യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ കോട്ടയത്ത് ഗ്രൂപ്പ് സമവാക്യങ്ങളിൽ വിള്ളൽ; കരുത്ത് കാട്ടി തിരുവഞ്ചൂർ പക്ഷം
ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥനയ്ക്കായി ഗ്രൂപ്പ് തിരിഞ്ഞ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും എത്തിയതും ഭിന്നത പ്രകടമാക്കി
കോട്ടയം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ കോട്ടയത്ത് ഗ്രൂപ്പ് സമവാക്യങ്ങളിൽ വിള്ളൽ. 'എ' ഗ്രൂപ്പിൽ നിന്ന് അകന്ന തിരുവഞ്ചൂർ പക്ഷത്തിന് ജില്ലയിൽ സർവാധിപത്യം
ജില്ലാ പ്രസിഡന്റ് സ്ഥാനം ഉൾപ്പെടെ തിരുവഞ്ചൂർ ഗ്രൂപ്പ് പിടിച്ചു. ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥനയ്ക്കായി ഗ്രൂപ്പ് തിരിഞ്ഞ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും എത്തിയതും ഭിന്നത പ്രകടമാക്കി.
ഉമ്മൻചാണ്ടിക്ക് ഒപ്പം 'എ'ഗ്രൂപ്പിനെ പിടിച്ചു നിർത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.സി ജോസഫും തമ്മിൽ അകന്നതാണ് കോട്ടയത്ത് 'എ' ഗ്രൂപ്പിൻ്റെ പിളർപ്പിനു കാരണം. ജില്ലാ പ്രസിഡൻ്റ്, ആറ് നിയോജക മണ്ഡലം പ്രസിഡൻ്റ് സ്ഥാനങ്ങൾ അടക്കം തിരുവഞ്ചൂർ ഗ്രൂപ്പ് നേടി. ശശി തരൂരിന് കോട്ടയത്ത് വേദി ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഡി.സി.സി നേതൃത്വവും യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വവും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയും തിരുവഞ്ചൂർ വിഭാഗത്തിന് കരുത്തായി.
തിരുവഞ്ചൂർ ഗ്രൂപ്പ് പുതുപള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തി പ്രാർത്ഥന നടത്തി. ചാണ്ടി ഉമ്മൻ അടക്കം തിരുവഞ്ചൂർ നയിക്കുന്ന ഗ്രൂപ്പിനെ പിന്തുണയ്ക്കുന്നു. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിൽ, നിയുക്ത പ്രസിഡൻ്റ് രാഹുൽ മാങ്കുട്ടം എന്നിവർ പുതുപ്പള്ളിയിൽ എത്തിയപ്പോൾ തിരുവഞ്ചുർ വിഭാഗം വിട്ടു നിന്നു.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ചങ്ങനാശേരി നിയോജക മണ്ഡലം പ്രസിഡൻ്റ് സ്ഥാനം മാത്രമാണ് 'എ' ഗ്രൂപ്പിന് കിട്ടിയത്. 'ഐ' ഗ്രൂപ്പിന് രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനവും ലഭിച്ചു. ഉമ്മൻ ചാണ്ടിയുടെ മരണശേഷം കോൺഗ്രസിലെ കരുത്തരായിരുന്ന 'എ' ഗ്രൂപ്പിൻ്റെ തകർച്ച വ്യക്തമാക്കുന്നതാണ് കോട്ടയത്തെ പുതിയ രാഷ്ട്രീയ നീക്കങ്ങൾ.
Adjust Story Font
16