കോഴക്കേസ്; അഡ്വ. സൈബി ജോസിന്റെ ഓഫീസില്‍ ക്രൈം ബ്രാഞ്ച് റെയ്‌ഡ്
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സൈബിക്ക് ഉടന്‍ നോട്ടീസ് നൽകും
ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയെന്ന കേസിൽ അഡ്വ. സൈബി ജോസിന്റെ ഓഫീസില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്. ലാപ്ടോപ്പ് അടക്കമുള്ള വസ്തുക്കള്‍ പിടിച്ചെടുത്തു. ക്രൈം ബ്രാഞ്ച് എസ്പി സുദര്‍ശന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സൈബിക്ക് ഉടന്‍ നോട്ടീസ് നൽകും. കേസിൽ നിർണായകമായ വിവരങ്ങൾ ലാപ്ടോപ്പ് വിശദമായി പരിശോധിക്കുന്നതിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ.
കേസിൽ നേരത്തെ നിർമ്മാതാവിനെയും ഭാര്യയെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച കൊച്ചിയിൽ ആയിരുന്നു ചോദ്യം ചെയ്യൽ. ജഡ്ജിക്ക് നൽകാൻ സൈബി നിർമാതാവിൽ നിന്ന് സെബി പണം കൈപ്പറ്റിയെന്നായിരുന്നു കേസ്.
കേസിലെ ജാമ്യ നടപടികളിൽ അനുകൂല വിധിക്കായി ഹൈക്കോടതി ജഡ്ജിക്ക് നൽകാനെന്ന വ്യാജേന സൈബി നിർമ്മാതാവിൽ നിന്ന് പണം വാങ്ങിയെന്നാണ് കേസ്. ഈ കേസിലെ പ്രധാന കണ്ണിയാണ് സിനിമാ നിർമ്മാതാവ്. അതേസമയം പണം വാങ്ങിയത് ഫീസിനത്തിലാണെന്നാണ് സൈബിയുടെ വിശദീകരണം.
തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. സൈബി ജോസ് ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം ഹരജി ഫയല്‍ ചെയ്തിരുന്നു. ഒരുവിഭാഗം അഭിഭാഷകരുടെ വ്യക്തിവൈരാഗ്യമാണ് കേസിന് പിന്നിലെന്നാണ് സൈബിയുടെ അഭിഭാഷകൻ വാദിച്ചത്. അതേസമയം കേസിനു പിന്നിൽ ഗൂഢാലോചനയുണ്ടെങ്കിൽ അതും പുറത്തുവരട്ടെയെന്ന് സിംഗിൾബെഞ്ച് പറഞ്ഞു.
Adjust Story Font
16