Quantcast

മന്ത്രിമാര്‍ വിളിച്ചാല്‍ ഫോണെടുക്കുന്നില്ല, പൊലീസില്‍ നിയന്ത്രണം വേണം: സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ സർക്കാരിന് രൂക്ഷ വിമർശനം

ഒന്നാം പിണറായി സര്‍ക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രകടനം പോരെന്നാണ് പൊതുവിലുണ്ടായ വികാരം

MediaOne Logo

Web Desk

  • Updated:

    2022-08-12 02:27:54.0

Published:

12 Aug 2022 12:50 AM GMT

മന്ത്രിമാര്‍ വിളിച്ചാല്‍ ഫോണെടുക്കുന്നില്ല, പൊലീസില്‍ നിയന്ത്രണം വേണം: സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ സർക്കാരിന് രൂക്ഷ വിമർശനം
X

സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ സര്‍ക്കാരിന് രൂക്ഷവിമര്‍ശനം. പൊലീസിലടക്കം വീഴ്ചയുണ്ടെന്നും മന്ത്രിമാര്‍ വിളിച്ചാല്‍ ഫോണെടുക്കുന്നില്ലെന്നും അംഗങ്ങൾ ചർച്ചയിൽ കുറ്റപ്പെടുത്തി. ഒന്നാം പിണറായി സര്‍ക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രകടനം പോരെന്നാണ് പൊതുവിലുണ്ടായ വികാരം. ഇന്ന് തിരുത്തല്‍ നടപടികളില്‍ തീരുമാനമുണ്ടായേക്കും.

നാല്‍പ്പതോളം അംഗങ്ങളാണ് സംസ്ഥാന സമിതിയില്‍ സര്‍ക്കാരിന്‍റെ ഒരു വര്‍ഷത്തെ പ്രകടനം വിലയിരുത്തി ചര്‍ച്ചയില്‍ പങ്കെടുത്തത്. പൊലീസിലടക്കം ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടെന്നാണ് വിമര്‍ശനം. ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്കെത്താന്‍ ഉദ്യോഗസ്ഥരുടെ സഹകരണം ഉറപ്പാക്കണം. ചില പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം ജനദ്രോഹപരമായി മാറുന്നു. പൊലീസില്‍ സര്‍ക്കാരിന് നിയന്ത്രണം വേണമെന്ന ആവശ്യമുയർന്നു.

മന്ത്രിമാർക്കും ഓഫീസിനുമെതിരെ ശക്തമായ വിമര്‍ശനമുണ്ടായി. ചില മന്ത്രിമാര്‍ വിളിച്ചാല്‍ ഫോണെടുക്കില്ല. പല തവണ വിളിച്ചാലും തിരിച്ചുവിളിക്കില്ലെന്നും കുറ്റപ്പെടുത്തലുണ്ടായി. ചില മന്ത്രിമാര്‍ക്ക് യാത്ര ചെയ്യാന്‍ മടിയാണ്. എല്ലാം ഓണ്‍ലൈനായി നടത്താമെന്നാണ് ഇത്തരക്കാരുടെ ചിന്ത. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രിമാര്‍ ജനങ്ങള്‍ക്കിടയിലായിരുന്നെന്നും ചിലര്‍ ചൂണ്ടിക്കാണിച്ചു.

മന്ത്രിമാര്‍ സ്വന്തമായി തീരുമാനമെടുക്കാതെ എല്ലാം മുഖ്യമന്ത്രിക്ക് വിടുകയാണ്. മന്ത്രിമാരുടെ പേരെടുത്ത് പറ‍ഞ്ഞില്ലെങ്കിലും തദ്ദേശം, ആരോഗ്യം, പൊതുമരാമത്ത്, ഗതാഗതം, വനം വകുപ്പുകളുടെ പ്രവര്‍ത്തനത്തിനെതിരെ വിമര്‍ശനമുയര്‍ന്നു. സമീപ കാലത്ത് സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ ബാധിച്ച വിവാദങ്ങള്‍ പലതും ഈ വകുപ്പുകളുമായി ബന്ധപ്പെട്ടാണ് ഉണ്ടായത്. ഇതെല്ലാം ജനങ്ങളുമായി ചേർന്ന് നിൽക്കുന്ന വകുപ്പുകളുമാണ്. ഈ വകുപ്പുകളുടെ പോരായ്മ സർക്കാരിനെ ബാധിക്കുന്നുവെന്നും വിമർശനമുയർന്നു. സംസ്ഥാന സമിതിയുടെ അവസാന ദിവസം ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മറുപടി പറയും.

രൂക്ഷമായ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന്‍റെ പ്രകടനം മെച്ചപ്പെടുത്താനുള്ള തിരുത്തല്‍ നടപടികളില്‍ തീരുമാനമെടുത്തേക്കും. മന്ത്രിസഭാ പുനസംഘടന വൈകാതെയുണ്ടാകുമെന്ന അഭ്യൂഹം രണ്ടു ദിവസമായി തലസ്ഥാനത്തുണ്ടെങ്കിലും പാര്‍ട്ടി നേതൃത്വം അക്കാര്യം തള്ളിക്കളയുന്നുണ്ട്. ഒരു വര്‍ഷം കൊണ്ട് മന്ത്രിമാരെ മാറ്റുന്നത് ശരിയല്ലെന്നാണ് കരുതുന്നതെങ്കിലും പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ പുറത്തുപോകേണ്ടിവരുമെന്ന സൂചനയാണ് സംസ്ഥാന സമിതിയിലെ രൂക്ഷ വിമര്‍ശനം നല്‍കുന്നത്.

TAGS :

Next Story