'അപേക്ഷിച്ചവരുടെ കേസ് മാത്രമാണ് പിൻവലിച്ചതെന്ന ക്യാപ്‌സൂൾ വിമർശനം മറികടക്കാൻ'; സി.എ.എ കേസിൽ മുഖ്യമന്ത്രിയുടെ വാദത്തിനെതിരെ അഭിഭാഷകൻ
'കേസുകൾ പിൻവലിക്കുന്നത് സിആർപിസി 321 പ്രകാരം, പിണറായി വിജയൻ സംസാരിക്കുന്നത് വസ്തുതാ വിരുദ്ധമായി'
കോഴിക്കോട്: പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിൽ അപേക്ഷ നൽകിയവരുടെ കേസുകൾ മാത്രമാണ് പിൻവലിച്ചതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം വിമർശനം മറികടക്കാനുള്ള ശ്രമം മാത്രമാണെന്നും കേസുകൾ പിൻവലിക്കുന്നത് സിആർപിസി 321 പ്രകാരമാണെന്നും അഭിഭാഷകൻ. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നത് വസ്തുതാ വിരുദ്ധമായാണെന്നും അഭിഭാഷകനായ അമീൻ ഹസ്സൻ ഫേസ്ബുക്കിൽ കുറിച്ചു.
'പൗരത്വ സമര കേസുകൾ പിൻവലിക്കാൻ നയപരമായ തീരുമാനം എടുത്ത് സർക്കാർ പൊതു ഉത്തരവ് ഇറക്കുകയും അത് പ്രകാരം ആഭ്യന്തര വകുപ്പ് നടപടികൾ സ്വീകരിക്കുകയുമാണ് ചെയ്യുന്നത്. ഒരു അപേക്ഷയും ഇല്ലാതെ പിൻവലിക്കപെട്ട കേസുകൾ ഉണ്ട്. അപേക്ഷ നൽകിയവരുടെ കേസുകൾ മാത്രമാണ് പിൻവലിച്ചതെന്ന പുതിയ ക്യാപ്‌സൂൾ വിമർശനം മറികടക്കാനുള്ള ശ്രമം മാത്രമാണ്. മിക്കവാറും കേസുകൾ ആളുകൾ ഫൈൻ അടച്ചാണ് തീർക്കുന്നത്' കുറിപ്പിൽ പറഞ്ഞു.
സർക്കാർ നിർദേശം നൽകിയാലും പ്രോസിക്യൂട്ടർമാരാണ് കേസുകൾ പിൻവലിക്കാൻ അപേക്ഷ സമർപ്പിക്കുകയെന്നും കേസുകൾ പിൻവലിക്കാൻ ആളുകൾ നൽകുന്ന അപേക്ഷകളിൽ ആഭ്യന്തര വകുപ്പ് തീരുമാനമെടുത്തു നടപടിക്രമങ്ങൾ പാലിച്ചു പ്രോസിക്യൂഷൻ കേസുകൾ പിൻവലിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ട് നടന്ന പ്രകടനങ്ങളുടെ പേരിൽ ഏഴ് കേസുകളാണ് രജിസ്റ്റർ ചെയ്തതെന്നും സമരത്തിന് ആഹ്വാനം ചെയ്തതിന് മുപ്പതിൽപരം സാമൂഹ്യ പ്രവർത്തകരെ ആ ഏഴ് കേസിലും പ്രതി ചേർത്തുവെന്നും അമീൻ ഹസ്സൻ പറഞ്ഞു. കേസുകൾ റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ചപ്പോൾ അവ പിൻവലിക്കുമെന്ന് സർക്കാർ അറിയിച്ചുവെന്നും പ്രോസിക്യൂട്ടർമാർക്ക് ഇത് സംബന്ധമായി നിർദ്ദേശം നൽകിയിട്ടുണ്ടെന്ന ഉറപ്പിൽ ഹൈക്കോടതി കേസ് തീർപ്പാക്കിയെന്നും വ്യക്തമാക്കി. അവിടെയും ആരും അപേക്ഷ നൽകണമെന്ന് സർക്കാർ പറഞ്ഞിട്ടില്ലെന്നും എന്നാൽ കേസ് പിൻവലിക്കാനുള്ള ഒരു നിർദേശവും തങ്ങൾക്ക് ലഭിച്ചില്ലെന്നാണ് പ്രോസിക്യൂട്ടർമാർ പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസെടുത്തത് തന്നെ നിയമവിരുദ്ധമായിട്ടാണെന്നും ഇപ്പോൾ ഈ ന്യായം പറയുന്നത് എന്തിനാവുമെന്നും അദ്ദേഹം ചോദിച്ചു.
സി.എ.എ പ്രക്ഷോഭവുമായി ബന്ധപ്പെട്ട 835 കേസിൽ 629 കേസുകൾ ഇല്ലാതായെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പറഞ്ഞത്. അന്വേഷണത്തിലുള്ളത് ഒരു കേസ് മാത്രമാണ്. അപേക്ഷ നൽകാത്തതും ഗുരുതര സ്വഭാവമുള്ളതുമായ കേസുകളാണ് പിൻവലിക്കാതെയുള്ളത്. ബന്ധപ്പെട്ടവർ അപേക്ഷ നൽകുന്നമുറക്കാണ് കേസ് പിൻവലിക്കുന്നത്. കേസുകൾ പിൻവലിക്കാത്തത് ചിലർ പ്രചാരണമാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
'കേസുകൾ പിൻവലിക്കാത്തത് പ്രചരണ വിഷയമാക്കി ഉയർത്തുന്നുണ്ട്. കേസുകൾ പിൻവലിക്കുമെന്നുള്ളത് നേരത്തേയെടുത്ത നിലപാടാണ്. 835 കേസിൽ 629 കേസുകൾ ഇല്ലാതായി. അന്വേഷണത്തിലുള്ളത് ഒരു കേസ് മാത്രമാണ്. കേസ് പിൻവലിക്കാൻ ബന്ധപ്പെട്ടവർ അപേക്ഷ നൽകണം. അപേക്ഷ നൽകാത്തതും ഗുരുതര സ്വഭാവത്തിലുള്ളതുമായ കേസുകളാണ് പിൻവലിക്കാതെയുള്ളത്' മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16