കൊഴിഞ്ഞാമ്പാറയിൽ സമാന്തര പാർട്ടി ഓഫീസിന് പിന്നാലെ സമാന്തര ഡിവൈഎഫ്‌ഐ യൂത്ത് സെന്ററും
ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി എസ്.സദ്ദാം ഹുസൈൻ, പ്രസിഡന്റ് കെ. മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് യൂത്ത് സെൻറർ പ്രവർത്തനമാരംഭിച്ചത്

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ സമാന്തര പാർട്ടി ഓഫീസിന് പിന്നാലെ സമാന്തര ഡിവൈഎഫ്‌ഐ യൂത്ത് സെന്ററും. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി എസ്.സദ്ദാം ഹുസൈൻ, പ്രസിഡന്റ് കെ. മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് യൂത്ത് സെൻറർ പ്രവർത്തനമാരംഭിച്ചത്. ഇവരെ ജില്ലാ നേതൃത്വം പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. തൊട്ടു പിന്നാലെയാണ് സമാന്തര യൂത്ത് സെൻറർ തുറന്നത്. ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നില്ല, സംഘടനയുടെ നിലപാടുകൾ നിൽക്കുന്നില്ല, സംഘടനാവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നു എന്ന പരാതികൾക്ക് മേലാണ് ഇവർക്കെതിരെ നടപടി സ്വീകരിക്കുന്നത്.
ദിവസങ്ങൾക്ക് മുമ്പ് കൊഴിഞ്ഞാമ്പാറയിലെ വിമതർക്കെതിരെ നടപടി എടുക്കാത്തതിൽ സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ വിമർശനമുയർന്നിരുന്നു. ചിറ്റൂർ ഏരിയാ സമ്മേളനത്തിലാണ് അംഗങ്ങൾ വിമർശനമുന്നയിച്ചത്. വിമതർക്കെതിരെ കടുത്ത നടപടി വേണമെന്നും സമ്മേളനത്തിൽ ആവശ്യം ഉയർന്നു.
കൊഴിഞ്ഞാമ്പാറയിലെ സിപിഎം വിമതർ ഔദ്യോഗിക നേതൃത്വത്തിനെതിരെ നടത്തിയ പ്രവർത്തനങ്ങൾ പാർട്ടിയെ പ്രതിരോധത്തിൽ ആക്കിയതായാണ് ചിറ്റൂർ ഏരിയാ സമ്മേളനത്തിലെ പ്രതിനിധികളുടെ വിലയിരുത്തൽ. വിഭാഗീയ പ്രവർത്തനങ്ങൾക്കെതിരെ ആദ്യഘട്ടത്തിൽ നടപടി എടുത്തിരുന്നെങ്കിൽ വിഷയം ഇത്ര വലുതാകില്ലായിരുന്നു എന്ന് ഏരിയ കമ്മിറ്റി അംഗങ്ങൾ പറയുന്നു. ഇവർക്കെതിരെ ഇനിയും നടപടി എടുക്കാത്തതിനാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെതിരെ വിമർശനം ഉയർന്നത്.
വാർത്ത കാണാം-
Adjust Story Font
16