മൊഴിയെടുപ്പ് പോലും പൂർത്തിയാക്കിയില്ല; ബാർ കോഴയിൽ റിപ്പോർട്ട് സമർപ്പിക്കാതെ ക്രൈംബ്രാഞ്ച്
കെട്ടിടം വാങ്ങാൻ പിരിവെടുത്തതിന്‍റെ രേഖകളും ക്രൈം ബ്രാഞ്ചിന് കണ്ടെത്താനായിട്ടില്ല
തിരുവനന്തപുരം: നിയമസഭ തുടങ്ങിയിട്ടും ബാർ കോഴ വിവാദത്തിൽ റിപ്പോർട്ട് സമർപ്പിക്കാതെ ക്രൈം ബ്രാഞ്ച്. ഉദ്യോഗസ്ഥരുടെ മൊഴിയെടുപ്പ് പൂർത്തിയാകാൻ സമയമെടുക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിശദീകരണം. കെട്ടിടം വാങ്ങാൻ പിരിവെടുത്തതിന്‍റെ രേഖകളും ക്രൈം ബ്രാഞ്ചിന് കണ്ടെത്താനായിട്ടില്ല.
പുതിയ ബാർ കോഴ വിവാദം അന്വേഷിച്ച് നിയമസഭ ആരംഭിക്കും മുൻപ് റിപ്പോർട്ട് സമർപ്പിക്കാനെത്തിയ ക്രൈം ബ്രാഞ്ച് സംഘമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. മദ്യനയവുമായി ബന്ധപ്പെട്ട മാറ്റത്തിന് പണപ്പരിവ് നൽകിയിട്ടില്ലെന്ന ബാറുടമകളുടെ മൊഴികൾ വന്നതോടെ ശബ്ദസന്ദേശം ചോർന്നതിലെ ഗൂഢാലോചന അന്വേഷിക്കാമെന്നായി ക്രൈംബ്രാഞ്ച്. എന്നാൽ ബാറുടമകളുടെ സംഘടനാ നേതാക്കളുടെ മൊഴിയെടുപ്പ് പോലും ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. പണപ്പിരിവ് പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിടം വാങ്ങാനെന്നാണ് ഇടുക്കി ജില്ലാ പ്രസിഡന്‍റും ശബ്ദസന്ദേശം ഗ്രൂപ്പിലിട്ടയാളുമായ അനിമോന്‍റെ മൊഴിമാറ്റം.
മൊഴി ഇങ്ങനെയാണെങ്കിലും സംശയം പിന്നെയും ബാക്കിയാണ്. പരോപകാരത്തിന് പണമെന്ന് എന്തിന് പറഞ്ഞുവെന്നാണ് ചോദ്യം. ഇതിന് സംഘടനാ പ്രസിഡന്‍റുമായുള്ള വ്യക്തിവിരോധമെന്നാണ് അനിമോന്‍റെ മറുപടി. ഈ മൊഴി സാധൂകരിക്കാനുള്ള തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടുമില്ല. ഓരോ ബാര്‍ ഉടമകളില്‍ നിന്നും കെട്ടിടത്തിന് പിരിവെടുത്തതിന്‍റെ രേഖകളൊന്നും ക്രൈം ബ്രാഞ്ചിന് കണ്ടെത്താനായിട്ടുമില്ല. പിരിവ് ബാങ്ക് വഴിയല്ലാത്തിനാൽ രേഖ കണ്ടെത്തുകയും എളുപ്പമല്ലെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ വിലയിരുത്തൽ. ഇതുവരെ പരിശോധിച്ച ഫോണ്‍വിളി വിശദാംശങ്ങളിൽ നിന്ന് അസ്വഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല.
മദ്യനയത്തിൽ ഉദ്യോഗസ്ഥ തലത്തിൽ പ്രാഥമിക ചർച്ചകള്‍ നടന്നിട്ടുണ്ട്. അതിനാൽ ഉദ്യോഗസ്ഥരുടേതുള്‍പ്പടെ മൊഴിയെല്ലാം പൂർത്തിയാക്കുമ്പോള്‍ സമയമെടുക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇതിനിടെയാണ് പ്രതിപക്ഷം വിഷയത്തിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുന്നത്.
Adjust Story Font
16