'സർക്കാരിന് എന്തുമാകാം '; കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് നടത്തിയ എടപ്പാൾ മേൽപ്പാലത്തിന്റെ ഉദ്ഘാടനത്തിനെതിരെ വ്യാപക പ്രതിഷേധം
' ചരിത്രത്തിലാദ്യമായി കൊറോണക്ക് കാലുകുത്താൻ ഇടമില്ലാതെ പാലം നിർമിച്ച് അഭിമാനമായി സഖാവിന്റെ സർക്കാർ '
സംസ്ഥാനത്ത് ഒമിക്രോൺ ബാധ കണക്കിലെടുത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനിടെ മലപ്പുറം എടപ്പാൾ മേൽപ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകൾ ഒത്തുകൂടിയതിനെതിരെ വ്യാപക വിമർശനം. ഇന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ച പാലത്തിന്റെ ഉദ്ഘാടന ചടങ്ങിന് ആയിരക്കണക്കിന് ആൾക്കാരാണ് ഒത്തുകൂടിയത്.
ജനുവരി നാലിന് പുറത്തുവന്ന സർക്കാർ ഉത്തരവ് പ്രകാരം അടച്ചിട്ട ഹാളുകളിലെ പരിപാടിക്ക് പരമാവധി 75 പേരും തുറസായ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികൾക്ക് 150 പേരെയുമാണ് അനുവദിക്കുക. ഈ ഉത്തരവും ഒമിക്രോൺ ഭീതിയും നിലനിൽക്കെ തന്നെയാണ് രണ്ട് മന്ത്രിമാരടക്കം ജനപ്രതിനിധികൾ പങ്കെടുത്ത ഒരു സർക്കാർ പരിപാടി അരങ്ങേറിയത്.
നിരവധി പേരാണ് സംഭവത്തിൽ വിമർശനവുമായി രംഗത്ത് വന്നിട്ടുള്ളത്. വിദേശത്ത് നിന്ന് വരുന്നവർക്ക് ക്വാറന്റൈൻ അടക്കം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവം നടന്നത് എന്നത് പ്രവാസലോകത്ത് നിന്നടക്കം വലിയ വിമർശനത്തിന് വഴി വെച്ചിട്ടുണ്ട്.
' ചരിത്രത്തിലാദ്യമായി കൊറോണക്ക് കാലുകുത്താൻ ഇടമില്ലാതെ പാലം നിർമിച്ച് അഭിമാനമായി സഖാവിന്റെ സർക്കാർ' എന്നായിരുന്നു ഒരാൾ എഴുതിയത്.
' എല്ലാ നിയന്ത്രണങ്ങളും കടുപ്പിച്ച് കൊണ്ടിരിക്കുന്ന സമയത്ത് ആഘോഷം കണ്ടിലെന്ന് നടിക്കാതെ കേസെടുക്കാൻ അധികാരികൾ ശ്രദ്ധിക്കണം. പൊതുജനം കഴുതകളാണെന്ന് കരുതി മുന്നോട്ട് പോകുന്ന സർക്കാർ സംവിധാനങ്ങൾ'- മറ്റൊരാൾ എഴുതി.
' പ്രവാസികൾ നിർബന്ധമായും ഏഴു ദിവസം ക്വാറന്റൈൻ ഇരിക്കണം. അതിനുശേഷം ഏഴു ദിവസം സ്വയം നിരീക്ഷണവും. വേണം.'- നിരവധി പ്രവാസികളാണ് ഇത്തരത്തിൽ കമന്റുമായി രംഗത്ത് വന്നത്.
നാട്ടിലുള്ളവർക്ക് എന്തുമാകാം പ്രവാസികൾക്കാണ് നിയന്ത്രണമെന്നും ചിലർ രോഷം പ്രകടിപ്പിച്ചു.
ഉദ്ഘാടനത്തിന്റെ പോസ്റ്റുകൾ പങ്കുവച്ച ജനപ്രതിനിധികളുടെ പോസ്റ്റിന് താഴെയും നിരവധി പേരാണ് വിമർശന കമന്റുകളുമായി രംഗത്തെത്തിയത്.
സംഭവത്തിൽ ചടങ്ങിൽ പങ്കെടുത്ത മന്ത്രി മുഹമ്മദ് റിയാസടക്കം ആരും പ്രതികരണത്തിന് തയാറായിട്ടില്ല. മാത്രമല്ല ഉദ്ഘാടനത്തിന്റെ തത്സമയ ദൃശ്യങ്ങൾ നൽകിയെങ്കിലും ആൾക്കൂട്ടത്തിന്റെ ചിത്രങ്ങളൊന്നും റിയാസ് പങ്കുവെച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
നിരവധി ട്രോളുകളും വിഷയത്തിൽ വരുന്നുണ്ട്.
കുറ്റിപ്പുറം റോഡിൽ റൈഹാൻ കോർണറിൽ നിന്നാരംഭിച്ച് തൃശൂർ റോഡിൽ പഴയ എ.ഇ.ഒ ഓഫീസ് വരെയുള്ള 200 മീറ്ററോളം ദൂരത്തിലാണ് മേൽപ്പാലം നിർമിച്ചിരിക്കുന്നത്. നാല് റോഡുകൾ സംഗമിക്കുന്ന എടപ്പാൾ ജങ്ഷനിൽ രൂക്ഷമായ ഗതാഗതക്കുരുക്കിനുള്ള ശാശ്വത പരിഹാരമാണ് പാലം .
കിഫ്ബിയിൽ നിന്ന് 13.68 കോടി രൂപ ചെലവിട്ടാണ് പാലം പൂർത്തിയാക്കിയത്. പാർക്കിങ് സൗകര്യവും വശങ്ങളിൽ മൂന്നര മീറ്റർ സർവീസ് റോഡും ഓരോ മീറ്റർ വീതം ഫുട്പാത്തും ഉൾപ്പടെയാണ് പദ്ധതി. മന്ത്രി വി അബ്ദുറഹ്‌മാൻ, ഇ ടി മുഹമ്മദ് ബഷീർ എം പി, എംഎൽഎ കെ.ടി ജലീൽ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
Adjust Story Font
16