ലീഗ് പ്രവർത്തക സമിതിയിൽ രൂക്ഷ വിമർശനം; രാജി സന്നദ്ധത അറിയിച്ച് കുഞ്ഞാലിക്കുട്ടി
കെ.എസ് ഹംസ, കെ.എം ഷാജി, പി.കെ ബഷീർ എന്നിവരാണ് വിമർശനമുന്നയിച്ചത്.
കൊച്ചി: മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് രൂക്ഷ വിമർശനം. സംസ്ഥാന സെക്രട്ടറിമാരായ കെ.എസ് ഹംസ, കെ.എം ഷാജി, പി.കെ ബഷീർ എംഎൽഎ എന്നിവരാണ് വിമർശനമുന്നയിച്ചത്.
ചന്ദ്രികയുടെ ഫണ്ടിൽ സുതാര്യത വേണമെന്ന് പി.കെ ബഷീർ എംഎൽഎ ആവശ്യപ്പെട്ടു. സമുദായത്തിന്റെ പണമാണ് ഉപയോഗിക്കുന്നതെന്ന് ഓർമ വേണമെന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്രികക്ക് വേണ്ടി പല പിരിവുകളും നടക്കുന്നുണ്ടെങ്കിലും പണം ചന്ദ്രികയിലേക്ക് എത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഹദിയ ഫണ്ടിൽനിന്ന് പൂർണമായും ചന്ദ്രികക്ക് നൽകാനാകില്ലെന്നും ബഷീർ പറഞ്ഞു
സ്വർണക്കടത്ത് ഉൾപ്പെടെ സർക്കാർ പ്രതിരോധത്തിലായ വിഷയങ്ങളിൽ കുഞ്ഞാലിക്കുട്ടി കൃത്യമായ നിലപാട് പറയുന്നില്ലെന്നായിരുന്നു കെ.എം ഷാജിയുടെ വിമർശനം. മുസ്‌ലിം ന്യൂനപക്ഷ വിഷയങ്ങളെ പാർട്ടി പരിഗണിക്കുന്നില്ല. പെരുന്നാൾ അവധി തരാത്ത വിഷയം പാർട്ടി പരിഗണിച്ചില്ല. പാർട്ടിക്ക് ഫണ്ട് കളക്ഷനും ചന്ദ്രിക പ്രതിസന്ധിയുമാണ് പ്രധാനം. ചന്ദ്രികയിലെ കണക്ക് പുറത്തുനിന്നുള്ള ഏജൻസി വഴി ഓഡിറ്റ് ചെയ്യണം. സംസ്ഥാന ഭാരവാഹികൾക്ക് പോലും കണക്കറിയില്ലെന്നും ഷാജി പറഞ്ഞു.
കുഞ്ഞാലിക്കുട്ടി ഏത് മുന്നണിയിലാണെന്ന് അണികൾക്ക് സംശയമുണ്ടെന്ന് കെ.എസ് ഹംസ പറഞ്ഞു. കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ ഉപനേതാവിന്റെ കടമ നിർവഹിക്കുന്നില്ലെന്നും ഹംസ പറഞ്ഞു.
വിമർശനങ്ങളോട് ക്ഷുഭിതനായ പ്രതികരിച്ച കുഞ്ഞാലിക്കുട്ടി യോഗത്തിൽവെച്ച് തന്നെ രാജിക്ക് തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. ചന്ദ്രികയുടെ ചെയർമാൻ സ്ഥാനം സാദിഖലി തങ്ങൾ ഇപ്പോൾ ഏറ്റെടുക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചന്ദ്രികയുടെ സാമ്പത്തിക ബാധ്യത തീർത്താലേ തങ്ങൾ സ്ഥാനത്തേക്ക് വരികയുള്ളൂ. ബാധ്യത തീർക്കണമെങ്കിൽ 10 കോടിയെങ്കിലും വേണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയെ അനുകൂലിച്ചും അംഗങ്ങൾ രംഗത്തെത്തിയതോടെ സാദിഖലി തങ്ങൾ ഇടപെട്ട് തണുപ്പിക്കുകയായിരുന്നു. വിമർശനമാകാമെന്നും എന്നാൽ അതിരുവിടരുതെന്നും തങ്ങൾ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയെയും കെ.എസ് ഹംസയെയും യോഗത്തിൽ വെച്ച് തന്നെ ഹസ്തദാനം ചെയ്യിച്ചാണ് തങ്ങൾ യോഗം അവസാനിപ്പിച്ചത്.
Adjust Story Font
16