നഗരസഭയിലെ കത്ത് വിവാദം; ആനാവൂർ നാഗപ്പന്റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്
ക്രൈംബ്രാഞ്ചിന് മൊഴി നൽകിയെന്ന മീഡിയവണ്‍ വാർത്ത ആനാവൂർ നാഗപ്പൻ സ്ഥിരീകരിച്ചു
തിരുവനന്തപുരം: മേയറുടെ കത്ത് വിവാദത്തിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ മൊഴിയെടുത്തു. ബുധനാഴ്ച രാത്രി എട്ടു മണിയോടെ മെഡിക്കൽ കോളേജ് ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിൽ എത്തിയാണ് അന്വേഷണസംഘം മൊഴിയെടുത്തത്. കത്ത് താൻ കണ്ടിട്ടില്ലെന്നും നഗരസഭയിലെ ഒഴിവുകൾ സംബന്ധിച്ച് പാർട്ടിക്ക് കത്ത് ലഭിക്കാറില്ലെന്നുമാണ് ആനാവൂര്‍ മൊഴി നല്‍കിയത്. വ്യാഴാഴ്ച മൊഴിയെടുപ്പുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തോട് അന്വേഷണ സംഘം സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു ആനാവുരിന്റെ മറുപടി.
അതേസമയം ക്രൈംബ്രാഞ്ചിന് മൊഴി നൽകിയെന്ന മീഡിയവണ്‍ വാർത്ത ആനാവൂർ നാഗപ്പനും സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പാണ് മൊഴി നൽകിയത്. ബാക്കി കാര്യങ്ങൾ ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു. വ്യാജക്കത്താണെന്ന് മേയർ തന്നെ സ്ഥിരീകരിച്ചതാണ്. മാധ്യമങ്ങൾ എങ്ങനെ വ്യാഖ്യാനിക്കും എന്നറിയില്ല. പാർട്ടി അന്വേഷണ കമ്മീഷനെ ഉടൻ നിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആനാവൂരിനെ കൂടാതെ മേയര്‍ ആര്യാ രാജേന്ദ്രന്‍, രണ്ട് ജീവനക്കാര്‍ എന്നിവരുടെ മൊഴിയാണ് നിലവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.. പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി ആര്‍ അനിലിന്‍റെ മൊഴി കൂടി രേഖപ്പെടുത്താനുണ്ട്. അതിനുശേഷം രണ്ട് ദിവസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം. ഇതിനിടെ വിജിലന്‍സ് അന്വേഷണും ആരംഭിച്ചു. പരാതിക്കാരനായ കോണ്‍ഗ്രസ് മുന്‍ കൗൺസിലര്‍ ശ്രീകുമാറിന്‍റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. വിവാദത്തില്‍ മേയറെ സംരക്ഷിക്കാന്‍ തന്നെയാണ് പാര്‍ട്ടി തീരുമാനം. അന്വേഷണം അതിന്‍റെ വഴിക്ക് നടക്കട്ടേയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു.
അതേസമയം കത്തുവിവാദത്തിനിടെ സി.പി.എം ജില്ലാ നേതൃയോഗങ്ങൾക്കു ഇന്ന് തുടക്കമാവും. ഇന്ന് സെക്രട്ടേറിയറ്റും നാളെ ജില്ലാ കമ്മിറ്റിയും ചേരും. വിവാദം പാർട്ടി അന്വേഷിക്കുമെന്ന് കഴിഞ്ഞദിവസം ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നു. ധൃതി പിടിച്ച് നടപടിയിലേക്ക് പോകേണ്ട എന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ദിശ നോക്കി തീരുമാനമെടുക്കാമെന്നുമാണ് ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായ ധാരണ. അതിനാൽ ഇന്നും നാളെയും ചേരുന്ന നേതൃയോഗങ്ങളിൽ നടപടിയിലേക്ക് നീങ്ങാൻ സാധ്യതയില്ല. എന്നാൽ ചർച്ചയിൽ വിമർശനങ്ങൾ ഉയരാനിടയുണ്ട്. സംസ്ഥാനകമ്മിറ്റി യോഗത്തിന്റെ റിപ്പോർട്ടിങ്ങിനായാണ് ജില്ലാ നേതൃയോഗങ്ങൾ വിളിച്ചിരിക്കുന്നത്.
Adjust Story Font
16