയും മനുഷ്യക്കുരുതിയെയുമൊക്കെ നമുക്ക് അപലപിക്കാം. പക്ഷേ അതിന്റെ കളങ്കം പോരാളികളായ ഹമാസുകാരുടെ മേൽ ചുമത്തരുതെന്നും 75 വർഷമായി ഒരു ജനതയെ കൊന്നു തള്ളുന്ന ഇസ്രയേലിനോടുള്ള മയപ്പെടുത്തലാകരുതെന്നും മഹേഷ് മുമ്പ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
75 വർഷമായി ഐക്യരാഷ്ട്രസഭ 140ലേറെ പ്രമേയങ്ങൾ പാസാക്കിയിട്ടും അതിനൊന്നിനു പോലും പുല്ലുവിലകൽപ്പിക്കാതെയാണ് ഇസ്രായേൽ നീങ്ങുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 40 കുഞ്ഞുങ്ങളെ തലയറുത്ത് കൊന്നെന്ന വ്യാജ വാർത്തയോടോപ്പമല്ല താനെന്നും ആയിരക്കണക്കിന് കുഞ്ഞുങ്ങളെ കൺമുന്നിൽ കൊന്നു കളഞ്ഞ ഇസ്രയേലി ഭീകരതയ്ക്ക് എതിരെയാണെന്നും മഹേഷ് വ്യക്തമാക്കി. ഫലസ്തീനൊപ്പം വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുമെന്നും പറഞ്ഞു.
CR Mahesh MLA supports Palestine
Adjust Story Font
16