ഫലസ്തീനൊപ്പം നിൽക്കുക എന്നത് മാത്രമാണ് ശരി; അതുകൊണ്ടുതന്നെ ഫലസ്തീനുവേണ്ടി പോരാടുന്ന ഹമാസിനോടൊപ്പം: സി.ആർ മഹേഷ്
യു.എൻ പ്രമേയങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് വീണ്ടും വീണ്ടും ആക്രമിക്കുകയും കുഞ്ഞുങ്ങളെപ്പോലും കൊല്ലുകയും ദേവാലയങ്ങൾ പോലും ആക്രമിക്കുകയും ചെയ്യുന്നവരെ അത് അനുഭവിക്കുന്നവൻ ചുംബിച്ച് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നവർ വിഡ്ഢികളാണെന്നും മഹേഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കൊല്ലം: ഫലസ്തീനൊപ്പവും അതിനുവേണ്ടി പോരാടുന്ന ഹമാസിനൊപ്പവും നിൽക്കുന്നത് മാത്രമാണ് ശരിയെന്ന് സി.ആർ മഹേഷ് എം.എൽ.എ. കുറ്റകൃത്യങ്ങളെയും തെറ്റുകളെയും മനുഷ്യക്കുരുതിയെയുമൊക്കെ നമുക്ക് അപലപിക്കാം. പക്ഷേ അതിന്റെ കളങ്കം പോരാളികളായ ഹമാസുകാരുടെ മേൽ ചുമത്തി കഴിഞ്ഞ 75 വർഷമായി ഒരു ജനതയുടെ അടിസ്ഥാനപരമായ ജീവിതത്തെ പോലും കൊന്നു തള്ളുന്ന എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മുഖത്തേക്ക് നോക്കി കാർക്കിച്ച് തുപ്പുന്ന ഇസ്രയേലിനോടുള്ള ഒരു മയപ്പെടുത്തലും ആകരുതെന്ന് മഹേഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
യഥാർഥത്തിൽ 75 വർഷക്കാലമായി 140ലേറെ പ്രമേയങ്ങൾ ഐക്യരാഷ്ട്രസഭ പാസാക്കിയിട്ടും അതിനൊന്നിനു പോലും പുല്ലുവിലകൽപ്പിക്കാതെ വീണ്ടും വീണ്ടും ഓരോ ദിവസവും ആക്രമിക്കുകയും കുഞ്ഞുങ്ങളെ പോലും കൊല്ലുകയും പവിത്രമായ ദേവാലയങ്ങളിൽ പോലും കടന്നു കയറി ആക്രമങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവരെ അത് അനുഭവിക്കുന്നവൻ ചുംബിച്ച് സ്വീകരിക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുവെങ്കിൽ അവർ വിഡ്ഢികളാണ്. എന്നായാലും മരണപ്പെടുമെന്ന് ഉറപ്പുള്ളവൻ, ദിനേന ശത്രുവിന്റെ കൈകൾകൊണ്ട് ഉറ്റവരും ഉടയവരും മരിക്കുന്നത് കാണുന്നവർ, അവന്റെ മേൽ മര്യാദയുടെ നിയമങ്ങൾ ആരും പുലമ്പരുത്. അങ്ങനെ പുലമ്പുന്നവർ യഥാർത്ഥത്തിൽ ഈ ഇസ്രയേലി ക്രൂരതയെ പിന്തുണയ്ക്കുന്നവരാണെന്നും മഹേഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഫലസ്തീനോടൊപ്പം നിൽക്കുക എന്നത് മാത്രമാണ് ശരി. അതുകൊണ്ടുതന്നെ ഫലസ്തീന് വേണ്ടി പോരാടുന്ന ഹമാസിനോടൊപ്പവും.
കുറ്റകൃത്യങ്ങളെയും തെറ്റുകളെയും മനുഷ്യക്കുരുതിയെയുമൊക്കെ നമുക്ക് അപലപിക്കാം. പക്ഷേ അതിന്റെ കളങ്കം പോരാളികളായ ഹമാസുകാരുടെ മേൽ ചുമത്തി കഴിഞ്ഞ 75 വർഷമായി ഒരു ജനതയുടെ അടിസ്ഥാനപരമായ ജീവിതത്തെ പോലും കൊന്നു തള്ളുന്ന എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മുഖത്തേക്ക് നോക്കി കാർക്കിച്ച് തുപ്പുന്ന ഇസ്രയേലിനോടുള്ള ഒരു മയപ്പെടുത്തലും ആകരുത്.
മകളെ പീഡിപ്പിച്ചു കൊന്ന പ്രതിയെ വെടിവെച്ചു കൊല്ലുന്ന പിതാക്കന്മാരെ നമ്മൾ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാറുണ്ട് , അതുതന്നെ വേണം എന്നു പറയാറുണ്ട്. അത് പറയുന്നത് ആ പ്രവർത്തിയോടുള്ള യോജിപ്പിനെക്കാൾകൂടുതൽ ഒരു കുറ്റവാളിയെ ശിക്ഷിക്കാൻ കഴിയാത്ത നിയമവ്യവസ്ഥയോടുള്ള പ്രതിഷേധം കൂടിയാണ്.
യഥാർത്ഥത്തിൽ 75 വർഷക്കാലമായി 140ലേറെ പ്രമേയങ്ങൾ ഐക്യരാഷ്ട്രസഭ പാസാക്കിയിട്ടും അതിനൊന്നിനു പോലും പുല്ലുവിലകൽപ്പിക്കാതെ വീണ്ടും വീണ്ടും ഓരോ ദിവസവും ആക്രമിക്കുകയും കുഞ്ഞുങ്ങളെ പോലും കൊല്ലുകയും പവിത്രമായ ദേവാലയങ്ങളിൽ പോലും കടന്നു കയറി ആക്രമങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവരെ അത് അനുഭവിക്കുന്നവൻ ചുംബിച്ച് സ്വീകരിക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുവെങ്കിൽ അവർ വിഡ്ഢികളാണ്. എന്നായാലും മരണപ്പെടുമെന്ന് ഉറപ്പുള്ളവൻ, ദിനേന ശത്രുവിന്റെ കൈകൾകൊണ്ട് ഉറ്റവരും ഉടയവരും മരിക്കുന്നത് കാണുന്നവർ, അവന്റെ മേൽ മര്യാദയുടെ നിയമങ്ങൾ ആരും പുലമ്പാൻ നിൽക്കരുത്. അങ്ങനെ പുലമ്പുന്നവർ യഥാർത്ഥത്തിൽ ഈ ഇസ്രയേലി ക്രൂരതയെ പിന്തുണയ്ക്കുന്നവരാണ്.
40 കുഞ്ഞുങ്ങളെ തലയറുത്ത് കൊന്നെന്ന വ്യാജ വാർത്തയോടോപ്പം അല്ലാ...ആയിരക്കണക്കിന് കുഞ്ഞുങ്ങളെ കൺമുന്നിൽ നേർക്കുനേരെ കൊന്നു കളഞ്ഞ ഇസ്രയേലി ഭീകരതയ്ക്ക് എതിരെയാണ്..ഫലസ്തീനൊപ്പം - വിട്ടുവീഴ്ചയില്ലാതെ ...
Adjust Story Font
16